- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ട മനോരമയുടെ വീട്ടിൽ നിന്നും പണം മോഷണം പോയിട്ടില്ല; നഷ്ടപ്പെട്ട പണം വീട്ടിനുള്ളിൽ നിന്നും കണ്ടെത്തി; മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന പൊലീസ് നിഗമനം തെറ്റുന്നു; കൊലപാതകിയെന്ന് സംശയിക്കുന്ന ആദം അലി മൊബൈൽ ഗെയിമിന് അടിമ; ഗെയിമിൽ തോറ്റ നിരാശയിൽ ഫോൺ നശിപ്പിക്കുന്നതും പതിവ്
തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്തുകൊല്ലപ്പെട്ട മനോരമയുടെ വീട്ടിൽ നിന്നും പണം നഷ്ടപെട്ടിട്ടില്ല. പ്രതി കവർന്നു എന്ന് കരുതിയ അറുപതിനായിരം രൂപ വീട്ടിൽ നിന്നു തന്നെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. ഇതോടെ പണത്തിനായി നടത്തിയ കൊലപാതകം എന്ന പൊലീസ് നിഗമനത്തിന് അടിസ്ഥനമില്ലാതെയായി. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ ആണ് ഞായറാഴ്ച വൈകിട്ട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് കല്ലിൽ കെട്ടിത്താഴ്‌ത്തിയ നിലയിൽ മനോരമയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകകേസിന്റെ പുതിയ വഴിതിരിവ് പൊലീസിന് തലവേദനയാവുകയാണ്. വീടിന്റെ പിൻഭാഗത്തുകൂടി അകത്തുകടന്ന പ്രതി കൃത്യം നടത്തിയ ശേഷം മൃതദേഹം വീടിന് അടുത്തുള്ള, വലിയ മതിലിനപ്പുറമുള്ള കിണറ്റിൽ കൊണ്ടിടുകയായിരുന്നുവെന്നാണ് പൊലീസ് കണക്കാക്കുന്നത്.
എന്നാൽ ഒരാൾക്ക് തനിച്ച് മൃതദേഹം പൊക്കി ആരും കാണാതെ എടുത്തുകൊണ്ടുപോയി കിണറ്റിൽ ഇടാൻ കഴിയുമോ എന്ന സംശയം ഉയരുന്നുണ്ട്. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന ബംഗാൾ സ്വദേശിയായ ആദം അലിക്കായി പൊലീസ് വ്യാപകമായ അന്വേഷണം നടത്തുകയാണ്. ആദം അലിയുടെ നാല് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകി എന്ന് സംശയിക്കുന്ന ആദം മൊബൈൽ ഗെയിമിന് അടിമയായിരുന്നു. ഗെയിമിൽ തോറ്റ നിരാശയിൽ തന്റെ ഫോൺ നശിപ്പിക്കുന്നത് പതിവായിരുന്നു. ഇപ്പോൾ ഇയാൾ സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. സംഭവത്തിന് ശേഷം സുഹൃത്തിനെ വിളിച്ച് തന്റെ സിം കൊണ്ടുത്തരാൻ ആദം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുഹൃത്ത് സിമ്മുമായി എത്തി എങ്കിലും ഇയാളെ കാണാൻ കഴിഞ്ഞില്ല.
മനോരമയെ താൻ അടിച്ചതായി ആദം അലി തങ്ങളോട് പറഞ്ഞു എന്ന് പൊലീസ് പിടികൂടിയ ആദമിന്റെ സുഹൃത്തുകൾ പൊലീസിനോട് പറഞ്ഞു.കൊലപാതകത്തിനും കവർച്ചയ്ക്കും പിന്നിൽ കൂടുതൽ പേരുണ്ടൊയെന്നും പൊലീസിന് സംശയമുണ്ട്.
മനോരമയുടെ ഭർത്താവ് ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. .ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ വീട്ടിനരികിൽ നിന്ന് അസ്വാഭാവികമായ വലിയ ശബ്ദം കേട്ടെന്ന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സ്ത്രീ പറഞ്ഞതനുസരിച്ചാണ് നാട്ടുകാർ അന്വേഷണം നടത്തിയത്. സംശയത്തെ തുടർന്ന് നാട്ടുകാർ ദിനരാജിനെ വിവരമറിയിച്ചു.
അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം നാട്ടുകാർ വീട്ടിൽ കയറി പരിശോധിച്ചെങ്കിലും മനോരമയെ കണ്ടില്ല. അലമാര തുറന്ന നിലയിലായിരുന്നു.മനോരമയുടെ കണ്ണട വീട്ടിലുണ്ടായിരുന്നു. ഭർത്താവെത്തി തിരച്ചിൽ നടത്തിയപ്പോൾ വീടിനുള്ളിൽ സൂക്ഷിച്ച 60,000 രൂപയും കാണാനില്ലെന്ന് മനസിലായി. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. തുടർന്നു ഫയർഫോഴ്സിനെ എത്തിച്ചു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച . ഉദ്യോഗസ്ഥരാണ്.
മറുനാടന് മലയാളി ബ്യൂറോ