തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയായ പ്രതി ചെന്നൈയിൽ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി ആദം അലിയാണ് പിടിയിലായത്. ചെന്നൈ ആർപിഎഫാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇയാളെ കേരളത്തിലേക്കെത്തിക്കാൻ പൊലീസ് സംഘം ചെന്നൈയിലേക്കു പോയി. ചെന്നൈ എക്പ്രസിൽ ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് ഇയാൾ തമ്പാനൂരിൽ നിന്ന് രക്ഷപ്പെട്ടത്.

പ്രതി വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിലെറിയുന്ന നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായിരിക്കുന്നത്.

ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകൾ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റിൽ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിർണ്ണായക സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്.

ഇന്നലെ വൈകിട്ട് 4.50ന് ആദം അലി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ സേനകൾക്കും വിവരം കൈമാറി. പ്രതിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. കൊലപാതകം നടത്തിയത് ആദം അലി ഒറ്റയ്ക്കാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒപ്പമുണ്ടായിരന്ന അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്തു. ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങൾ വച്ചാണ് അന്വേഷണം പുരോഗമിച്ചത്. രണ്ട് ദിവസം മുമ്പ് പബ് ജി ഗെയിമിൽ പരാജയപ്പെട്ടപ്പോൾ ആദം അലി ഫോൺ അടിച്ച് തകർത്തെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. സംഭവശേഷം ഉള്ളൂരിലെ കടയിലെത്തിയ ഇയാൾ സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു.

സിം എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുൻപ് ആദംഅലി സ്ഥലം വിട്ടെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ദേഷ്യം വന്നപ്പോൾ മനോരമയെ കൊന്നെന്നും നാടുവിടുകയാണെന്നും ആദംഅലി പറഞ്ഞെന്നും കസ്റ്റഡിയിലുള്ളവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കൊലപാതകത്തിൽ ഇവർക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരയെ (68) ആണ് കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മനോരമയുടെ ഭർത്താവ് ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഉച്ചയോടെ വീട്ടിൽനിന്ന് നിലവിളി കേട്ടതായി അയൽവാസികളാണ് ദിനരാജിനെ അറിയിച്ചത്.

അയൽവാസികൾ തിരച്ചിൽ നടത്തിയെങ്കിലും മനോരമയെ കണ്ടത്താനായില്ല. ദിനരാജിന്റെ പരാതിയിൽ ഇന്നലെ മൂന്നു മണിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രാത്രി 11.30ന് തൊട്ടടുത്തുള്ള വീട്ടിലെ കിണറിൽനിന്ന് മൃതദേഹം കിട്ടി.

അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ബംഗാൾ സ്വദേശിയായ ആദം അലി പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മനോരമയുടെ വീട്ടിൽനിന്നാണ് തൊഴിലാളികൾ സ്ഥിരമായി വെള്ളം എടുത്തിരുന്നത്. ദമ്പതിമാരുടെ നീക്കം കൃത്യമായി നിരീക്ഷിച്ചശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം.

അതിനിടെ വീട്ടിൽ നിന്ന് കാണാതായെന്ന് കരുതിയ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മനോരമയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.