പത്തനംതിട്ട: കേരളം ഭരിക്കുന്നത് ഇടതായാലും വലതായാലും അവർക്ക് വിരോധം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാത്രമാണ്. എന്നാൽ, സംസ്ഥാനം വൃത്തിയായി ഇരിക്കണമെന്നു കേരളം ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് സ്വച്ഛ് ഭാരത് എന്ന പദ്ധതിയുടെ ഫലം വിലയിരുത്തുമ്പോൾ ലഭിക്കുന്നത്.

പദ്ധതിയുടെ നടത്തിപ്പിൽ രാജ്യത്തു രണ്ടാം സ്ഥാനത്താണു കേരളം. പ്രധാനമന്ത്രിയുടെ പാർട്ടിയായ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പിന്തള്ളിയാണു കേരളം രണ്ടാമതെത്തിയത്. മോദിയുടെ സ്വന്തം നാടായ ഗുജറാത്തിനു പോലും പതിമൂന്നാം സ്ഥാനം മാത്രമാണുള്ളത്.

സ്വഛ് ഭാരത് വെബ്‌സൈറ്റിലൂടെ കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളെ ബഹുദൂരം പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തെത്തിയ വിവരം പ്രതിപാദിച്ചിട്ടുള്ളത്. കേരളത്തിൽ 96.33 ശതമാനം വീടുകളിലും ശൗചാലയങ്ങളുണ്ട്. എല്ലാ വീടുകൾക്കും കക്കൂസ് നിർമ്മിച്ചിട്ടുള്ള സിക്കിം ആണ് ഒന്നാം സ്ഥാനത്ത്.

ബിജെപി സർക്കാരുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഏറെയും ഗ്രാമീണമേഖലയിൽ അടിസ്ഥാനസൗകര്യം പോലുമില്ലെന്നാണ് കേന്ദ്ര കുടിവെള്ള-ശുചീകരണ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ബിജെപി ഭരിക്കുന്ന എട്ടു സംസ്ഥാനങ്ങളിൽ ഹരിയാന മാത്രമാണ് ഇക്കാര്യത്തിൽ ആദ്യ പത്തിലുള്ളത്. ബാക്കിയുള്ള ഏഴെണ്ണം ഏറെ പിന്നിലാണ്.

ബിജെപി ദീർഘകാലമായി ഭരിക്കുന്ന ഗുജറാത്ത്, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ സ്വഛ് ഭാരത് നടത്തിപ്പിൽ ഏറെ പിന്നിലാണ്. വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം പതിമൂന്നാം സ്ഥാനത്താണ് ഗുജറാത്ത്. ഇവിടെ 73.37 ശതമാനം വീടുകൾക്ക് മാത്രമാണ് കക്കൂസ് ഉള്ളത്. അഞ്ചു ജില്ലകളിൽ 41 ശതമാനത്തോളം വീടുകൾക്ക് മാത്രമേ കക്കൂസ് ഉള്ളൂ. കേരളത്തിൽ എല്ലാ ജില്ലകളിലും 90 ശതമാനം വീടുകൾക്കും കക്കൂസുള്ള സ്ഥാനത്താണിത്. പദ്ധതിയുടെ തുടക്കത്തിൽ തന്നെ 94.68 ശതമാനം വീടുകൾക്കും കക്കൂസ് ഉണ്ടായിരുന്നുവെന്ന പ്രത്യേകതയും കേരളത്തിനുണ്ട്.

ഇപ്പോൾ അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാർ നവംബർ ഒന്നിനകം മുഴുവൻ വീടുകളിലും പൊതുസ്ഥലത്തും ശൗചാലയങ്ങൾ നിർമ്മിച്ച് സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഝാർഖണ്ഡിലുമാണ് ഇപ്പോഴും അൻപതു ശതമാനത്തിലധികം വീടുകളിലും ശൗചാലയം ഇല്ലാത്തത്. മധ്യപ്രദേശിൽ 44.13 ശതമാനം പേർക്ക് മാത്രമാണ് പദ്ധതിയുടെ ഗുണം ഉണ്ടായത്. ഝാർഖണ്ഡിൽ 38.27 ശതമാനം കുടുംബങ്ങൾക്കേ കക്കൂസുള്ളൂ. ഛത്തീസ്‌ഗഡിലും പകുതിയോളം ഗ്രാമവാസികളും തുറസായ സ്ഥലങ്ങളിലാണു മലമൂത്ര വിസർജനം നടത്തുന്നത്. രാജസ്ഥാൻ -55.87, മഹാരാഷ്ര്ട -63.85, അസം -54.96 എന്നിങ്ങനെയാണ് ബിജെപി സർക്കാരുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ശതമാന കണക്ക്.

എല്ലാവർക്കും ശൗചാലയം എന്ന ലക്ഷ്യത്തോടെ ഒന്നാം യു.പി.എ സർക്കാർ കൊണ്ടുവന്ന പദ്ധതി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ സംസ്ഥാനം സിക്കിം ആണ്. നൂറു ശതമാനം പേർക്കും ശൗചാലയം നിർമ്മിച്ചു നൽകാൻ സിക്കിമിനായി. മൂന്നാം സ്ഥാനത്ത് ഹിമാചൽ പ്രദേശാണ്. 95.19 ശതമാനം കുടുംബങ്ങൾക്കും ഇവിടെ സ്വന്തമായി ശൗചാലയമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒഴിച്ചുള്ള എല്ലായിടങ്ങളിലും വികസന മുരടിപ്പാണെന്ന ആക്ഷേപം കേന്ദ്രസർക്കാർ അഴിച്ചുവിടുന്ന സാഹചര്യത്തിൽ പുറത്തുവന്ന കണക്കുകൾ അവരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇടതു-വലതു മുന്നണികൾ അറുപതു വർഷം കേരളം ഭരിച്ചു മുടിച്ചെന്ന ആരോപണം ഉന്നയിക്കുന്ന ബിജെപി സംസ്ഥാനഘടകത്തിനും ഈ കണക്കുകൾ കനത്ത പ്രഹരമാണ് നൽകുന്നത്.