കോട്ടയം: കെവിനെ അടക്കം ചെയ്ത പള്ളിയിൽ നിന്നും ജനം പൊലീസിനെ ആട്ടിയിറക്കി വിട്ടു. കെവിൻ ജീവിച്ചിരുന്നപ്പോൾ സംരക്ഷണം ഒരുക്കാൻ മടിച്ച പൊലീസ് മൃതദേഹത്തിന് സുരക്ഷയൊരുക്കാൻ എത്തിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഒരുപക്ഷേ കെവിനെ കാണാതായ ആ 15 മണിക്കൂർ പൊലീസ് ഉണർന്ന് പ്രവർത്തിച്ചെങ്കിൽ ഒരു പക്ഷെ കെവിൻ ഇന്നും ജീവനോടെ ഇരുന്നേനെ. എന്നാൽ കൊലപാതകികളിൽ നിന്നും പണം വാങ്ങിക്കൊണ്ടുള്ള പൊലീസിന്റെ കൂട്ടിക്കൊടുപ്പാണ് ജനത്തെ പ്രകോപിപ്പിച്ചത്.

കെവിന്റെ ജീവനു നിങ്ങൾ കൊടുക്കാതിരുന്ന സംരക്ഷണം അവന്റെ മൃതദേഹത്തിനും വേണ്ട എന്ന് ജനക്കൂട്ടം വിളിച്ചു പറഞ്ഞപ്പോൾ അപമാന ഭാരം കൊണ്ട് തലതാഴ്‌ത്താനേ പൊലീസിന് ആയുള്ളൂ. പള്ളിയിലെത്തിയ ജനക്കൂട്ടം ഒന്നടങ്കം പ്രതിഷേധിച്ചിപ്പോൾ മൃതദേഹത്തിന് സുരക്ഷയൊരുക്കാൻ എത്തിയ പൊലീസിന് പള്ളി വിട്ട് പുറത്തേയ്ക്ക് പോകേണ്ടി വന്നു. കെവിന്റെ സംസ്‌കാരം നടന്ന നഗരത്തിലെ നല്ലിടയൻ പള്ളിയിൽനിന്നുമാണ് ജനങ്ങൾ പൊലീസിനോട് കടക്ക് പുറത്ത് എന്നു പറഞ്ഞത്. ഓടെട എന്ന് വിളിച്ച് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ തല്ലു കിട്ടുമെന്ന് ഉറപ്പായതോടെ ഉന്നത ഉദ്യോഗസ്ഥരടക്കം പള്ളിപ്പരിസരം വിട്ടിറങ്ങി.

സംസ്‌കാരത്തിനായി പൊലീസ് അകമ്പടിയോടെയാണു കെവിന്റെ മൃതദേഹം പള്ളിയിലെത്തിച്ചത്. കെവിന്റെ മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കുന്ന സമയത്തു പൊലീസ് പരിസരം വിട്ടുപോകണമെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ. നിങ്ങൾ വെറുതെ കളഞ്ഞ 15 മണിക്കൂറുകളിലല്ലേ അവനെ നഷ്ടമായത് എന്ന ചോദ്യത്തിന് പൊലീസിനു മറുപടിയുണ്ടായില്ല. ശവസംസ്‌കാര ശുശ്രൂഷകൾ നടക്കുമ്പോൾ പ്രശ്‌നം ഉണ്ടാക്കരുതെന്നും മറ്റു മുദ്രാവാക്യങ്ങൾ മുഴക്കരുതെന്നും നിർദേശമുണ്ടായെങ്കിലും സെമിത്തേരിയിൽ നിന്നു പൊലീസ് പുറത്തു പോകണമെന്ന ആവശ്യം വീണ്ടും ഉയർന്നു. ഇതോടെ പൊലീസ് സെമിത്തേരി വിട്ടു. പൊലീസിന്റെ തെമ്മാടിത്തത്തിന് മുമ്പിൽ ജനശക്തിയുടെ തിരിച്ചു വരവായിരുന്നു ഇന്നലെ കോട്ടയത്ത് കണ്ടത്.

കെവിന്റെ മൃതദേഹം കുഴിയിലേക്ക് എടുക്കുമ്പോഴും അലറിക്കരയുകയായിരുന്നു നീനു. കെവിന്റെ ഏറ്റവും പ്രിയപ്പെട്ട നീല ഷർട്ടും കെട്ടിപ്പിടിച്ചായിരുന്നു ഇന്നലെ മുഴുവൻ നീനു തന്റെ വിഷമം കരഞ്ഞ് തീർത്തത്. കെവിന്റെ സംസ്‌ക്കാര ചടങ്ങിനിടെ നല്ലിടയൻ പള്ളിയിൽ പ്രാർത്ഥനകൾക്കിടെ കരഞ്ഞുതളർന്നു നീനു ബോധമറ്റുവീണു. അപ്പോഴും ഷർട്ട് അവൾ നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു. വൈകിട്ടു കെവിന്റെ സംസ്‌കാരം കഴിഞ്ഞു സെമിത്തേരിയിൽനിന്നു മടങ്ങുമ്പോഴും അവളുടെ കയ്യിൽ ആ ഷർട്ട് ഭദ്രമായിരുന്നു. അപ്രതീക്ഷിതമായുള്ള കെവിന്റെ മരണവും നീനുവിന്റെ അലമുറയിട്ടുള്ള കരച്ചിലും നാട്ടുകാരെ മുഴുവൻ കണ്ണീരിലാഴ്‌ത്തി.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി 11 മണിയോടെ കെവിന്റെ മൃതദേഹം പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ വീട്ടിലെത്തിച്ചു. കഴിഞ്ഞ 19ന് അമ്മ മേരി നൽകിയ ചോറുണ്ട് യാത്രപറഞ്ഞ് ഇറങ്ങിപ്പോയ കെവിൻ ചലനമറ്റനിലയിൽ പലരുടെ കൈകളിലേന്തി വീട്ടിനുള്ളിലേക്കു കയറിവരുന്നതു കണ്ട് ഹൃദയം തകർന്ന് ആ അമ്മ നിലവിളിക്കുന്നുണ്ടായിരുന്നു. അതുവരെ പിടിച്ചുനിന്ന പിതാവ് ജോസഫ് എന്ന രാജനും ഇടയ്ക്കു വിങ്ങിപ്പൊട്ടിപ്പോയി. കൂടപ്പിറപ്പിന്റെ മൃതദേഹം കണ്ടതും സഹോദരി കൃപയും തളർന്നു.