- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു; കോളജുകൾ ഏഴിനും സ്‌കൂളുകളിൽ നിർത്തിവച്ചിരിക്കുന്ന ക്ലാസുകൾ 14നും തുറക്കും; പള്ളികളിൽ ഞായറാഴ്ച ആരാധനയ്ക്ക് അനുമതി; വിദേശത്തു നിന്ന് എത്തുന്നവരുടെ ക്വാറന്റൈൻ ഒഴിവാക്കുന്നു; കോവിഡ് വ്യാപനം കുറയുന്നുവെന്ന് വിലയിരുത്തി ഇളവുകൾക്ക് നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ നൽകാൻ അവലോകന യോഗത്തിൽ തീരുമാനം. കോളജുകൾ ഏഴിനും സ്‌കൂളുകളിൽ നിർത്തിവച്ചിരിക്കുന്ന ക്ലാസുകൾ 14നും തുറക്കും. ഞായറാഴ്ച ലോക്ക്ഡൗൺ സമാനമായ നിയന്ത്രണം തുടരും. എന്നാൽ ആരാധനയ്ക്ക് അനുമതി നൽകാൻ യോഗം തീരുമാനിച്ചു. ഇരുപതു പേരെയാണ് അനുവദിക്കുക. ആറ്റുകാൽ പൊങ്കാല വീടുകളിൽ നടത്താൻ നിർദേശിക്കും. ക്ഷേത്ര പരിസരത്ത് ഇരുന്നൂറു പേരെ മാത്രമേ അനുവദിക്കൂ.
കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തിൽ കൊല്ലം ജില്ല മാത്രമാണുള്ളത്. എ കാറ്റഗറിയിൽ മലപ്പുറം കോഴിക്കോട് ജില്ലകൾ. കാസർക്കോട് ഒഴികെയുള്ള മറ്റു ജില്ലകൾ ബി കാറ്റഗറിയിലാണ്. അതേസമയം സംസ്ഥാനത്ത് വിദേശത്തു നിന്ന് എത്തുന്നവരുടെ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാനും അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറയുന്നെന്നു വിലയിരുത്തി നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ യോഗം തീരുമാനിച്ചു.
കേരളത്തിലും മിസോറാമിലും കോവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടുന്നതിൽ കേന്ദ്ര സർക്കാർ ആശങ്ക അറിയിച്ചിരുന്നു. കേരളത്തിലെ ടിപിആർ മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്രം പറയുന്നു. കണ്ടെയ്ന്മെന്റ് സോണുകളിൽ നിയന്ത്രണം കർശനമാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നത്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളാ മോഡലിനെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചിരുന്നു. കോവിഡ് മരണം കൂട്ടിച്ചേർത്തതിലാണ് കേന്ദ്രത്തിന്റെ വിമർശനം. ഒക്ടോബർ മുതൽ ഇതുവരെ 24,730 രേഖപ്പെടുത്താത്ത മരണങ്ങളാണ് കൂട്ടിച്ചേർത്തത്. മരണം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് വീഴ്ചയുണ്ടായെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കോവിഡ് കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും ഇടിവ് രേഖപ്പെടുത്തുന്നതായും ലവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ 297 ജില്ലകളിൽ കോവിഡ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികമാണ്. ജനുവരി 26 ന് 406 ജില്ലകളിലായിരുന്നു പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികം ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച 169 ജില്ലകളിലായിരുന്നു 5 മുതൽ 10 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്നത്. ഈ ആഴ്ച ഇത് 145 ജില്ലകളായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ