- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഫ്രിക്കൻ വിദ്യാർത്ഥിയെ മലയാളത്തിൽ പഠിപ്പിക്കുന്ന താൽക്കാലികക്കാർ; ബയോ ടെക്നോളജിയെ നയിക്കുന്നത് ബോട്ടണിക്കാർ; നാക് അക്രഡിറ്റേഷൻ നഷ്ടമായാൽ നേരിടേണ്ടി വരിക പ്രതിസന്ധി; വിസിയുണ്ടെങ്കിലും കേരള സർവ്വകലാശാലയിൽ അദ്ധ്യാപകരുടെ വമ്പൻ കുറവ്; വിദ്യാഭ്യാസത്തിന്റെ രാജ്യാന്തര ഹബ്ബിൽ കേരളമെത്തുമോ?
തിരുവനന്തപുരം; വിസിയുണ്ടെങ്കിലും കേരള സർവകലാശാല വമ്പൻ പ്രതിസന്ധിയിൽ. പല വകുപ്പുകളിലും സ്ഥിരം അദ്ധ്യാപകർ കുറവാണെന്നതാണ് ഇതിന് കാരണം. സർവകലാശാലയുടെ നാക് അക്രഡിറ്റേഷനെ ഇത് ബാധിക്കും. കേരളത്തെ വിദ്യാഭ്യാസത്തിന്റെ രാജ്യാന്തര ഹബ് ആക്കി മാറ്റുമെന്നുള്ള സർക്കാർ പ്രഖ്യാപനത്തിനിടെ കേരള സർവ്വകലാശാലയിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാർത്തകളാണ്. മാറ്റങ്ങൾക്ക് അനുസരിച്ചു സിലബസ് പരിഷ്‌കരണവും നടക്കുന്നില്ല.
നാക് അക്രഡിറ്റേഷൻ ഇല്ലാത്ത കോളജുകൾക്ക് പുതിയ കോഴ്‌സുകൾ അനുവദിക്കാനാകില്ലെന്നതാണ് സർക്കാർ നിലപാടും. സർവകലാശാലകളുടെ രാജ്യാന്തര നിലവാരമാനദണ്ഡമായ നാക് അക്രഡിറ്റേഷൻ ലക്ഷ്യമാക്കിവേണം പ്രവർത്തനങ്ങൾ. ഇതിനായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ പുനഃസംഘടിപ്പിക്കണം. ഇതൊരുസ്ഥിരം സംവിധാനമായി തുടരണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും കേരള സർവ്വകലാശാലയിൽ നടക്കുന്നില്ലെന്നതാണ് സൂചന.
കേരളാ സർവ്വകലാശാലയുടെ ചില ഡിപ്പാർട്‌മെന്റുകളിൽ വിദേശ വിദ്യാർത്ഥികൾക്കു മുന്നിൽ മലയാളത്തിലാണു താൽക്കാലിക അദ്ധ്യാപകർ ക്ലാസ് എടുക്കുന്നതെന്നും പരാതികളുണ്ട്. കേരള സർവകലാശാലയിൽ സ്വാധീനമുള്ളവരുടെ താൽപര്യത്തിന് അനുസരിച്ചാണ് അദ്ധ്യാപക നിയമനം നടത്തുന്നതെന്ന് ആരോപണം ഉണ്ട്. ഇതു മൂലം ചില ഡിപ്പാർട്‌മെന്റുകളിൽ അദ്ധ്യാപകർ അധികമുള്ളപ്പോൾ മറ്റു ചിലയിടത്ത് ആവശ്യത്തിന് ഇല്ല. ജോലി നേടിയ ശേഷം അവധി എടുത്ത് പോകുന്ന അദ്ധ്യാപകരും പ്രതിസന്ധി കൂട്ടാറുണ്ട്.
ഒരു സ്ഥിരം അദ്ധ്യാപകൻ പോലും ഇല്ലാത്ത ഡിപ്പാർട്‌മെന്റുകളും കേരള സർവ്വകലാശാലയിൽ ഉണ്ട്. ബയോടെക്‌നോളജി ഡിപ്പാർട്‌മെന്റിൽ സ്ഥിരം അദ്ധ്യാപകർ ഇല്ല. ബോട്ടണി വകുപ്പിലെ അദ്ധ്യാപകനാണ് ഈ വകുപ്പിന്റെ ചുമതല. കാര്യവട്ടത്തെ ഒരു ഡിപ്പാർട്‌മെന്റിൽ പഠിക്കുന്ന ആഫ്രിക്കൻ വിദ്യാർത്ഥി, ഭാഷയുടെ പ്രശ്‌നം മൂലം വലയുകയാണ്. മലയാളത്തിൽ ക്ലാസ് എടുക്കുന്നതാണ് ഇതിന് കാരണം. ഈ വിദ്യാർത്ഥി മറ്റ് എവിടേക്കെങ്കിലും മാറാനുള്ള ശ്രമത്തിലാണ്.
താൽക്കാലിക അദ്ധ്യാപകരിൽ പലരും മലയാളത്തിൽ പഠിപ്പിക്കുന്നതായി വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരോടു പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായില്ല. ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നതിനാൽ അദ്ധ്യാപകർക്കെതിരെ പരാതിപ്പെടാൽ പണിയും കിട്ടും. മാർക്ക് പോകുമെന്ന് ഭയന്ന് ആരും പരാതി പറയുന്നില്ല. മാവേലിക്കരയിൽ സർവകലാശാല നേരിട്ടു നടത്തുന്ന കോളജ് ഓഫ് ഫൈൻ ആർട്‌സിൽ സ്ഥിരം ഡയറക്ടറോ അദ്ധ്യാപകരോ ഇല്ല. 2009 മുതൽ ഇതാണ് അവസ്ഥ.
സെന്റർ ഫോർ പെർഫോമിങ് ആർട്‌സിലും സ്ഥിരം അദ്ധ്യാപകരില്ല. അവിടെനിന്നു പിഎച്ച്ഡി എടുത്തവർ വരെ ഉണ്ടെങ്കിലും കരാർ നിയമനം തുടരുകയാണ്. ഇഷ്ടക്കാരെ നിയമിക്കാൻ വേണ്ടികൂടിയാണ് ഇത്.
മറുനാടന് മലയാളി ബ്യൂറോ