ഇസ്താംബുൾ: ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ഒക്ടോബർ ആദ്യം ക്രൂരമായി കൊല ചെയ്യപ്പെട്ട സൗദി പൗരനും വാഷിങ്ടൺ ടൈംസ് ലേഖകനുമായ ജമാർ ഖഷോഗിയുടെ മൃതദേഹത്തെ പോലും സൗദി കൊലയാളികൾ വെറുതെ വിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം കോൺസുലേറ്റിൽ വച്ച് അറുത്ത് മുറിച്ച് കൊന്ന ശേഷം ഖഷോഗിയുടെ മൃതദേഹം പല പെട്ടികളിലാക്കി സൗദി അറേബ്യയ്ക്ക് കൊണ്ടു പോവുകയായിരുന്നുവോ...? എന്ന ചോദ്യം ശക്തമാകുന്നുണ്ട്. ഈ ജേർണലിസ്റ്റിന്റെ ഭൗതികാവശിഷ്ടത്തെ പോലും സൗദി വെറുതെ വിട്ടില്ലെന്ന ആരോപണം ഉന്നയിച്ച് തുർക്കിയാണ് മുന്നോട്ട് വന്നിരിക്കുന്നത്. എന്നാൽ ഈ മൃതദേഹം ഇനിയും കണ്ടെത്താനാവാത്തതിനാൽ അന്വേഷണം പ്രതിസന്ധിയിലായിട്ടുമുണ്ട്.

ഒക്ടോബർ രണ്ടിന് നടന്ന കൊലപാതകത്തിന്റെ ആസൂത്രകൻ സൗദി രാജകുമാരനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനാണെന്ന ആരോപണം ശക്തമാവുകയും അതിനെ തുടർന്ന് സൗദിക്കെതിരെ അന്താരാഷ്ട്രതലത്തിൽ തന്നെ കടുത്ത വിമർശനം ഉയർന്ന് വരുകയും ചെയ്തിരുന്നു. സൗദി ഭരണകൂടത്തിന്റെ നിത്യവിമർശകനായതിനാൽ ഖഷോഗിയെ വകവരുത്താൻ രാജകുമാരൻ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സൗദി കൊലയാളികൾ ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കി തങ്ങളുടെ ലഗേജുകളിലാക്കുകയും വിമാനത്തിൽ കയറ്റി സൗദിയിലേക്ക് കടത്തുകയുമായിരുന്നുവെന്നാണ് തുർക്കിയുടെ പ്രതിരോധ മന്ത്രി ഹുലുസി അകാർ ആരോപിച്ചിരിക്കുന്നത്.

ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് തീർത്തും പരസ്പര വിരുദ്ധങ്ങളായ വിശദീകരണങ്ങളായിരുന്നു സൗദി പലഘട്ടങ്ങളിൽ നൽകിയിരുന്നത്. സൗദിയിലേക്ക് വരാൻ ഖഷോഗിയെ പലവട്ടം നിർബന്ധിച്ചിട്ടും വഴങ്ങാത്തതിനെ തുടർന്ന് കൊന്നു പോവുകയായിരുന്നുവെന്നാണ് സൗദിയുടെ ഒരു വിശദീകരണം.കാനഡയിൽ വച്ച് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കവെയാണ് തുർക്കി പ്രതിരോധ മന്ത്രി പുതിയ ആരോപണം സൗദിക്കെതിരെ ഉയർത്തിയിരിക്കുന്നത്.കൊലപാതകത്തിന് ശേഷം മൂന്നോ നാലോ മണിക്കൂറുകൾക്കകം അവർ സൗദി വിട്ട് പോയിരിക്കാനാണ് സാധ്യതയെന്നും തുർക്കിയുടെ പ്രതിരോധ മന്ത്രി ഹുലുസി അകാർ അഭിപ്രായപ്പെടുന്നു.

ഖഷോഗിയുടെ മൃതദേഹം പല പാർട്സുകളാക്കി നുറുക്കി സ്യൂട്ട്കേസുകളിൽ കയറ്റുകയും നയതന്ത്രപരമായ തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തി എയർപോർട്ടിലെ ലഗേജ് പരിശോധനകളിൽ നിന്നും കൊലപാതകികൾ ഒഴിവാകുകയായിരുന്നുവെന്നും അകാർ പറയുന്നു.15 പേരടങ്ങുന്ന സംഘമാണ് ഇത്തരത്തിൽ ഖഷോഗിയെ വധിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഖഷോഗിയുടെ മൃതദേഹം ആസിഡിൽ ലയിപ്പിച്ചിട്ടുണ്ടാവുമോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും തുർക്കി ഒഫീഷ്യലുകൾ ആവശ്യപ്പെടുന്നു.