ഹരിപ്പാട്: ഖരഗ്പൂർ ഐഐടി വിദ്യാർത്ഥിയായ മലയാളി യുവാവ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ ഹരിപ്പാട് ചാവടിയിൽനിധിയിൽ നിതിൻ എൻ(22) നെ കോളജിലെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

എയിറോസ്പേസ് എഞ്ചിനീയറിങ് അവസാന സെമസ്റ്റർ ബിടെക് വിദ്യാർത്ഥിയായ നിതിൻ ആണ് മരിച്ചത്. എസ്‌ബിഐ ഓച്ചിറ ബാങ്ക് മാനേജർ നാസറിന്റെയും കായംകുളം റെയിൽവെ സ്ഥലമെടുപ്പ് വിഭാഗം ഓഫീസ് ജീവനക്കാരി നദിയുടേയും മകനാണ് നിതിൻ. ഏക സഹോദരി തിരുവനന്തപുരം ഐഎസ്ആർഒയിൽ കോഴ്സിന് പഠിക്കുകയാണ്.

പഠിക്കാൻ മിടുക്കനായിരുന്ന നിതിൻ പരീക്ഷയിൽ ഒരു മാർക്ക് പോലും നഷ്ടപ്പെട്ടാൽ ഏറെ നിരാശനാകുന്ന കുട്ടിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. വെള്ളിയാഴ്ച അവസാന സെമസ്റ്റർ പരീക്ഷയുണ്ടായിരുന്നു നിതിന്. എന്നാൽ നിതിൻ പരീക്ഷ എഴുതാനെത്തിയില്ല. ഇതേ തുടർന്ന് സഹപാഠികൾ അന്വേഷിച്ചെത്തിയപ്പോൾ ഹോസ്റ്റൽ മുറി അടഞ്ഞു കിടക്കുകയായിരുന്നു. സംശയം തോന്നി മറ്റ് വിദ്യാർത്ഥികൾ അധികാരികളെ വിവരം ധരിപ്പിച്ചു.

ഇതിനിടെ മറ്റ് ചില വിദ്യാർത്ഥികൾ ജനാല ചില്ല് പൊട്ടിച്ച് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ നിതിനെ കാണുകയായിരുന്നു.വെള്ളിയാഴ്ച രാത്രി കോളജ് അധികൃതർ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പശ്ചിമ ബംഗാളിലേക്ക് തിരിച്ചിട്ടുണ്ട്.

പുലർച്ചെ രണ്ടുമണിയോടെ അലാം വച്ച് എഴുന്നേറ്റ് പഠിക്കുന്ന സ്വഭാവക്കാരനായിരുന്നു നിതിൻ. വെള്ളിയാഴ്ച രാത്രി അലാം നിർത്താതെ അടിച്ചതുകേട്ട് സംശയംതോന്നിയാണ് പരിശോധന നടന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിതിൻ തൂങ്ങിനിൽക്കുന്നത് കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു

. 'എന്നെ ഉറങ്ങാൻ അനുവദിക്കൂ' എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഒരുമാസത്തിനിടെ ഖരക്പൂർ ക്യാമ്പസിൽ നടക്കുന്ന രണ്ടാമത്തെ മരണമാണ് ഇത്. ഇതോടെ അധികൃതരുടെ പീഡനം ഉണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. അടുത്തിടെ മൂന്നാംവർഷ ഇലക്ട്രോണിക് എൻജിനീയറിങ് വിദ്യാർത്ഥി ക്യാമ്പസിനോട് ചേർന്നുള്ള റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.