തിരുവനന്തപുരം: ആത്മീയതയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവരുടെ കാലം അവസാനിക്കുന്നു. 'ധന ആകർഷക യന്ത്ര' ഉൽപ്പാദകർ, മാന്ത്രിക ഏലസ്, ചാത്തൻ സേവ ,ചുടല, വെള്ളി മൂങ്ങ, ഇരുതല മൂരി, ഇറിഡിയം, സ്വർണ്ണച്ചേന തുടങ്ങി മുഴുവൻ ആത്മീയ തട്ടിപ്പ് സംഘങ്ങൾക്കും തടയിടാനുള്ള നിയമം അണിയറയിൽ ഒരുങ്ങുകയാണ്.

പ്രാർത്ഥനയിലൂടെ രോഗം മാറുമെന്ന് വിശ്വസിപ്പിക്കുക, ദൈവത്തെ പ്രീതിപ്പെടുത്തി ധനം ആർജ്ജിക്കാമെന്ന് വിശ്വസിപ്പിക്കുക, പിശാചുബാധ ആരോപിച്ച് പീഡിപ്പിക്കുക, പിശാചു ബാധ ഒഴിപ്പിക്കൽ, പുനർ ജന്മമാണെന്ന് അവകാശപ്പെടുക, ദുരാത്മാവ് മൂലമാണ് രോഗമെന്ന് പറഞ്ഞ് ചികിത്സിക്കാതിരിക്കുക, മന്ത്രവാദം, നരബലി, അമാനുഷിക ശക്തിയുണ്ടെന്ന് പ്രചരിപ്പിക്കുക, നരബലിക്ക് ഒത്താശ ചെയ്യുക, ഭിന്നശേഷിയുള്ള ആളിന് അമാനുഷിക ശക്തിയുണ്ടെന്ന് പ്രചരിപ്പിച്ച് ധനം സമ്പാധിക്കുക എന്നിവയും ഈ നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാവും. ഇതോടെ ആത്മീയ തട്ടിപ്പ് കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് കുറയുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. ഇത്തരം തട്ടിപ്പുകളിൽ സ്ത്രീകൾ നിരന്തര പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് നിയമ നിർമ്മാണം. മഹാരാഷ്ട്രീയത്തിൽ നിലവിലുള്ള അന്ധവിശ്വാസ വിരുദ്ധ നിയമത്തെ ചുവടു പിടിച്ചാണ് നീക്കം.

പന്ത്രണ്ട് കുറ്റകൃത്യങ്ങളാണ് മഹാരാഷ്ട്രയിലെ നിയമത്തിലുള്ളതെങ്കിൽ ഇരുപതിലേറെ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയാകും കേരളത്തിലെ നിയമം എന്നാണ് വിവരം. ഐ. പി. സി, സി. ആർ. പി. സി നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമ നിർമ്മാണം. ഈ വകുപ്പുകൾ പ്രകാരം അറസ്റ്റിലാകുന്നവർക്ക് ജാമ്യം ലഭിക്കില്ല . അയ്യായിരം മുതൽ അൻപതിനായിരം രൂപ വരെ പിഴയും ആറ് മാസം മുതൽ ഏഴ് വർഷം തടവും അന്ധവിശ്വാസ വിരുദ്ധ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഈ ബിൽ കേരള നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് തീരുമാനം. പ്രതിപക്ഷവും ഈ ബില്ലിനെ പൂർണ്ണമായും അനുകൂലിക്കാനാണ് സാധ്യത.

2008ൽ സന്തോഷ് മാധവൻ അറസ്റ്റിലായതോടെ കേരളത്തിലെ മുഴുവൻ ആൾദൈവങ്ങളും പ്രവർത്തനം കുറച്ചിരുന്നു. എന്നാൽ പ്രാകൃതമായ രീതിയിൽ നടന്ന പ്രാർത്ഥനയ്ക്കും മന്ത്രവാദത്തിനുമിടെയുണ്ടായ അണുബാധയും കാരണം കഴിഞ്ഞ വർഷം പത്തനംതിട്ടയിൽ പതിനെട്ടുകാരിയുടെ മരിച്ചിരുന്നു. റാന്നി സെന്റ് തോമസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ വടശേരിക്കര കുമ്പളത്താമൺ കലശക്കുഴിയിൽ പ്രസന്നകുമാറിന്റെ (സുകു) മകൾ ആതിരയാണ് മന്ത്രവാദത്തിനിടെ മരിച്ചത്. ഇതോടെയാണ് വീണ്ടും ആത്മീയ തട്ടിപ്പ് സംഘങ്ങൾ കേരളത്തിൽ സജീവമാകുന്നുവെന്ന് വ്യക്തമായത്. സംഭവവുമായി ആതിരയുടെ അച്ഛൻ കുമ്പളത്താമൺ കലശക്കുഴിയിൽ പ്രസന്ന കുമാറിനെ(48)യും ഇയാളുടെ സഹോദരൻ വത്സലന്റെ സഹോദരീ ഭർത്താവ് അയിരൂർ കുറ്റിക്കാട്ടുതുണ്ടിയിൽ വിക്രമനെയും (47) പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ വീണ്ടും ചർച്ചകൾ സജീവമായി. ഇതിന്റെ ചുവട് പിടിച്ചാണ് നിയമനിർമ്മാണം.

ഇപ്പോൾ 'സമൃദ്ധി ബ്രാൻഡ്' ആത്മീയ കൂട്ടങ്ങൾ നാട്ടിൽ അന്ധവിശ്വാസ പ്രചരണം നടത്തി തടിച്ച് കൊഴുക്കുകയാണ്. കൊട്ടാരക്കയിൽ പാസ്റ്റർ ബിനോയ് രശ്മിയുടെ മരണത്തോടെ ഫയർവിങ്‌സ് അടക്കമുള്ള സംഘടനകളും വിമർശന വിധേയമായി. കാനഡയിലെ പാസ്റ്റർ ബെന്നി ഹിൻ, കൊറിയൻ പാസ്റ്റർ ഡേവിഡ് യോംഗി ചോ എന്നീവരുടെ 'ആത്മീയ കച്ചവടം' മോശമല്ല എന്ന് കണ്ടാണ് ചിലർ കേരളത്തിലും അത്ഭുതരോഗശാന്തി 'കടകൾ' തുറന്നത്. പണ്ട് ചന്ദ്രസ്വാമി കുമ്പിട്ടു നിൽക്കുന്ന രാഷ്ട്രീയക്കാരുടെ തലയിൽ ചവുട്ടി 'അനുഗ്രഹിച്ച'തുപോലെ വിശ്വാസികളെ തറയിൽ തള്ളി ബോധശൂന്യരാക്കുക,ഊതി നിലത്ത് വീഴ്‌ത്തുക, തുണികൊണ്ട് അടിച്ചു വീഴ്‌ത്തുക എന്നിവയായിരുന്നു ഇവർക്ക് കയ്യടി നേടിക്കൊടുത്ത പ്രധാന 'നമ്പറു'കൾ. ഇവർക്കും തടയിടുകയാണ് നിയമ നിർമ്മാണത്തിന്റെ ലക്ഷ്യം.

അന്ധത, ബധിരത, കാൻസർ, എയിഡ്‌സ് തുടങ്ങിയവ മരുന്നു കൂടാതെ സുഖപ്പെടുത്തിയെന്ന ഹിന്നിന്റെ അവകാശവാദം ലോസ് ഏഞ്ചൽസ് ടൈംസ്, എൻ. ബി. സി, അടക്കം മാദ്ധ്യമസ്ഥാപനങ്ങൾ അന്വേഷണത്തിലൂടെ പൊളിച്ചടുക്കിയിരുന്നു. ഇയാൾ ലൈംഗിക അപവാദത്തിൽ കുടുങ്ങിയതും, ഹാർട്ട് അറ്റാക്കിനെത്തുടർന്ന് 'ഞാൻ ഇപ്പം ശവമാകും' എന്ന മട്ടിൽ ആശുപത്രിയിൽ അഭയം തേടിയതും വാർത്തയായിരുന്നു. 79 കാരനായ ചോയുടെ കാര്യമെടുത്താൽ ടാക്‌സ് വെട്ടിപ്പുകേസിൽ കൊറിയൻ കോടതി 3 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച ഇയാൾ ജാമ്യത്തിലാണ്. ഇത്തരം തട്ടിപ്പുകൾ കേരളത്തിൽ ആവർത്തിക്കുന്നതായി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. സ്തീകൾക്കെതിരായ ചൂഷണത്തിനെതിരെ വനിതാ കമ്മീഷനും രംഗത്ത് വന്നു. ഇതോടെയാണ് മഹാരാഷ്ട്ര മോഡൽ നിയമനിർമ്മാണത്തിന്റെ സാധ്യത ആഭ്യന്തര വകുപ്പ് തേടിയത്.

കേരളത്തിലെ അത്ഭുത രോഗശാന്തിക്കാരിൽ 'പ്രമുഖ'നാണ് സജിത്ത് ജോസഫ്. 'യേശുവേ, യേശുവേ. ..സുഗതന്റെ കെട്ടഴിച്ചു' എന്ന കുപ്രസിദ്ധ യൂട്യൂബ് വീഡിയോയാണ് ഇയാളുടെ 'സിദ്ധി' പുറം ലോകത്തെ അറിയിച്ചത്. ഭൂതത്തെ ആവാഹിക്കുന്നതു മുതൽ ഒരു സ്ത്രീയുടെ കണ്ണിന് കാഴ്‌ച്ച നൽകുന്നതു വരെയുള്ള വീരശൂര പരാക്രമങ്ങൾ വർണ്ണിക്കുന്ന നിരവധി വീഡിയോകൾ ഇയാൾ നവമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം പ്രചരണങ്ങൾ തടയാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകും.