തിരുവനന്തപുരം: പ്രവാസി പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സംസ്ഥാന സർക്കാർ ഒരുക്കിയ വേദിയിലെത്തിയത് അതിസമ്പന്നരായ പ്രവാസി വ്യവസായികൾ മുതൽ സാധാരണ തൊഴിലാളികൾ വരെ. കലാ സാംസ്‌കാരിക രംഗങ്ങളിൽ ആഗോള പ്രശസ്തി നേടിയവരും സിനിമാതാരങ്ങളും വിദേശരാജ്യങ്ങളിലെ സാമൂഹികപ്രവർത്തകരുമൊക്കെ സദസ്സിൽ നിറഞ്ഞു. ലോക കേരള സഭയിൽ കയറി കൂടിയവരിൽ ഏറെയും പ്രാഞ്ചിയേട്ടന്മാരും നേതാക്കളുടെ അടുപ്പക്കാരുമാണെന്നും ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. ലോക കേരളസഭയുടെ ആദ്യ ദിവസം തന്നെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമെന്നു നേരത്തെ അധികൃതർ പ്രഖ്യാപിച്ചിരുന്നു സഭയെ സംബന്ധിച്ച ആശയക്കുഴപ്പം തീരാത്തതിനാൽ സത്യപ്രതിജ്ഞ ഒഴിവാക്കുകയായിരുന്നു.

ഭരണ-പ്രതിപക്ഷ നിര കൈകോർത്തു എന്നതായിരുന്നു ലോകകേരള സഭയുടെ മറ്റൊരു പ്രത്യേകത. സംസ്ഥാന മന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരിൽ വി എസ്. അച്യുതാനന്ദനും മുൻനിരയിലുണ്ടായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ അടക്കമുള്ള എംപി.മാരും എംഎ‍ൽഎ.മാരും സമ്മേളനത്തിനെത്തി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്, എം.എ. യൂസഫലി, രവിപിള്ള, സി.കെ. മേനോൻ, ആസാദ് മൂപ്പൻ, കെ.പി. മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവരും മുൻനിരയിൽത്തന്നെ ഉണ്ടായിരുന്നു.

കവി സച്ചിദാനന്ദൻ, നോവലിസ്റ്റ് െബന്യാമിൻ, െബന്യാമിന്റെ നായകൻ നജീബ്, അനിതാനായർ, ഗായിക കെ.എസ്. ചിത്ര, ചലച്ചിത്രതാരങ്ങളായ ശോഭന, രേവതി, ആശാശരത്, ഓസ്‌കർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടി, മാധ്യമപ്രവർത്തകരായ ടി.ജെ.എസ്. ജോർജ്, ശശികുമാർ തുടങ്ങിയവരും ലോക കേരളസഭയിൽ പങ്കെടുക്കുന്നുണ്ട്.

''സർ, അവസാന നിമിഷം വളരെ കഷ്ടപ്പെട്ടാണു ഞാൻ ഈ ലോക കേരള സഭയിൽ കയറിപ്പറ്റിയത്. അടുത്ത തവണയെങ്കിലും ആളുകളെ തിരഞ്ഞെടുക്കുമ്പോൾ ചില മാനദണ്ഡങ്ങളൊക്കെ പാലിക്കണം. ഇവിടെ വന്നിരിക്കാൻ അർഹരായ പലരും ഇപ്പോൾ പുറത്താണ്. ഞങ്ങളുടെ വാട്‌സാപ് ഗ്രൂപ്പുകളിൽ ഇതിന്റെ പേരിൽ തമ്മിലടി തുടങ്ങിക്കഴിഞ്ഞു. ലോക കേരള സഭ പ്രവാസികളെ ഒന്നിപ്പിക്കാനായിരിക്കണം. അല്ലാതെ ഭിന്നിപ്പിക്കാനാകരുത്'' വാഷിങ്ടണിൽ നിന്നെത്തിയ പ്രവാസിയാണു ലോക കേരള സഭയിലെ യൂറോപ്പ്-അമേരിക്കൻ പ്രതിനിധികളുടെ ചർച്ചയിൽ ആഞ്ഞടിച്ചത്. ചർച്ച നിയന്ത്രിച്ചിരുന്ന മന്ത്രിമാരായ തോമസ് ഐസകും വി എസ്. സുനിൽകുമാറും കേട്ടിരുന്നതല്ലാതെ മിണ്ടിയില്ല.

മുഖ്യ സെഷനിലും അഞ്ച് ഉപസെഷനുകളിലും നിറഞ്ഞു നിന്ന വിമർശനം ലോക കേരള സഭയിലേയ്ക്കു പ്രതിനിധികളെ തോന്നുംപടി തിരഞ്ഞെടുത്തെന്നായിരുന്നു. പല രാജ്യങ്ങളിലെയും പ്രമുഖർക്കു വേണ്ട പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പകരം രാഷ്ട്രീയ സ്വാധീനമുള്ളവർ കയറിപ്പറ്റുകയും ചെയ്തു. പല മേഖലകളിൽ നിന്നുമുള്ളവർക്കു വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് എഴുത്തുകാരൻ ബന്യാമിനും പ്രസംഗത്തിൽ കുറ്റപ്പെടുത്തി. നാട്ടിൽ നിക്ഷേപം നടത്താനെത്തുന്നവരൊക്കെ ജീവനും കൊണ്ടു രക്ഷപ്പെടേണ്ട അവസ്ഥ ഇപ്പോഴുമുണ്ടെന്നായിരുന്നു യുഎസിൽ നിന്നെത്തിയ വർക്കി ഏബ്രഹാമിന്റെ പരാതി. കേരളത്തിൽ വ്യവസായം തുടങ്ങാനായി 40 ഏക്കർ ഭൂമി വാങ്ങിയ ദുരനുഭവം അദ്ദേഹം പറഞ്ഞു.

''മഞ്ഞുകാലത്തു ഷൂസിനുള്ളിൽ വെള്ളം കയറാതിരിക്കാനുള്ള ഒരു ആവരണമുണ്ട്. യുഎസിൽ അതിന്റെ മൊത്ത വിതരണക്കാരൻ ഞാനാണ്. ഇവിടെ അതേ സാധനം ഉൽപാദിപ്പിക്കാനായി പാലക്കാട്ട് ഭൂമി വാങ്ങി. മൂന്നു വർഷം സർക്കാരിന്റെ പിന്നാലെ നടന്നു. ഒടുവിൽ മടുത്തിട്ടു കടലാസുകൾ കീറിയെറിഞ്ഞു ഡൽഹിയിൽ പോയി ഇതേ ബിസിനസ് ആരംഭിച്ചു. നന്നായി നടക്കുന്നു.''

പ്രവാസികളുടെ പൂർണ വിവരം സർക്കാരിന്റെ കൈയിലില്ലെന്നായിരുന്നു ഒട്ടേറെ പേരുടെ പരാതി. ഇവിടെ ഓഖി ചുഴലിക്കാറ്റ് അടിച്ചതു പോലെ യുഎസിൽ കൊടുങ്കാറ്റു വന്നപ്പോൾ എത്ര മലയാളികൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലും കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടിൽ ഫ്‌ളാറ്റും ഭൂമിയും വാങ്ങിയവരിൽ 80% പേരും തട്ടിപ്പിനിരയാകുന്നുവെന്നും അതിനാൽ ഈ രംഗത്തു നിക്ഷേപം നടത്താൻ പലരും മടിക്കുകയാണെന്നും അലക്‌സ് വിളനിലം പറഞ്ഞു. ആധാർ കാർഡിനു പകരം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉപയോഗിക്കാമോ എന്നായിരുന്നു ഒരാളുടെ സംശയം. പറ്റില്ലെന്നു റവന്യു അഡിഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ മറുപടി നൽകി.

കേട്ടിരുന്ന ഏവരെയും അമ്പരപ്പിച്ച ഒരു കമന്റ് വന്നത് ഒരു പ്രവാസി വനിതയിൽ നിന്നാണ്. അതിങ്ങനെ: ''മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ യുവാക്കളിൽ നല്ലൊരു പങ്കും മദ്യത്തിനും ലഹരിമരുന്നിനും അടിമകളാണ്. അതാണ് അവിടെ രാഷ്ട്രീയ സംഘർഷങ്ങൾ പതിവായത്'. ജർമനിയിൽ നഴ്‌സിങ്, ഐടി മേഖലയിൽ വൻ തൊഴിലവസരങ്ങളാണെന്ന് അവിടെ നിന്നെത്തിയ പ്രതിനിധി പറഞ്ഞു. നമ്മുടെ ബിഎസ്സി നഴ്‌സിങ് അവിടെ അംഗീകരിക്കുന്നുണ്ട്. ഭാഷ മാത്രമാണു പ്രശ്‌നം. നന്നായി ഭാഷ പഠിച്ചാൽ നല്ല ശമ്പളത്തിൽ ജോലി ലഭിക്കും. രേഖകളില്ലാതെ താമസിക്കുന്ന ഒട്ടേറെ മലയാളികൾ ദുരിതത്തിലാണെന്ന് ഇറ്റലിയിൽ നിന്നെത്തിയ അനിത പറഞ്ഞു.

ലോക കേരളസഭയുടെ ആദ്യ ദിവസം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമെന്നു നേരത്തെ അധികൃതർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിയമ, സാങ്കേതിക കാരണങ്ങളാൽ അതുണ്ടായില്ല. ലോക കേരള സഭയിൽ പാർലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും ഉണ്ട്. ഇവർ ഒരിക്കൽ സത്യപ്രതിജ്ഞ ചെയ്തു പാർലമെന്റിലും നിയമസഭയിലും അംഗങ്ങളായവരാണ്. ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതു നിയമവിരുദ്ധമാണെന്നും സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകുമെന്നും എംപിമാരായ എൻ.കെ.പ്രേമചന്ദ്രനും ശശി തരൂരും സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ശ്രദ്ധയിൽപെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്കു കത്തു നൽകി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായി സ്പീക്കർ കൂടിയാലോചിച്ച ശേഷം അംഗങ്ങളുടെ സത്യപ്രതിജ്ഞ വേണ്ടെന്നു വയ്ക്കുകയായിരുന്നു.