തിരുവനന്തപുരം: വിദേശരാജ്യത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വിവിധ മരുന്നു കമ്പനികൾ നിർമ്മിച്ചുനൽകുന്ന മരുന്നുകളിൽനിന്ന് കേരള ജനതയെ രക്ഷിക്കാൻ എൽഡിഎഫ് സർക്കാർ ആലോചിക്കുന്നു. കേരളത്തിൽ സർക്കാരിനു കീഴിൽ മരുന്നുഗവേഷണം ആരംഭിക്കാനാണ് ആലോചന. അതിലൂടെ സ്വകാര്യ കമ്പനികളുടെ ചൂഷണവും ജീവൻരക്ഷാ മരുന്നുകളുടെ വിലക്കയറ്റവും നിയന്ത്രിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തിൽ വിശദമായ കർമ്മ പരിപാടി തയ്യാറാവുകയാണ്.

കഴിഞ്ഞ സർക്കാർ അനുവദിച്ച പുതിയ മെഡിക്കൽ കോളേജുകളുടെ ഉന്നമനം ആദ്യഘട്ടത്തിൽ നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ തയാറായേക്കില്ല. പകരം നിലവിലുള്ള മെഡിക്കൽ കോളേജുകളെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാരിന്റെ നീക്കം. സ്റ്റാഫ് പാറ്റേൺ പുതുക്കുക, അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുക, സൗകാര്യപ്രാക്ടീസ് കർശനമായി നിയന്ത്രിക്കുക തുടങ്ങിയവ ആരോഗ്യനയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ നടപ്പാക്കും.

രണ്ടാം ഘട്ടത്തിൽ സ്വന്തമായി മരുന്നുഗവേഷണം എന്ന ആശയം പ്രാവർത്തികമാക്കും. അതിനുവേണ്ടി ഡോക്ടർമാരെ ഗവേഷണരംഗത്തേക്ക് കൊണ്ടുവരാൻ സർക്കാർ ശ്രമിക്കും. കേരളത്തിന്റെ ജൈവസമ്പത്തും ആധുനിക വൈദ്യശാസ്ത്രവും സംയോജിപ്പിച്ചുകൊണ്ടുള്ള ഗവേഷണത്തിനാണ് സർക്കാർ രൂപം നൽകുന്നത്. അലോപ്പതി, ഹോമിയോപ്പതി എന്നീ മേഖലകൾക്കാണ് ഊന്നൽ. ആയുർവേദ മേഖലയിലെ മരുന്ന് നിർമ്മാണത്തിൽ കേരളം ഏറെക്കുറെ മുന്നിലാണ്. സർക്കാർ മേഖലയിലും ആയുർവേദ മരുന്നുനിർമ്മാണം നല്ല പുരോഗതിയിലാണ്.

സ്വകാര്യ കമ്പനികൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന മരുന്നുകൾ മലയാളികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു എന്നതിനാലാണ് 'സ്വന്തം മരുന്ന്' എന്ന ആശയം സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയിലേയും വിദേശത്തേയും പ്രഗത്ഭരായ ഗവേഷകരുടെ സഹായം തേടും. അതിനോടൊപ്പം കേരളത്തിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരേയും അണിനിരത്തും.

പുതിയ തലമുറയിൽനിന്നുള്ള ഡോക്ടർമാരെ ഈ രംഗത്തേക്ക് ആകർഷിക്കുക എന്നതാണ് സർക്കാർ ഈ രംഗത്ത് നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനായി വൈദ്യശാസ്ത്ര പഠനരംഗത്തെ സിലബസ് പരിഷ്‌കരണവും സർക്കാർ ലക്ഷ്യമിടുന്നു. ആതുരസേവനം വെറും പണസമ്പാദനത്തിനുള്ള മേഖലയല്ലെന്ന ബോധവൽക്കരണം പുതിയ തലമുറ ഡോക്ടർമാരിലും മെഡിക്കൽ വിദ്യാർത്ഥികളിലും വളർത്തിയെടുക്കാനാണ് സർക്കാരിന്റെ പരിശ്രമം.

അതേസമയം എൽഡിഎഫ് സർക്കാരിന്റെ പുതിയ നീക്കം മരുന്നുലോബികൾക്ക് തിരിച്ചടിയാകും. സ്വകാര്യാശുപത്രികളുടെ പ്രവർത്തനങ്ങളേയും ബാധിക്കും. സർക്കാർ കുറഞ്ഞ വിലയ്ക്ക് ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മരുന്നുകൾ പൊതുവിപണിയിൽ സുലഭമായാൽ സ്വകാര്യ ആശുപത്രികൾക്ക് രോഗികളെ കൊള്ളയടിക്കാനുള്ള അവസരം നഷ്ടമാകും.

കാൻസർ ഉൾപ്പെടെയുള്ള ജീവൻ രക്ഷാമരുന്നുകൾ നാലും അഞ്ചും ഇരട്ടി വില വർദ്ധിപ്പിച്ചാണ് മരുന്നുലോബികൾ ഇപ്പോൾ വിൽക്കുന്നത്. യുഡിഎഫിന്റെ ഭരണകാലം സ്വകാര്യ ആശുപരതികൾക്കും മരുന്നുലോബികൾക്കും ചാകരക്കൊയ്ത്ത് ആയിരുന്നു. അതിനു മറുപടിയെന്ന രീതിയിൽ കേരള ജനതയ്ക്ക് ആശ്വാസം പകരുന്ന നടപടികളുമായി മുന്നോട്ടുനീങ്ങുന്ന എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യരംഗത്തെ ഇടപെടലിനെ മാഫിയകൾ എങ്ങനെ പ്രതിരോധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.