കോട്ടയം: പ്രണയത്തിന് വേണ്ടി ജീവൻ ബലികൊടുത്ത കെവിന് നാടിന്റെ അന്ത്യ പ്രമാണം. വീട്ടിലെത്തിച്ച കെവിന്റെ മൃതദേഹത്തിൽ വീണ് പൊട്ടിക്കരയുന്ന അമ്മയും ഭാര്യയും ഏവരുടേയും നൊമ്പരമായി. നീനയേയും അമ്മയേയും സാന്ത്വനിപ്പിക്കാൻ ആർക്കുമായില്ല. രാഷ്ട്രീയ-സാമൂഹിക-സാസ്‌കാരി നേതാക്കൾ കെവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം ചെയ്ത് ശേഷമാണ് മൃതദേഹം വീട്ടിൽ കൊണ്ടു വന്നത്.

അതിനിടെ കെവിനെ കൊന്ന കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയേയും പൊലീസ് പ്രതിചേർത്തു. സഹോദരൻ ഷാനുവിനായി തെരച്ചിൽ തുടരുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം പുറത്തെത്തിച്ചപ്പോൾ സംഘർഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാക്കിയത്. മുൻ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനു നേരെ സിപിഎം പ്രവർത്തകർ കയ്യേറ്റശ്രമം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഷർട്ട് വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. പിന്നാലെ തിരുവഞ്ചൂരും ഏതാനും പ്രവർത്തകരും മോർച്ചറിക്കുള്ളിൽ കയറി. എന്നാൽ ഷർട്ട് വലിച്ചുകീറിയ പ്രവർത്തകനെ അകത്തുകയറാൻ സിപിഎം പ്രവർത്തകർ സമ്മതിച്ചില്ല.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിൽ കണ്ടെത്തിയ മൃതദേഹം ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം ചെയ്തത്. ആർഡിഒയുടെയും മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടറുടെയും സാന്നിധ്യത്തിൽ വേണം പോസ്റ്റ്‌മോർട്ടം എന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികളെല്ലാം വിഡിയോയിൽ പകർത്തണമെന്നും ആവശ്യമുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുപിന്നാലെ മൃതദേഹം നട്ടാശേരിയിലെ കെവിന്റെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു. പൊതുദർശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയൻ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.

നേരത്തെ കെവിന്റെ കൊലപാതകത്തിൽ പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു വെളിപ്പെടുത്തിയിരുന്നു. കെവിന്റെ ഭാര്യയായി തന്നെ ജീവിക്കുമെന്നും തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കെവിനെ കൊന്നതെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു. കെവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നതായും നീനു വെളിപ്പെടുത്തി. 24നായിരുന്നു കെവിനൊപ്പം പോയകാര്യം നീനു വീട്ടുകാരെ വിളിച്ചറിയിച്ചത്. കെവിന്റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് പലതവണ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ പിടിയിലായ നിയാസും മറ്റ് ബന്ധുക്കളും ബന്ധം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്ന് നീയാസ് ഭീഷണിപ്പെടുത്തി. കെവിന്റെ ഭാര്യയായി തന്നെ തുടർന്നും ജീവിക്കുമെന്നും ഇവിടെ നിന്ന് ആരും തന്നെ കൊണ്ടുപോകരുതെന്നും നീനു അഭ്യർത്ഥിച്ചു. കെവിനെ അന്വേഷിച്ച് തന്റെ ബന്ധുക്കൾ നടക്കുന്നതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നുവെന്നും നീനു പറയുന്നു. കെവിനെ അപായപ്പെടുത്തുമെന്ന ഭയമുണ്ടായിരുന്നതിനാലാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയതെന്നും കരഞ്ഞുപറഞ്ഞിട്ടും പൊലീസുദ്യോഗസ്ഥൻ അവിടെ ഫോൺ ചെയ്തിരിക്കുകയായിരുന്നുവെന്നും നീനു പറയുന്നു.

അതേസമയം നിയാസ് നിരപരാധിയാണെന്നവകാശപ്പെട്ട് അമ്മ ലൈലാബീവി രംഗത്തെത്തി. നിയാസിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത് ഷാനു ചാക്കോയായിരുന്നുവെന്നും ഡ്രൈവറെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് മകനെ കൂട്ടിക്കൊണ്ട് പോയതെന്നും ലൈലബീവി പറയുന്നു. കെവിൻ കൊല്ലപ്പെട്ട കാര്യം അറിയുന്നത് നീനുവിന്റെ മാതാപിതാക്കൾ വീട്ടിലെത്തി കാര്യങ്ങൾ പറയുമ്പോഴായിരുന്നുവെന്നും അവർ വ്യക്തമാക്കി.