- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ക്ഡൗൺകാലത്തെ മുഷിച്ചിൽ മാറ്റാൻ കണ്ടെത്തിയ വേറിട്ട മാർഗം; സ്വന്തമായി തയ്യാറാക്കിയ കോവിഡ് പ്രതിജ്ഞ ഉപയോഗിച്ചത് ജീവൻനൽകിയത് രാജ്യത്തിന്റെ ദേശീയ നായകന്മാർക്ക്; ഒടുവിൽ ഇന്ത്യൻ ബുക് ഓഫ് റെക്കോർഡിന്റെ അംഗീകാരവും
കൊല്ലം: ഈ കോവിഡ് കാലത്ത് ഒരു വർഷത്തിലേറെയായി വീടുകളിൽ തളച്ചിട്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. ഓൺലൈൻ ക്ലാസും മറ്റുമായി പലരും വീട്ടിൽ ഇരുന്നു മുഷിയുമ്പോൾ വ്യത്യസ്തമായ രീതിയിലൂടെ സമൂഹത്തിന് സന്ദേശം പകരുകയാണ് ഭവീന എന്ന പിജി ചരിത്ര വിദ്യാർത്ഥിനി. ഇപ്പോൾ ഭവീനയുടെ പ്രയത്‌നത്തിന് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡിന്റെ അംഗീകാരം കൂടി തേടിവന്നിരിക്കുകയാണ്.
കോവിഡ് സാഹചര്യത്തിൽ സ്വന്തമായി തയാറാക്കിയ കോവിഡ് പ്രതിജ്ഞ ഉപയോഗിച്ച് സ്വാതന്ത്ര്യ സമര സേനാനികളായ മഹാത്മാഗാന്ധി, ഭഗത് സിങ്, ജവഹർലാൽ നെഹ്റു, സുഭാഷ്ചന്ദ്ര ബോസ്, ചന്ദ്രശേഖർ ആസാദ്, സരോജിനി നായിഡു, റാണി ലക്ഷ്മി ഭായ്, സർദാർ വല്ലഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, മംഗൾ പാണ്ഡെ തുടങ്ങിയവരുടെ ടൈപ്പോഗ്രഫിക് പോർട്രയ്റ്റ് തയാറാക്കുകയായിരുന്നു ഭവീന. ഈ ചിത്രങ്ങൾക്കാണ് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ് സ്വന്തമായത്.
ചിത്രങ്ങളിൽ ഇംഗ്ലീഷ് ഭാഷയിലാണ് ഭവീന പ്രതിജ്ഞ എഴുതിയിരിക്കുന്നത്. റീജണൽ ഭാഷ ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ് സ്വീകരിക്കില്ല എന്നതാണ് കാരണം. മലയാളത്തിലുള്ള പ്രതിജ്ഞ ഇങ്ങനെയാണ്;
ഞാൻ ഭവീന. കോവിഡ് 19 ന്റെ വ്യാപനം തടയാൻ പതിവായി മാസ്‌ക് ധരിക്കുമെന്നും സാമൂഹിക അകലം പാലിക്കുമെന്നും കൈകൾ അണുവിമുക്തമാക്കുമെന്നും, വൈറസ് പടരുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. കോവിഡ് 19 ന്റെ വ്യാപനം തടയാൻ ഞാൻ ഓരോ പൗരനെയും ആഹ്വാനം ചെയ്യുന്നു.
കൊല്ലം ചവറ സ്വദേശിനിയാണ് 25 വയസ്സുകാരിയായ ഭവീന. പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ എംഎ പൂർത്തിയാക്കിയ ഭവീന ഇപ്പോൾ പിജി ഹിസ്റ്ററി വിദ്യാർത്ഥിനിയുമാണ്.
വിമുക്തഭടനായ ഭവീന്ദ്ര രത്‌നൻ ആണ് അച്ഛൻ. അമ്മ മോളി ഭവീന്ദ്രൻ മുൻ പഞ്ചായത്ത് അംഗമാണ്. സഹോദരൻ മോഹിത് ബി രത്‌നം.
മറുനാടന് മലയാളി ബ്യൂറോ