ലണ്ടൻ: ഇന്ത്യക്കെതിരെ മറ്റൊരു പടയൊരുക്കത്തിന് അണിയറയിൽ കോപ്പൊരുക്കുകയാണ് ബ്രിട്ടനിലെ പഞ്ചാബികളായ ഒരു വിഭാഗം സിഖുകാർ. മൂന്നര പതിറ്റാണ്ടു മുൻപ് തകർന്നു പോയ വിഘടന വാദ സ്വപ്നങ്ങൾക്ക് വീണ്ടും കരുത്തു പകരാൻ അവസരം നോക്കുന്ന ഖാലിസ്ഥാൻ വാദികൾ ഏറെനാളായി ബ്രിട്ടനിൽ നടത്തുന്ന അണിയറ ശ്രമങ്ങൾ പൂർവാധികം ശക്തി പ്രാപിച്ചതോടെ ഇന്ത്യയും ശക്തമായ മറനീക്കം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ബ്രിട്ടനിൽ പഞ്ചാബികൾ ശക്തി കേന്ദ്രമായ പലയിടത്തും ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തിൽ ഉള്ളവർ നിരീക്ഷണം നടത്തുന്നതായി സൂചനയുണ്ട്.

ഈ ഉദ്യോഗസ്ഥരിൽ നിന്നും ഇന്ത്യ ശേഖരിക്കുന്ന വിവരങ്ങൾ ഔദ്യോഗികമായി തന്നെ ബ്രിട്ടീഷ് സർക്കാരിനെയും രഹസ്യാന്വേഷണ ഏജൻസികളെയും അറിയിച്ചതോടെ പലയിടത്തും സിഖുകാരുടെ വീടുകളിൽ റെയ്ഡ് നടന്നത് ഖാലിസ്ഥാൻ വാദികളെ ഏറെ പ്രകോപിപ്പിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ബ്രിട്ടനിൽ പലയിടത്തും ഖാലിസ്ഥാൻ വാദികൾ ഇന്ത്യ വിരുദ്ധ പ്രകടനങ്ങൾ നടത്തുന്നതും പതിവായിരിക്കുകയാണ്.

തീവ്രവാദ സ്വഭവമുള്ള കേസുകൾ കൈകാര്യം ചെയുന്ന പൊലീസ് വിഭാഗം നടത്തുന്ന വീട് കയറിയുള്ള പരിശോധനകൾ ഖാലിസ്ഥാൻ വാദികൾക്ക് കൃത്യമായ സൂചന നൽകിയതോടെയാണ് പ്രതിഷേധം വഴി സർക്കാരിൽ സമ്മർദ്ദം നടത്താൻ ഉള്ള ശ്രമം. ഇതിന്റെ ഭാഗമായി ഇന്നലെ ബർമിങ്ഹാമിൽ നടന്ന ഭരണകക്ഷിയുടെ വാർഷിക സമ്മേളന വേദിക്കു മുന്നിൽ വിദേശകാര്യ സെക്രട്ടറി പ്രസംഗിക്കവെ പ്രതിഷേധം നടത്തിയാണ് ഖാലിസ്ഥാൻ വാദികൾ ബ്രിട്ടീഷ് സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.

എന്നാൽ വാളുമായി സമ്മേളന സ്ഥലത്തു എത്തിയ പ്രതിഷേധക്കാരെ മാധ്യമങ്ങൾ കണ്ടില്ലെന്നു നടിച്ചതോടെ ഖാലിസ്ഥാൻ വാദികൾ തിരിച്ചടി നേരിട്ട പ്രതീതിയിലാണ്. ഇന്ത്യയെ വിഭജിക്കാൻ നടത്തുന്ന നീക്കങ്ങളുടെ കുതന്ത്രം തിരിച്ചറിഞ്ഞു അനാവശ്യ പ്രചാരണം നൽകേണ്ടന്ന മാധ്യമങ്ങളുടെ തിരിച്ചറിവിലൂടെ ലോകത്തിനു മുന്നിൽ എത്താൻ ഉള്ള ഖാലിസ്ഥാൻ വാദികളുടെ ശ്രമം പൊളിയുക ആയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പോലും കാര്യമായ ചലനം സൃഷ്ടിക്കാൻ ആയില്ലെന്നത് സർക്കാരിന്റെ കൂടി മുൻകരുതലിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ജനാധിപത്യത്തിന്റെ പേരിൽ തീവ്രവാദത്തിനു തല പൊക്കാൻ അവസരം നൽകിയാൽ പിന്നീടത് സൃഷ്ടിക്കുന്ന തലവേദന ബ്രിട്ടൻ വൈകി തിരിച്ചറിയുന്നതിന്റെ സാധ്യതകളും ഇപ്പോൾ ഖാലിസ്ഥാൻ വാദികൾക്ക് നേരെയുള്ള ശക്തമായ ഇടപെടലിലൂടെ വെളിപ്പെടുകയാണ്. അതേ സമയം ഖാലിസ്ഥാൻ അനുകൂലികൾ മാധ്യമങ്ങൾ പിന്തുണ നൽകാത്തതിൽ ഉള്ള അമർഷം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രകടിപ്പിക്കാൻ നടത്തിയ നീക്കവും വേണ്ടത്ര ശ്രദ്ധ നേടിയില്ല.

ശക്തമായ പൊലീസ് സാന്നിധ്യം വഴി കാര്യം തിരക്കിയവരാണ് ഖാലിസ്ഥാൻ വാദികൾ പ്രതിഷേധിക്കാൻ എത്തിയ വിവരം പോലും അറിഞ്ഞത്. നൂറുകണക്കിന് പൊലീസിനെ ബർമിങ്ഹാം നഗരത്തിൽ പലയിടത്തായി വിന്യസിച്ചാണ് ഖാലിസ്ഥാൻ വാദികൾക്ക് കുഴപ്പം സൃഷ്ടിക്കാൻ അവസരം നൽകാതെ പൊലീസ് സേന കൈകാര്യം ചെയ്തത്.

എന്നാൽ ഇത്തരം നീക്കങ്ങൾ യഥാസമയം ശേഖരിച്ചു ബ്രിട്ടനെ അറിയിച്ചു, ഖാലിസ്ഥാൻ വാദത്തിനു തുടക്കത്തിൽ തന്നെ മുനയൊടിക്കുവാൻ ഉള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. മൂന്നര പതിറ്റാണ്ട് മുൻപ് ഖാലിസ്ഥാൻ വാദികൾ പഞ്ചാബിനെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തും എന്ന ഘട്ടത്തിൽ 1984 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി തീവ്രവാദികൾ തമ്പടിച്ച സിഖുകാരുടെ പുണ്യകേന്ദ്രം സുവർണ ക്ഷേത്രം പട്ടാളത്തെ ഉപയോഗിച്ച് മോചിപ്പിച്ച ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടപടിയാണ് സിഖ് രാഷ്ട്രം എന്ന സ്വപ്നം തകർത്തത്. ഇതിനു മറുപടിയായി ഖാലിസ്ഥാൻ വാദികൾ ഇന്ദിരയുടെ ചോര കൊണ്ട് കണക്കു പറഞ്ഞപ്പോൾ ഇന്ത്യൻ ചരിത്രം തന്നെ മറ്റൊരു വഴിക്കു തിരിയുക ആയിരുന്നു. അക്കാലത്തും ബ്രിട്ടനിൽ നിന്നും കാനഡയിൽ നിന്നും ഒഴുകിയ ധനസഹായം തന്നെയായിരുന്നു വിഘടനവാദികളുടെ കരുത്ത്.

ഖാലിസ്ഥാൻ വാദത്തിനു ഇന്ത്യൻ വിഭജനത്തോളം പഴക്കമുള്ളതിനാൽ അടിച്ചമർത്തും തോറും സിഖുകാരുടെ വീര്യവും വർധിക്കുന്നു എന്നതാണ് ഇത്രയും കാലമായിട്ടും അണയാത്ത വിഭജന വാദം തെളിയിക്കുന്നത്. ''വിഭജനം വഴി മുസ്ലിംകൾക്ക് പാക്കിസ്ഥാനും പഞ്ചാബിന്റെ നല്ലൊരു ഭാഗവും കിട്ടി. ഹിന്ദുക്കൾക്കാകട്ടെ ഇന്ത്യ മുഴുവൻ. ഒന്നും കിട്ടാതെ പോയത് ഞങ്ങൾക്കാണ്. ഇതെന്തൊരു നീതിയാണ് ?'', ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ മുന്നണിയിൽ നിന്ന് പ്രവർത്തിക്കുന്ന ലെസ്റ്റർ സിഖ് അലയൻസ് ഗ്രൂപ്പിലെ രാജ് മാൻ രോഷത്തോടെ ചോദിക്കുന്നു.

സ്‌കോട്ട്ലന്റിൽ നിന്നും പഞ്ചാബിൽ എത്തിയ യുവാവിനെ ക്രിമിനൽ കേസിൽ ഇന്ത്യ ജയിലിൽ അടച്ച സംഭവവും മനുഷ്യാവകാശ ലേബൽ ഒട്ടിച്ചു ഖാലിസ്ഥാൻ വാദവുമായി കൂട്ടിയിണക്കാൻ ശ്രമിക്കുകയാണ് ബ്രിട്ടനിലെ സിഖ് പ്രക്ഷോഭകാരികൾ. ഇന്ത്യയുമായി തുറന്ന യുദ്ധത്തിന് തയ്യാറാണെന്ന് ഗുരുദ്ധ്വാരകളുടെ നിർണായക നേതൃത്വം പിടിച്ചെടുത്ത വിമതർ അവകാശവാദവും ഉന്നയിക്കുന്നു.

എൺപതുകളിൽ രൂപം കൊണ്ട കലാപത്തിന്റെ ഏറെക്കുറെ സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോൾ ഉരുത്തിരിയുന്നത് എന്നാണ് ഇന്ത്യക്കു ബ്രിട്ടനിൽ നിന്നും ലഭിക്കുന്ന രഹസ്യ വിവരം. കോമൺവെൽത്ത് ഉച്ചകോടിക്ക് ഇന്ത്യൻ പ്രധാനമന്ത്രി മോദി എത്തിയപ്പോൾ പ്രതിഷേധം നടത്തി ഇന്ത്യൻ പതാക കത്തിക്കാൻ ഖാലിസ്ഥാൻ വാദികളും പാക് കശ്മീർ അനുകൂലികളും നടത്തിയ ശ്രമത്തെ ഇന്ത്യ അതിനിശിതമായി അപലപിച്ചിട്ടും ബ്രിട്ടന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാനായില്ല എന്നത് പുതിയ സാഹചര്യത്തിൽ ഇന്ത്യ വീണ്ടും ഗൗരവമായെടുക്കും.

എൺപതുകളിൽ ഇന്ത്യയോട് ബ്രിട്ടൻ കാട്ടിയ തണുപ്പൻ സമീപനം വീണ്ടും പുറത്തെടുത്താൽ ശക്തിമായി തിരിച്ചടിക്കാൻ തന്നെയാണ് ഇന്ത്യയുടെ ശ്രമം. ബ്രിട്ടൻ ബ്രക്സിറ്റിലേക്കു നീങ്ങുന്ന സമയം ആയതിനാൽ ഇന്ത്യയെ മയപ്പെടുത്താൻ ഖാലിസ്ഥാൻ വാദികൾക്ക് എതിരെ ശക്തമായ ശ്രമം ഉണ്ടാകും എന്നതിന്റെ സൂചനയാണ് ബർമിങാമിൽ പലയിടത്തും ഇത്തരക്കാരുടെ വീടുകളിൽ ബ്രിട്ടീഷ് പൊലീസ് നടത്തുന്ന റെയ്ഡുകൾ. ഇത് തിരിച്ചറിഞ്ഞു ബ്രിട്ടനിലും പ്രതിഷേധം ശക്തമാക്കാൻ ഉള്ള ഒരുക്കങ്ങളാണ് ഖാലിസ്ഥാൻ വാദികൾ നടത്തുന്നത്. ബ്രിട്ടനിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഖാലിസ്ഥാൻ ലാന്റ് എന്ന് പ്രഖ്യാപിച്ചു തന്നെ ഗുരുദ്ധ്വാരകൾ പണിതുയർത്തുകയാണ് ഈ വിഭാഗക്കാർ.

ബ്രിട്ടനിൽ ശക്തമായ സിഖ് വിഭാഗക്കാരിൽ ഗണ്യമായ വിഭാഗവും ഖാലിസ്ഥാൻ വാദികളാണ് എന്ന സൂചനയും ഇന്ത്യക്കു ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ മിഡ്ലാന്റ്സ് കേന്ദ്രമാക്കിയാണ് സിഖ് വിഘടനവാദം ശക്തി പ്രാപിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഒട്ടേറെ സിഖുകാർ തീവ്രവാദ പ്രവർത്തനവുമായി ബന്ധപെട്ടു ജയിലിലും എത്തിയിട്ടുണ്ട്. തീവ്രവാദത്തിനു ശക്തി പകരാൻ രൂപീകരിച്ച സിഖ് യൂത് ഫെഡറേഷൻ ഐഎസ്വൈഎഫ്, ബാബർ ഖൽസ ഇന്റർനാഷണൽ എന്നിവ ബ്രിട്ടൻ നിരോധിച്ചതും ഖാലിസ്ഥാൻ വാദികൾക്ക് തിരിച്ചടി ആയെങ്കിലും ഇത്തരം വിഷയങ്ങൾ യുഎൻ സമിതിക്കു മുന്നിൽ എത്തിക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. വ്യാപാര, വാണിജ്യ ബന്ധങ്ങൾക്ക് വേണ്ടി ബ്രിട്ടൻ തങ്ങളുടെ ആവശ്യത്തിന് നേരെ കണ്ണടയ്ക്കുന്നത് നീതിയല്ലെന്നാണ് ഖാലിസ്ഥാൻ വാദികളുടെ ന്യായം. ബ്രിട്ടനിൽ ബ്രെക്സിറ്റിനു വേണ്ടി റഫറണ്ടം നടന്നത് പോലെ പഞ്ചാബിൽ 2020ൽ റഫറണ്ടം നടത്തണം എന്ന 3ആവശ്യവുമായി സോഷ്യൽ മീഡിയയിൽ ശക്തി പ്രാപിക്കുകയാണ് ഖാലിസ്ഥാൻ നിരയിലെ യുവ നേതൃത്വം.