തിരുവനന്തപുരം: പ്രളയത്തിൽ എല്ലാം തകർന്ന കേരളത്തിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനും നവകേരളം സൃഷ്ടിക്കാനും സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളും സ്‌കൂളുകൾ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകി. സ്‌കൂൾ കുട്ടികൾ ഒന്നടങ്കം അണി നിരന്നപ്പോൾ സംസ്ഥാനത്തെ സ്‌കൂളുകൾ എല്ലാം കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 12.80 കോടി രൂപ.

രണ്ടു ദിവസമായി ഒന്നുമുതൽ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളിൽ നിന്നു ശേഖരിച്ച തുക 'സമ്പൂർണ' പോർട്ടലിൽ 12ന് വൈകിട്ട് ആറു വരെ രേഖപ്പെടുത്തിയ കണക്കാണിത്. ആകെ 12862 സ്‌കൂളുകളാണു തുക സംഭാവന ചെയ്തത്. അതേസമയം പല സ്‌കൂളുകളും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ തുക ഇനിയും കൂടും. ഏറ്റവും കൂടുതൽ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് മലപ്പുറം ജില്ലയാണ്.

ആകെ ശേഖരിച്ച 12.80 കോടിയിൽ 2.10 കോടിയും നൽകിയത് മലപ്പുറം ജില്ലയാണ്. വൻ തുക തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഇവിടുത്തെ കുട്ടികൾ വീണ്ടും ഹീറോകളായിരിക്കുകയാണ്. രണ്ട് കോടി രൂപ നൽകി കോഴിക്കോടാണ് ഏറ്റവും കൂടുതൽ തുക നൽകിയ രണ്ടാമത്തെ ജില്ല. 1.58 കോടി നൽകിയ കണ്ണൂർ ജില്ലയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും കൂടുതൽ പണം സംഭാവന ചെയ്ത് മൂന്നാം സ്ഥാനത്തെത്തിയത്.

ഇതിൽ എൽ.പി മുതൽ ഹൈസ്‌കൂൾ വരെയുള്ള 10,945 സ്‌കൂളുകളും 1705 ഹയർ സെക്കൻഡറി/വിഎച്ച്എസ്എസ്, 212 സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളുകളും പങ്കാളികളായി. ഇതിൽ പങ്കാളികളായ മുഴുവൻ വിദ്യാർത്ഥികളേയും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു. ഏറ്റവും കൂടുതൽ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച സ്‌കൂൾ നടക്കാവ് ഗവ. ഗേൾസ് സ്‌കൂളാണ്. 10.05 ലക്ഷം രൂപയാണ് കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വിഎച്ച്എസ്എസ് സ്‌കൂൾ സംഭാവന ചെയ്തത്.

ജില്ലാതല കണക്ക്: തിരുവനന്തപുരം: 9494959, കൊല്ലം: 9052481, പത്തനംതിട്ട: 3874185, ആലപ്പുഴ: 4361235, കോട്ടയം: 5868308, ഇടുക്കി: 2433250, എറണാകുളം: 6472499, തൃശൂർ: 9672738, പാലക്കാട്: 8581065, മലപ്പുറം: 21024588, കോഴിക്കോട്: 20768956, വയനാട്: 3027620, കണ്ണൂർ: 15844145, കാസർകോട്: 7585210.

പ്രളയം തകർത്ത കേരളത്തെ രക്ഷിക്കാൻ പലവിധത്തിലുള്ള ധനസമാഹരണം ഇനിയും നടന്നു കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് തന്നെയാണ് ഇത്രയധികം പണം നൽകാൻ സ്‌കൂൾ കുട്ടികൾ കാണിച്ച മനസ്. അതേസമയം പല സ്‌കൂളുകളും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ തുക ഇനിയും കൂടുമെന്ന കാര്യത്തിലും സംശയമില്ല. നവകേരള നിർമ്മിതിക്കായി പണം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇനിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാവുന്നതാണ്.