തൃപ്പൂണിത്തുറ: കൊടൈക്കനാലിൽ കോട്ടേജ് നടത്തിപ്പുകാർ.പിടിയിലായത് കഞ്ചാവ് കടത്തിനിടെ. യുവതി ഉൾപ്പെയെുള്ള നാലംഗസംഘത്തിന്റെ വെളിപ്പെടുത്തലുകളിൽ അടിമുടി ദുരൂഹത. രാജ്യന്തര മയക്കുമരുന്ന് സംഘത്തിലേ കണ്ണികളാണോ എന്നും സംശയം. വിശദമായ തെളിവെടുപ്പ്് തുടങ്ങിയെന്ന് എക്‌സൈസ് സംഘം.

തൃപ്പൂണിത്തുറ സ്റ്റാച്ചു ജംഗങ്ഷന് സമീപം 2 കിലോ കഞ്ചാവുമായി ഇന്നലെയാണ് നാലംഗ സംഘം എക്‌സൈസിന്റെ പിടിയിലായത്. ആമ്പല്ലൂർ കാഞ്ഞിരമററം ചരണക്കാട് വീട്ടിൽ ജിനദേവ് (35) എറണാകുളം എളംകുളം എസ് ടി പി റോഡിൽ താഴത്തേ തറയിൽ വീട്ടിൽ ദിലീപ് (24) ഷൊർണ്ണർ എഴുമങ്ങാട്ട് പറമ്പിൽ താഴത്തേതിൽ നിഷാദ് (38) തൃശൂർ പുള്ളാടൻ വീട്ടിൽ രാജി (38) എന്നിവരാണ് പിടിയിലായത്.ജിനദേവാണ് സംഘത്തലവൻ.

രാജിയുടെ പേരിൽ കൊടൈക്കനാലിൽ മാസാജ് കേന്ദ്രം ഉൾപ്പെടെയുള്ള കോട്ടേജ് പ്രവർത്തിക്കുന്നുണ്ടെന്നും മറ്റ് നിരവധി സ്ഥങ്ങളിൽ തങ്ങൾക്ക് ഇത്തരത്തിലുള്ള സ്ഥാപനങ്ങളുണ്ടെന്നും പിടിയിലായവർ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് തെളിവെടുപ്പ് നടത്തിവരികയാണെന്നും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സി.ഐ സജി ലക്ഷ്മണൻ അറിയിച്ചു.

സ്‌ക്വാഡിന്റെ വാഹന പരിശോധനയ്ക്കിടെയാണ് നാൽവർ സംഘം പിടിയിലായത്.പ്രിവന്റീവ് ഓഫീസ് എ. എസ്. ജയൻ, ഇ. എ അസിസ്, സിവിൽ എക്സൈസ് ഓഫിസർ റോബി കെ.എം. റൂബിൻ പി.എക്‌സ്. രഞ്ജു, ലിജി ആന്റണി എന്നിവർ സംഘത്തിലുൾപ്പെട്ടിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ എറണാകുളം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഒ എസ് ശശികുമാറും സംഘത്തോടൊപ്പമുണ്ടായിരുന്നു.

കുമളി ചെക്‌പോസ്റ്റിൽ കുടുംബമായെത്തുന്ന വാഹനയാത്രക്കാരെ കാര്യമായി പരിശോധിക്കാറില്ല. ഈ ആനൂകൂല്യം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് തൃശ്ശൂരിലായിരുന്ന രാജിയെ വിളിച്ചുവരുത്തി ജിനദേവ് കൃത്യത്തിൽ പങ്കാളിയാക്കിത്. ദിലീപിനും നിഷാദിനൊപ്പമാണ്് ഇവർ കൊച്ചിയിൽ നിന്നും കൊടൈക്കനാലിന് പുറപ്പെട്ടത്.

ഇവിടെ നിന്നും കഞ്ചാവുമായി ജിനദേവും ഇവർക്കൊപ്പം കാറിൽ കയറി. പ്രതീക്ഷിച്ച പോലെ കുമളിയിൽ കാര്യമായ പരിശോധന ഉണ്ടായില്ല. ഇതോടെ രക്ഷപട്ടെന്ന് കരുതി കൊച്ചിയിലേക്ക് അടുക്കവേയാണ് തൃപ്പൂണിത്തുറയിൽ എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുന്നത്. തനിക്ക് വാഹനത്തിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നതായി അറിയില്ലെന്ന രാജിയുടെ വാദം ഉദ്യോഗസ്ഥ സംഘം കണക്കിലെടുക്കുന്നില്ല.

ഇവർ നാലുപേരും ഒരുമിച്ചാണ് കോട്ടേജുകൾ നടത്തിവരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ അധികൃതർക്ക് ലഭിച്ച വിവരം. വിദേശികളടക്കം നിരവധി വിനോദ സഞ്ചാരികൾ വന്നുപോകുന്ന കൊടൈക്കനാലിലെ കോട്ടേജുകൾ കേന്ദ്രീകരിച്ച് ഇവർ മയക്കുകരുന്ന് കൈമാറ്റം നടത്തിവന്നിരുന്നതായി സംശയമുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്നുമാണ് അധികൃതർ നൽകുന്ന വിവരം.