ഡൽഹി: തട്ടിക്കൊണ്ടുപോയ രണ്ടരവയസ്സുകാരനെ ഉർന്ന വിലയ്ക്ക് വിൽക്കാൻ വാട്‌സാപ്പിലൂടെ പരസ്യം ചെയ്തത് മൂന്ന് സ്ത്രീകൾ ചേർന്ന്. 1.8 ലക്ഷം രൂപ വിലയിട്ട് കുട്ടിയുടെ ചിത്രം ഇതിലൊരു സ്ത്രീ വാട്‌സാപ്പിലിട്ടതോടെ ഇവർ കുടുങ്ങി. മനുഷ്യക്കച്ചവട മാഫിയയിലേക്ക് വിരൽചൂണ്ടുന്ന സംഭവമാണ് ഡൽഹിയിലുണ്ടായതെന്ന് പൊലീസ് കരുതുന്നു.

ഡൽഹി ജുമാ മസ്ജിദിന്റെ സമീപത്തുനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഡൽഹിയിലെ ആറ് വ്യത്യസ്തയിടങ്ങളിൽ പാർപ്പിച്ചശേഷമാണ് മൂന്ന് സ്ത്രീകൾ ചേർന്ന് കുട്ടിയെ വാങ്ങിയത്. ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ദത്തെടുക്കാനൊരുങ്ങുന്ന ഒരാൾ, വാട്‌സാപ്പിൽ നൽകിയ കുട്ടിയുടെ ചിത്രംകണ്ട് പൊലീസിൽ വിവരം അറിയിക്കുകായിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോൾ യുവതികളിലൊരാൾ കുട്ടിയെ രഘുബീർ നഗറിലെ ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ചു. ഇവർ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചതും. എന്നാൽ, മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസിന് മൂന്നുപേരെയും അറസ്റ്റ് ചെയ്യാനായി. രാധ (40), സോണിയ (24), സരോജ് (34) എന്നിവരെയും ജാൻ മുഹമ്മദ് എന്നയാളെയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു.

ജാൻ മുഹമ്മദാണ് ജുമാ മസ്ജിദിന്റെ ഒന്നാം ഗേറ്റിന് സമീപത്തുനിന്ന് കുട്ടിയെ തട്ടിയെടുത്തത്. ജൂൺ അഞ്ചിനായിരുന്നു ഇത്. കുട്ടിയെ രാധയുടെ വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടിയെ വിറ്റ് അതിലൊരു പങ്ക് ഇയാൾക്ക് നൽകാമെന്ന് രാധ വാക്കുനൽകി. കുറച്ചുദിവസം തന്റെ വീട്ടിൽ സൂക്ഷിച്ച കുട്ടിയെ രാധ സോണിയക്ക് ഒരുലക്ഷം രൂപയ്ക്ക് വിറ്റു. മംഗൾപുരിയിലെ തന്റെ താവളത്തിൽ കുറച്ചുദിവസം കുട്ടിയെ സൂക്ഷിച്ച സോണിയ, 1.10 ലക്ഷം രൂപയ്ക്ക് അവനെ സരോജിന് വിറ്റു.

സരോജാണ് കുട്ടിയുടെ ചിത്രമടക്കം വാട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. കുട്ടിക്ക് വില 1.8 ലക്ഷമാണെന്നും കാണിച്ചിരുന്നു. ഇതോടെയാണ് പൊലീസ് കേസിൽ ഇടപെടുന്നതും അറസ്റ്റ് നടന്നതും. കുട്ടിയെ തിരിച്ചറിയുന്നതിനായി ചിത്രം പ്രാദേശിക കേബിൾ ടെലിവിഷനിലൂടെ പൊലീസ് കാണിക്കുകയും ചെയ്തിരുന്നു.

പൊലീസ് അന്വേഷണം മുറുകിയതോടെ, സരോജ് കുട്ടിയെ ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഒരു വഴിയാത്രക്കാരിയെന്ന നിലയിൽ ഇവർതന്നെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഈ നമ്പർ പിൻതുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. ഒരു വന്ധ്യതാ ക്ലിനിക്കിൽവച്ചാണ് സരോജും രാധയും സോണിയയും ആദ്യം പരിചയപ്പെട്ടതെന്നും പൊലീസിന് വിവരം ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാടകഗർഭപാത്ര മാഫിയയുമായും ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു.