ന്ത്യയിലും പാക്കിസ്ഥാനിലും വേരുകളുണ്ട് സാദിഖ് ഖാന്. എന്നാൽ, ലണ്ടൻ മേയർക്ക് കൂടുതൽ അടുപ്പം ഇന്ത്യയോടാണ്. നാളെ ഇന്ത്യയിലെത്തുന്ന സാദിഖ് ഖാൻ, ഇവിടെ ചർച്ചകൾ പൂർത്തിയാക്കിയശേഷമാണ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. ഒരേയാത്രയിൽ ഇരുരാജ്യങ്ങളും സന്ദർശിക്കുന്ന സാദിഖ്, ആദ്യം ഇന്ത്യയെ തിരഞ്ഞെടുത്തത് ആ അടുപ്പം വ്യക്തമാക്കുന്നു. ഒപ്പം ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം ഊഷ്മളമാക്കാൻ ലണ്ടൻ മേയർക്ക് സാധിച്ചേക്കുമെന്ന പ്രതീക്ഷയും ഇതോടൊപ്പം വളരുന്നുണ്ട്.

ന്ാളെ മുംബൈയിലാണ് സാദിഖ് എത്തുന്നത്. മുംബൈയിൽനിന്നും ഡൽഹിയിലെത്തുന്ന അദ്ദേഹം ചർച്ചകൾ പൂർത്തിയാക്കിയശേഷം അമൃത്സറിലേക്ക് പോകും. അവിടെനിന്നും വാഗ അതിർത്തി കടന്നാണ് അദ്ദേഹം പാക്കിസ്ഥാനിലെത്തുക. ലാഹോറും ഇസ്ലാമാബാദും കറാച്ചിയും സന്ദർശിച്ചശേഷം ഡിസംബർ എട്ടിന് ലണ്ടനിലേക്ക് മടങ്ങും. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ബിസിനസ് മേധാവികളെ കാണുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഐ.ടി. രംഗം മുതൽ ബോളിവുഡ് വരെയുള്ള മേഖലകളിൽ അദ്ദേഹം ചർച്ച നടത്തുന്നുണ്ട്.

ഇുരാജ്യങ്ങളും ഒരേ യാത്രയിൽ സന്ദർശിക്കുന്നത് കഴിവതും ലോകനേതാക്കൾ ഒഴിവാക്കാറുണ്ട്. എന്നാൽ, സാദിഖിന്റെ ഈ സന്ദർശനം ആ അർഥത്തിൽ ഏറെ പ്രധാന്യമുള്ളതാണ്. ബ്രിട്ടനിലെ വ്യവസായ സമൂഹത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പ്രതിനിധികളും സാദിഖിനൊപ്പമുണ്ട്. ഇന്ത്യയുമായും പാക്കിസ്ഥാനുമായുള്ള ലണ്ടന്റെ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. സാംസ്‌കാരിക വിനിമയ പരിപാടികൾ വർധിപ്പിക്കുന്നതും ചർച്ച ചെയ്യും.

സാദിഖ് ഖാന്റെ അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ജനിച്ചത് ഇന്ത്യയിലാണ്. എന്നാൽ, പിന്നീടവർ പാക്കിസ്ഥാനിലേക്ക് മാറി. പാക്കിസ്ഥാനിൽനിന്ന് ലണ്ടനിലേക്ക് കുടിയേറിയതാണ് സാദിഖിന്റെ മാതാപിതാക്കൾ. ഇരുരാജ്യങ്ങളോടും തനിക്ക് അതിയായ മതിപ്പും സ്‌നേഹവുമുണ്ടെന്ന് സാദിഖ് ഖാൻ പറഞ്ഞു. ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നുമുള്ള വിദ്യാർത്ഥികൾക്കും ജോലി തേടുന്നവർക്കും ലണ്ടൻ തുറന്ന അവസരമൊരുക്കുമെന്ന് പ്രഖ്യാപിക്കുകയാണ് തന്റെ സന്ദർശന ലക്ഷ്യമെന്നും സാദിഖ് പറഞ്ഞു.

യൂറോപ്പിൽ ഇന്ത്യൻ കമ്പനികൾ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത് ഇംഗ്ലണ്ടിലാണ്. ഇന്ത്യൻ കമ്പനികളിലായി ആകെ 1,10,000 പേർ ജോലി ചെയ്യുന്നുണ്ട്. പാക്കിസ്ഥാനും വൻതോതിലുള്ള നിക്ഷേപം ബ്രിട്ടനിൽ നടത്തിയിട്ടുണ്ടട്. രണ്ട് ബില്യൺ യൂറോയാണ് പാക്കിസ്ഥാനും ബ്രിട്ടനുമായുള്ള ഏകദേശ വ്യാപാരം.