- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസിന് ഉപയോഗിക്കാതിരുന്ന ഉപകരണങ്ങൾ തുരുമ്പെടുക്കില്ല; കേരളത്തിനു സാഫ് ഗെയിംസ് അനുവദിച്ച് ഒളിമ്പിക് അസോസിയേഷൻ; ആഹ്ലാദം മറച്ചുവയ്ക്കാതെ സർക്കാർ
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ആരവങ്ങളടങ്ങും മുന്നെ, കേരളം വീണ്ടും കായിക മാമാങ്കത്തിന് അരങ്ങൊരുക്കുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഗെയിംസായ സാഫ് ഗെയിംസ് കേരളത്തിൽ നടത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചതോടെയാണിത്. ദേശീയ ഗെയിംസിന്റെ മികവുറ്റ രീതിയിലുള്ള സംഘാടനമാണ് കേരളത്തിന് സാഫ് വേദി അനുവദിക്കാൻ കാരണം. സംസ്ഥാന സർക
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ആരവങ്ങളടങ്ങും മുന്നെ, കേരളം വീണ്ടും കായിക മാമാങ്കത്തിന് അരങ്ങൊരുക്കുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഗെയിംസായ സാഫ് ഗെയിംസ് കേരളത്തിൽ നടത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചതോടെയാണിത്. ദേശീയ ഗെയിംസിന്റെ മികവുറ്റ രീതിയിലുള്ള സംഘാടനമാണ് കേരളത്തിന് സാഫ് വേദി അനുവദിക്കാൻ കാരണം. സംസ്ഥാന സർക്കാരിനും ഇത് ആഹ്ലാദം പകരുന്ന കാര്യമാണ്. ദേശീയ ഗെയിംസിനായി അവസാന നിമിഷം വാങ്ങിക്കൂട്ടുകയും എന്നാൽ, ഉപയോഗിക്കാൻ സാധിക്കാതിരിക്കുകയും ചെയ്ത കായികോപകരണങ്ങൾ തുരുമ്പെടുക്കില്ലെന്ന് ഇതോടെ ഉറപ്പായി.
ഡൽഹിയിൽ ഇന്നലെ ചേർന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ യോഗത്തിലാണ് സാഫ് ഗെയിംസ് കേരളത്തിന് അനുവദിച്ചുകൊണ്ട് തീരുമാനമെടുത്തത്. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കേരളം ഇന്ത്യയുടെ കായിക ഭൂപടത്തിൽ ശക്തമായ സാന്നിധ്യമായി മാറുന്നതിന്റെ മറ്റൊരു ചുവടുവെയ്‌പ്പുകൂടിയാണിത്. അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റും ഫുട്‌ബോളും കേരളത്തിൽ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ ഗെയിംസിന് കേരളം വേദിയൊരുക്കുന്നത്. തിരുവനന്തപുരമാകും ഗെയിംസിന്റെ വേദി.
ഇക്കൊല്ലം നവംബർ, ഡിസംബർ മാസങ്ങളിലായിരിക്കും ഗെയിംസ് നടക്കുക. 2 കായിക ഇനങ്ങളിലായി 12 ദിവസമാണ് ഗെയിംസ്. 70 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടുവർഷത്തിലൊരിക്കലാണ് സാഫ് ഗെയിംസ് നടക്കുന്നത്. ഇത്തവണത്തേത് 12-ാമത് ഗെയിംസാണ്. 2010-ൽ ധാക്കയിലായിരുന്നു കഴിഞ്ഞ ഗെയിംസ്. അന്നാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. എന്നാൽ കോമൺവെൽത്ത് അഴിമതിയടക്കമുള്ള കാര്യങ്ങൾ വന്നതോടെ ഇതു നീണ്ടു പോവുകയായിരുന്നു.
35-ാമത് ദേശീയ ഗെയിംസിന്റെ സംഘാടനമാണ് കാര്യമായ വെല്ലുവിളിയില്ലാതെ സാഫ് ഗെയിംസ് കേരളത്തിന് നേടിക്കൊടുത്തത്. ദേശീയ ഗെയിംസിന്റെ സംഘാടനത്തിൽ കേരളം ഏറെ പ്രശംസ നേടിയെടുത്തിരുന്നു. എന്നാൽ, ഗെയിംസ് തുടങ്ങുന്നതുവരെ അഴിമതിക്കഥകളായിരുന്നു ഉയർന്നു കേട്ടിരുന്നത്. ഉപകരണങ്ങൾ ഓർഡർ ചെയ്യാൻ വൈകിയതും എത്തിയ ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധിക്കാതിരുന്നതുമൊക്കെ വിമർശന വിധേയമായിരുന്നു. ഈ പരാതികളൊക്കെ പരിഹരിക്കാനുള്ള അവസരം കൂടിയാണ് സാഫ് ഗെയിംസ്. സാഫ് ഗെയിംസ് ഏറ്റെടുക്കാനുള്ള പൂർണ സന്നദ്ധത തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളെ അറിയിച്ചതും വിമർശനങ്ങൾക്ക് അതീതമായി ഗെയിംസ് സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലി ദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് സാഫ് ഗെയിംസ്. തിരുവനന്തപുരത്താകും ഗെയിംസ് നടക്കുക. പുതിയതായി നിർമ്മിച്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാകും പ്രധാന വേദി.