- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് ദിവസത്തെ ശമ്പളം വീതം ആറ് മാസമായി പിടിച്ച് ചിലവഴിക്കുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്; 9ശതമാനം പലിശയോടെ പി.എഫിൽ ചേർക്കുമെന്നും സർക്കാർ വാഗ്ദാനം; കോവിഡ് കാലത്തെ സർക്കാരിന്റെ ശമ്പള പിടുത്തത്തിനെതിരെ തുറന്ന പ്രതിഷേധവുമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ രംഗത്ത്; നടപടി പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്ത്
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞ് വയ്ക്കുന്ന നടപടിക്കെതിരെ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). രംഗത്ത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന സർക്കാർ ഡോക്ടർമാരുടെ ശമ്പളം തടഞ്ഞുവക്കുന്ന നടപടിയിൽനിന്ന് സർക്കാർ പിൻവാങ്ങണമെന്നും ജീവനക്കാരിൽനിന്നു പിടിച്ചെടുത്ത ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നും കെ.ജി.എം.ഒ.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരുടെ ശമ്പളം ആറ് മാസ്ം കൂടി മാറ്റിവയ്ക്കാനുള്ള സർക്കാർ തീരുമാനം വന്നതിന് പിന്നാലെയാണ് പ്രതിഷേധവം വ്യാപകമാകുന്നത്.
അനുവദനീയമായ അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികൾക്ക് സംഘടന നിർബന്ധിതമാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലും ലോകത്താകമാനം പൊതുവിലും കോവിഡിനെതിരെ പൊരാടുന്ന ആരോഗ്യപ്രവർത്തകർക്ക് അധിക സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി അവരുടെ സേവനം അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോളാണ് നമ്മുടെ സംസ്ഥാനത്ത് ഇത്തരമൊരു തീരുമാനമുണ്ടാകുന്നതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധകരമാണ്.ഡോക്ടർമാരുടെ ശമ്പളം തടഞ്ഞ് വെയ്ക്കരുതെന്ന് സുപ്രിംകോടതി വിധി ഉണ്ടായിട്ടും, സംസ്ഥാന സർക്കാർ തീരുമാനം മാറ്റാൻ തയ്യാറാവാത്തത് നിർഭാഗ്യകരമാണെന്നും സംഘടന കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കൽ സെപ്റ്റംബർ 1 മുതൽ 6 മാസത്തേക്കു കൂടി തുടരാൻ തീരുമാനിച്ചത്. ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രിൽ 1-ന് പി.എഫിൽ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു.
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക തിരികെ നൽകും. ഒൻപത് ശതമാനം പലിശയോടെ പിടിച്ച തുക പിഎഫിൽ ലയിപ്പിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ആറ് ദിവസത്തെ ശമ്പളം വീതം ആറ് മാസം പിടിച്ച് ആകെ ഒരു മാസത്തെ ശമ്പളാണ് സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനായി പിടിച്ചിരിക്കുന്നത്.
1. 2020 ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രിൽ 1-ന് പി.എഫിൽ ലയിപ്പിക്കും. ഉടൻ പണമായി തിരിച്ചു നൽകിയാൽ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫിൽ ലയിപ്പിച്ച തുക 2021 ജൂൺ 1-നു ശേഷം പിൻവലിക്കാൻ അനുമതി നൽകും. 2021 ഏപ്രിൽ 1-ന് പി.എഫിൽ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകും.
2. ശമ്പളം മാറ്റിവയ്ക്കൽ സെപ്റ്റംബർ 1 മുതൽ 6 മാസത്തേക്കു കൂടി തുടരും. എന്നാൽ, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രിൽ 1ന് പി.എഫിൽ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകും. പി.എഫിൽ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കിൽ പലിശ നൽകും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്-19 ഇൻകം സപ്പോർട്ട് സ്‌കീം' എന്ന് പേര് നൽകും. അന്തിമ തീരുമാനം സർക്കാർ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും.
3. പി.എഫ് ഇല്ലാത്ത പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് 2021 ജൂൺ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നൽകും.
4. ഇപ്പോൾ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പിഎഫിൽ ലയിപ്പിക്കും എന്ന വ്യവസ്ഥയിൽ സെപ്റ്റംബർ മാസം മുതൽ അനുവദിക്കും. ഇത് 2021 ജൂൺ 1 മുതൽ മാത്രമേ പിഎഫിൽ നിന്ന് പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വർഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടർ 2021 ജൂൺ 1 മുതൽ മാത്രമേ അനുവദിക്കൂ.
5. 20 വർഷം ശൂന്യവേതന അവധി എന്നുള്ളത് 5 വർഷമായി ചുരുക്കും. 5 വർഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാൽ കൽപ്പിത രാജി ആയി പരിഗണിക്കും. നിലവിൽ അവധി ദീർഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തിൽ ഇത് ബാധകമല്ല. ഇപ്പോൾ പരിഗണനയിലിരിക്കുന്ന 5 വർഷത്തിന് ശേഷമുള്ള അവധി അപേക്ഷകൾ ദീർഘിപ്പിച്ച് നൽകുന്ന കാര്യം പരിഗണിക്കുമ്പോൾ കരാർ വ്യവസ്ഥ നിലനിൽക്കുന്ന കേസുകളിൽ അക്കാര്യവും പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കും.
6. ഒരു ഉദ്യോഗസ്ഥൻ 90 ദിവസം അവധിയെടുത്താൽ പ്രമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നൽകി കൃത്യനിർവ്വഹണം നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.
7. അദ്ധ്യാപന സമയം ആഴ്ചയിൽ കുറഞ്ഞത് പതിനാറു മണിക്കൂർ ഉണ്ടാകണം എന്ന മാനദണ്ഡത്തിലായിരിക്കും കോളേജ് അദ്ധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് 01-06-2020 പ്രാബല്യത്തിൽ അനുമതി നൽകുക. ഇതിനാവശ്യമായ നിയമ- ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം ഭേദഗതി ചെയ്യും. 31-05-2020 വരെ നിയമപ്രകാരം സർക്കാർ ഉത്തരവിലൂടെ സർക്കാർ പ്രതിനിധി കൂടി പങ്കെടുത്ത സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച നിയമനങ്ങൾ, പി.എസ്.സി നിയമന ശുപാർശ നൽകിയ തസ്തികകൾ എന്നിവ അംഗീകരിക്കും.
8. ഒരു കുട്ടിയുടെ എണ്ണം കൂടിയാൽ ഒരു അധിക തസ്തിക സൃഷ്ടിക്കുവാൻ കഴിയുന്ന വ്യവസ്ഥകൾ ബന്ധപ്പെട്ട ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കും. സ്‌കൂളുകളിൽ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സർക്കാരിനായിരിക്കും. എയിഡഡ് സ്‌കൂളുകളിൽ സൃഷ്ടിക്കുന്ന പുതിയ അദ്ധ്യാപക തസ്തികകളിൽ പ്രൊട്ടക്ടഡ് അദ്ധ്യാപകർക്കായിരിക്കും മുൻഗണന. ഇതിനാവശ്യമായ നിയമ-ചട്ട ഭേദഗതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട പരാതികൾ ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തുകയും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
9. കേന്ദ്രാവിഷ്‌കൃത പദ്ധതികളുൾപ്പെടെ പല പദ്ധതികളും പ്രവർത്തനം അവസാനിപ്പിച്ചിട്ടും പദ്ധതികൾക്കായി നിയമിച്ച ജീവനക്കാർ തുടരുന്നുണ്ട്. പ്രസ്തുത ജീവനക്കാരുടെ വിവരങ്ങൾ കണ്ടെത്തി അധിക ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്കു വിന്യസിക്കും. ഇതു സംബന്ധിച്ച തുടർ നടപടികളടങ്ങിയ കരട് കുറിപ്പുകൾ അവയുടെ നിർവ്വഹണ കലണ്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് ഒരു മാസത്തിനുള്ളിൽ തയ്യാറാക്കും.
10. ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് ഇ-ഓഫീസ് സോഫ്റ്റ് വെയർ, കമ്പ്യൂട്ടർ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്ന ഓഫീസുകളിൽ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകൾ മറ്റു തസ്തികകളിലേക്ക് പുനർവിന്യാസം ചെയ്യും. ഓഫീസ് അറ്റൻഡന്റ് തസ്തികകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റും. ഇതിനായി ഭരണ പരിഷ്‌കാര വകുപ്പ് ഐടി വകുപ്പുമായി ചേർന്ന് നിർവഹണ കലണ്ടർ ഉൾപ്പെടുന്ന കരട് നടപടിക്കുറിപ്പ് തയ്യാറാക്കും.
മറുനാടന് ഡെസ്ക്