തിരുവനന്തപുരം: കെജി മാരാരെ പുകഴ്‌ത്തികൊണ്ടുള്ള ജോൺ ബ്രിട്ടാസിന്റെ ദിവസങ്ങൾക്ക് മുമ്പുള്ള പ്രസംഗം ചർച്ചയാക്കി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. ദിവസങ്ങൾക്ക് മുമ്പ് ബിജെപി നേതാവും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്റെ 'കെജി മാരാർ മനുഷ്യപ്പറ്റിന്റെ പര്യായം' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് ബ്രിട്ടാസ് മാരാരെ അനുസ്മരിച്ച് സംസാരിച്ചത്. ആർഎസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം ഉൾപ്പെടെ സന്നിഹിതനായ വേദിയിലാണ് കെജി മാരാർ രാഷ്ട്രീയ സൗഹൃദത്തിനുടമ ആയിരുന്നു എന്ന് ബ്രിട്ടാസ് വ്യക്തമാക്കിയത്.

തികഞ്ഞ മനുഷ്യസ്നേഹിയും മതേതരവാദിയുമായിരുന്നു മാരാരെന്നായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗത്തിന്റെ സാരം. ഇടത് എംപിയും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് ആർഎസ്എസ് വേദി പങ്കിട്ടതിനെതിരെയും മാരാരെ പുകഴ്‌ത്തി സംസാരിച്ചതിനെതിരെയും വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ചടങ്ങിൽ കെജി മാരാരുടെ ജയിൽ കാലഘട്ടത്തെ പറ്റി ബ്രിട്ടാസ് സംസാരിച്ച മുപ്പത് സെക്കൻഡ് ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

'അന്ന് കണ്ണൂർ ജയിലിൽ കെജി മാരാർ കഴിഞ്ഞിരുന്ന സമയം. അദ്ദേഹത്തിനൊപ്പം ജയിലലടയ്ക്കപ്പെട്ട ആൾക്കാർ, പല രാഷ്ട്രീയപാർട്ടികളിൽപെട്ട ആൾക്കാർ. മുസ്ലിം ലീഗിന്റെ പ്രവർത്തകർ, മുസ്ലീങ്ങളായ ജയിൽ തടവുകാർ അവർക്ക് നിസ്‌കരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത, പായ വിരിച്ചുകൊടുത്ത ഒരു പശ്ചാത്തലം കെജി മാരാർക്കുണ്ട്.' എന്നാണ് ആ വിഡിയോ ക്ലിപ്പിൽ ബ്രിട്ടാസ് പറയുന്നത്. ഈ വീഡിയോയാണ് വിടി ബൽറാമും ഷെയർ ചെയ്തത്.

ഇതിനൊപ്പം ബൽറാം ഇങ്ങനെ കുറിക്കുന്നു. പ്രാഞ്ചിയേട്ടന് പത്മശ്രീക്ക് വേണ്ടി ബയോഡാറ്റ തയ്യാറാക്കിക്കൊടുക്കുന്ന സീൻ ഓർമ്മവരുന്നു. പറയുന്നത് സിപിഎമ്മിന്റെ എംപിയാണ്.
പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. സിപിഎം-ബിജെപി ബാന്ധവത്തിന്റെ ഇടനിലക്കാരനായി ഡൽഹിയിൽ പ്രത്യേക അസൈന്മെന്റ് നൽകപ്പെട്ടിരിക്കുന്നയാളാണ്. പറയുന്നത് കെ ജി മാരാരെക്കുറിച്ചാണ്. കേരളത്തിൽ സംഘ് പരിവാറിന്റെ അടിത്തറയൊരുക്കുന്നതിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ വ്യക്തിയേകുറിച്ചാണ്. 1977ൽ ഉദുമ മണ്ഡലത്തിൽ സിപിഎമ്മിന്റേയും ആർഎസ്എസിന്റേയും പൊതുസ്ഥാനാർത്ഥിയുമായിരുന്ന ആളെകുറിച്ചാണ്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ഇതേ കെ ജി മാരാരുടെ പേരിലാണ്. അവിടെ നിന്ന് അധിക ദൂരമില്ല എ കെ ഗോപാലന്റെ പേരിലുള്ള സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക്, റോഡ് വഴിയും ആശയം വഴിയും.-ഇതാണ് ബൽറാമിന്റെ പോസ്റ്റ്.

കണ്ണൂർ ജയിലിൽ കഴിയവെ ഒപ്പം ഉണ്ടായിരുന്ന മുസ്ലിം തടവുകാർക്ക് പ്രാർത്ഥിക്കാൻ പാ വിരിച്ച് നൽകിയ വ്യക്തിയാണ് കെജി മാരാർ. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുന്നു. വ്യക്തിപരമായ ആക്ഷേപങ്ങളാണ് ഇപ്പോൾ ഉയരുന്നത്. കുടുംബങ്ങളെ പോലും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് രാഷ്ട്രീയത്തെ മലീമസമാക്കുകയാണ് ഇപ്പോഴെന്നും ബ്രിട്ടാസ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സംഘപരിവാർ പത്മവ്യൂഹത്തിലേക്കാണ് എന്നറിഞ്ഞിട്ടും ഈ പരിപാടിയിൽ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് അടിവരയിടാനാണെന്ന് പരിപാടിയിൽ ജോൺ ബ്രിട്ടാസ് പറയുന്നുണ്ട്.

വിയോജിപ്പുകൾ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാൻ കഴിയുന്നത് ഇന്ന് കേരളത്തിൽ മാത്രമാണ്. അതുകൂടി നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ സൗമനസ്യവും സൗഹൃദവും നമ്മൾ തിരിച്ചു വിളിക്കേണ്ടതുണ്ടെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. പുസ്തക പ്രകാശനത്തിന്റെ വീഡിയോയും പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളും ജോൺ ബ്രിട്ടാസ് ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. കൈരളി ന്യൂസ് പകർത്തിയ പ്രസംഗത്തിന്റെ പൂർണരൂപം പിന്നീട് എഫ് ബിയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും വിട്ടുനിന്നിരുന്നു. കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

കെ റെയിലിനെതിരെ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പങ്കെടുപ്പിച്ചതിൽ ഇടത് കേന്ദ്രങ്ങളിൽ വ്യാപക പരിഹാസം ഉയരുന്നതിനിടെയാണ് ഇടത് എംപിയും മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോൺ ബ്രിട്ടാസ് ആർഎസ്എസ് നേതാക്കൾക്ക് ഒപ്പം വേദി പങ്കിട്ടത്. കൈകോർത്ത് ബിജെപി - യുഡിഎഫ് - ആർഎംപി സഖ്യം എന്ന നിലയിൽ ദേശാഭിമാനിയുൾപ്പെടെ കെറെയിൽ സമരത്തെ വിമർശിച്ചിരുന്നു.

ജോൺ ബ്രിട്ടാസ് പുസ്തക പ്രകാശന വേദിയിൽ പറഞ്ഞത്

സംഘപരിവാർ പത്മവ്യൂഹത്തിലേക്കാണ് എന്നറിഞ്ഞിട്ടും ഞാൻ ഈ പരിപാടിയിൽ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് അടിവരയിടാനാണ്. വിയോജിപ്പുകൾ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാൻ കഴിയുന്നത് ഇന്ന് കേരളത്തിൽ മാത്രമാണ്. അതുകൂടി നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ സൗമനസ്യവും സൗഹൃദവും നമ്മൾ തിരിച്ചു വിളിക്കേണ്ടതുണ്ട്.

കണ്ണൂർ ജയിലിൽ കഴിയവെ ഒപ്പം ഉണ്ടായിരുന്ന മുസ്ലിം തടവുകാർക്ക് പ്രാർത്ഥിക്കാൻ പാവിരിച്ച് നൽകിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് കെ.ജി മാരാർ. ഇന്ന് അദ്ദേഹത്തിന്റെ പിന്മുറക്കാർ ഇത്തരത്തിലുള്ള ഒരു നടപടിക്കു മുതിരുമോ.

ആശയപരമായും രാഷ്ട്രീയപരമായും ആണ് പോരാടേണ്ടത്. അവഹേളിച്ചും ആക്ഷേപിച്ചുമുള്ള രാഷ്ട്രീയ രീതി നമ്മുടെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. സ്വന്തം രാഷ്ട്രീയ വിശ്വാസത്തെ മുറുകെ പിടിച്ചപ്പോൾ എതിർ ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളെ ബഹുമാനിക്കാനും അംഗീകരിക്കാനും കെ. ജി മാരാർ കാണിച്ച മര്യാദ ഏവരും സ്മരിക്കുന്നതാണ്.

ഇന്ന് അത്തരത്തിൽ മാരാരുടെ പിന്മുറക്കാർക്ക് ചിന്തിക്കാൻ കഴിയുമോ എന്ന് ഇവിടെ കൂടിയിരിക്കുന്നവർ ആലോചിക്കണം.

കഴകക്കാരനായിരുന്ന കെ.ജി മാരാർ മീശവച്ചതുകൊണ്ട് തന്ത്രിമാരും പൂജാരിമാരും സമൂഹമേലാളന്മാരും രോഷം കൊണ്ടു. മീശപിരിച്ച് ഭഗവാനെ തൊഴാൻ പാടില്ല എന്ന ശാസന അദ്ദേഹം നിരാകരിച്ചു. അരനൂറ്റാണ്ട് മുൻപാണ് അന്നത്തെ ആചാരത്തെ അദ്ദേഹം ചോദ്യം ചെയ്തത്. ഇന്ന് ആചാരങ്ങളെ കുറിച്ച് പറയുമ്പോൾ ബിജെപി സുഹൃത്തുക്കൾ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക

കോൺഗ്രസും ലീഗും ബിജെപിയും തമ്മിൽ 1991ൽ ഉണ്ടാക്കിയ കോലീബി സഖ്യത്തെ കുറിച്ചുള്ള പ്രതിപാദനം പുതിയ പതിപ്പിലും നിലനിർത്തിയത് ഗ്രന്ഥകാരന്റെ ധീരതയാണ് വെളിപ്പെടുത്തിയത്. ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന 'പാഴായ പരീക്ഷണം' എന്ന അധ്യായം അദ്ദേഹത്തിന് വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നെങ്കിലും ബിജെപി പ്രതീക്ഷിച്ച വിജയം ഒരു സീറ്റിലും നേടിയില്ല. കെ.ജി മാരാർ പോലും തോറ്റു. ഈ പശ്ചാത്തലത്തിലാണ് 'തോളൊപ്പം ഇല്ലാത്തവരോട് ചങ്ങാത്തം പാടില്ല' എന്ന ഗുണപാഠം അന്ന് ബിജെപിക്ക് ഉണ്ടായി എന്ന് കുഞ്ഞിക്കണ്ണൻ പറഞ്ഞത്. എന്നാൽ 'ബിജെപി 'തോളൊപ്പമായി' എന്ന ചിന്ത ബിജെപി നേതാക്കൾക്ക് ഉണ്ടോ? എങ്കിൽ ആ പരീക്ഷണത്തിന് സാധ്യതയുണ്ടൊ?