തിരുവനന്തപുരം: ദേശീയ സ്‌കൂൾ ഗെയിംസിന് വേദിയാകാൻ കേരളത്തിന് താൽപ്പര്യമില്ല. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായിരിക്കുന്നത്. ഇക്കാര്യം ദേശീയ സ്‌കൂൾ ഫെഡറേഷനെ കേരളം അറിയിക്കും.

ഇത്തവണ കായികമേള നടക്കേണ്ടിയിരുന്നത് മഹാരാഷ്ട്രയിലാണ്. എന്നാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ കായികമേളകൾ നടത്താനുള്ള മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിവാദമാവുകയായിരുന്നു. പിടി ഉഷയും ഷൈനി വിൽസണും അഞ്ജു ബോബി ജോർജുമാണ് ഇതിനെതിരെ പ്രതിഷേധിച്ച് രംഗത്ത് വന്നത്. കേരളത്തിൽ മീറ്റ് നടത്താമെന്നും ഇവർ പറഞ്ഞു. അതിനിടെയിൽ അഞ്ജു സ്പോർട്സ് കൗൺസിൽ അധ്യക്ഷയുമായി. ഇതോടെ ഗെയിംസ് കേരളത്തിന് അനുവദിക്കാമെന്ന് ദേശീയ ഫെഡറേഷൻ നിലപാട് എടുത്തു.

എന്നാൽ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കേണ്ടതില്ലെന്നാണ് കേരളത്തിന്റെ തീരുമാനം. വിശദ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. ദേശീയ സ്‌കൂൾ കായികമേള നടത്താൻ ഉദ്ദേശിക്കുന്ന സമയത്ത് സംസ്ഥാനത്ത് എസ്എസ്എൽസി ഉൾപ്പെടെയുള്ള പരീക്ഷകൾ നടക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും അധികം വൈകാതെ ആരംഭിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച് സ്‌കൂൾ ഗെയിംസ് ഏറ്റെടുക്കുന്നത് പ്രായോഗികമല്ല എന്ന് വിലയിരുത്തിയാണ് മന്ത്രിസഭയുടെ തീരുമാനം.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ കായികമേളകൾ നടത്തുന്നതിനെതിരെ കായിക മന്ത്രാലയം രംഗത്തെത്തിയതോടെ മഹാരാഷ്ട്ര ഗെയിംസ് നടത്തിപ്പിൽ നിന്ന് പിന്മാറിയിരുന്നു. കേരളം ഗെയിംസ് നടത്തുമെന്ന പ്രതീക്ഷയിലായാരുന്നു ഇതെല്ലാം. ഇതേതുടർന്ന് ഗെയിംസ് കേരളത്തിൽ നടത്താനുള്ള ചർച്ച ആരംഭിച്ചിരുന്നു. ഗെയിംസ് നടത്താൻ കേരളം സജ്ജമാണെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ് കായികമന്ത്രാലയത്തെ അറിയിച്ചിരുന്നു. മേള ഒരുക്കാൻ സർക്കാർ തയ്യാറാണെന്നും എന്നാൽ തീരുമാനമെടുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്നും കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വ്യക്തമാക്കി.

കായികമേള കേരളത്തിൽ നടത്താൻ തയ്യാറാണെന്ന് ദേശീയ സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ അധ്യക്ഷൻ സത്പാൽ സിങ് കത്തയച്ചതോടെ മേള കേരളത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാൽ വിദ്യാഭ്യാസ വകുപ്പ് ഈ നിർദ്ദേശത്തെ എതിർത്തു. ഏകപക്ഷീയമായി കായികതാരങ്ങൾ നീങ്ങിയാതണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.