- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇർഷാദിന്റെ കൊലപാതകത്തിന് പിന്നാലെ 916 നാസറിനെതിരെ മറ്റൊരു തട്ടിക്കൊണ്ടു പോകൽ ആരോപണവും; കൂത്തുപറമ്പ് സ്വദേശി ജസീലിനെ സ്വർണ്ണക്കടത്ത് സംഘം ദുബായിൽ തടവിലാക്കിയെന്ന് പിതാവിന്റെ ആരോപണം; ജസീലിന്റെ ജീവൻ അപകടത്തിലെന്നും അബ്ദുൾ ജലീൽ; കനകമാഫിയയുടെ വിളയാട്ടം തുടരുന്നു
കൂത്തുപറമ്പ്: യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിട്ടും മലബാറിലെ സ്വർണമാഫിയയുടെ രാജാക്കന്മാർക്ക് കുലുക്കമില്ല. പിന്നിടെയും ഇക്കൂട്ടർ മറ്റുള്ളവരെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തുന്നത് പതിവാക്കുന്നു. പന്തിരിക്കരയിൽ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ഇർഷാദ് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിർണ്ണായക വെളിപ്പെടുത്തലും പുറത്തുവന്നു.
മകനെ സ്വർണ്ണക്കടത്ത് സംഘം ദുബായിൽ തടവിലാക്കിയെന്ന് ആരോപിച്ചു രംഗത്തുവന്നത് കണ്ണൂർ സ്വദേശിയാണ്. തന്റെ മകൻ ജസീലിന്റെ സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായാണ് അബ്ദുൾ ജലീൽ രംഗത്തുവന്നത്. മകൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ തടവിലാണെന്ന് മൂന്ന് മാസം മുൻപ് പരാതി നൽകിയിരുന്നുവെന്ന് പിതാവ് പറയുന്നു. കൂത്തുപറമ്പ് പൊലീസിലാണ് പരാതി നൽകിയതെന്നും ജലീൽ പറഞ്ഞു.
മൂര്യാട് കാരക്കുറ്റിയിലെ പൂങ്കാവനത്തിൽ ജസീൽ ജലീൽ (25) ദുബായിൽ 3 മാസമായി സ്വർണക്കടത്തു സംഘത്തിന്റെ തടവിലാണെന്നും പരാതി നൽകിയിട്ടു മാസങ്ങളായിട്ടും പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയില്ലെന്നും ജസീലിന്റെ പിതാവും വിമുക്ത ഭടനുമായ വി.വി.അബ്ദുൽ ജലീൽ.
കോഴിക്കോട് പന്തിരിക്കരയിൽ കൊല്ലപ്പെട്ട ഇർഷാദിനെ സ്വർണക്കടത്തു സംഘത്തിനു പരിചയപ്പെടുത്തിയതു ജസീലാണെന്നു പറഞ്ഞാണു തടവിലാക്കിയതെന്നും ജലീൽ പറഞ്ഞു. താമരശ്ശേരി സ്വദേശി മുഹമ്മദ് സ്വാലിഹെന്ന 916 നാസറാണ് ജസീലിനെ തട്ടിക്കൊണ്ടു പോയതെന്നും ഇക്കാര്യം സ്വാലിഹ് തന്നെ വിളിച്ചു പറഞ്ഞിരുന്നെന്നും ജസീലിന്റെ പിതാവ് അബ്ദുൽ ജലീൽ പറഞ്ഞു.
പന്തിരക്കരിയിലെ ഇർഷാദിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് ജസീൽ.മകൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ തടവിലാണെന്ന് മൂന്ന് മാസം മുൻപ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ദുബായിൽ നിന്നും ഭീഷണി കോളുകൾ വന്നതിന് പിന്നാലെയാണ് പരാതി നൽകിയത്. സ്റ്റേഷനിൽ കാര്യം തിരക്കുമ്പോൾ അന്വേഷണം നടക്കുകയാണെന്നാണ് പറഞ്ഞ് മടക്കി അയക്കുമെന്നും ജലീൽ പറയുന്നു.
സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം ഉണ്ടെന്ന ഇപ്പോഴാണ് അറിയുന്നതെന്നും ജലീൽ പറയുന്നു. കൊല്ലപ്പെട്ട ഇർഷാദിനെ സ്വർണ്ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി ബന്ധപ്പെടുത്തിയത് ജസീലായിരുന്നു. നാട്ടിലെത്തിയ ഇർഷാദ് സ്വർണം മറ്റൊരു സംഘത്തിന് കൈമാറി. സ്വർണം നഷ്ടപ്പെട്ടുവെന്ന് മനസിലായതോടെ ജസീലിനെ തടങ്കലിലാക്കുകയായിരുന്നു.
ഇർഷാദിനെ തട്ടിക്കൊണ്ടുപോയ നാസറിന്റെ സംഘം തന്നെയാണ് ജസീലിനെയും തടങ്കലിലാക്കിയതെന്നാണ് വിവരം. ജസീലിന് ക്രൂരമർദന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദ്ദനത്തിൽ ശരീരമാസകലം മുറിവുകളും ചതവുകളും ഉണ്ടായതായി ചിത്രത്തിൽ നിന്ന് വ്യക്തമാണ്. ജൂലൈ ആറിനാണ് പെരുവണ്ണാമൂഴി സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. അതേസമയം, ജസീലിനെ കാണാതായെന്ന പരാതിയാണു ലഭിച്ചതെന്നും മകൻ സുരക്ഷിതമായി ദുബായിൽ എത്തിയെന്നു പിന്നീടു ജലീൽ പറഞ്ഞത് അനുസരിച്ചാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു.
ദുബായിയിൽ നിന്ന് നാട്ടിലെത്തിയ ഇർഷാദ് കോഴിക്കോടേക്ക് പോയ ശേഷമാണ് വീട്ടിലേക്ക് ഭീഷണി സന്ദേശം വന്നത്. സംഭവത്തിന് പിന്നിൽ കൈതപ്പൊയിൽ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് വിവരം. ഇയാൾ നിലവിൽ വിദേശത്താണ്. പത്തനംതിട്ട സ്വദേശിയായ ഒരു യുവതിക്കും സംഭവവുമായി ബന്ധമുണ്ടെന്നാണ് വിവരം. മകനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ നാസർ എന്നയാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ഉമ്മ നബീസ പറഞ്ഞിരുന്നു.
ഇർഷാദിനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിക്കുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. ദുബായിൽ നിന്ന് വന്നപ്പോൾ ഇർഷാദ് സ്വർണം കൊണ്ടുവന്നിരുന്നുവെന്നും അത് മടക്കി നൽകണമെന്നും അജ്ഞാതർ ഫോണിലൂടെ ആവശ്യപ്പെട്ടു. പൊലീസിനെ വിവരമറിയിച്ചാൽ ഇർഷാദിനെ കൊല്ലുമെന്നും ഇവർ ഭീഷണിപ്പെടുത്തി. എന്നാൽ യുവാവിനെ കെട്ടിയിട്ട നിലയിലുള്ള ചിത്രം ലഭിച്ചതോടെ പൊലീസിനെ വിവരമറിയിക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി കടപ്പുറത്ത് നിന്ന് ഇർഷാദിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു. നേരത്തെ ഇർഷാദിന്റെ വിദേശത്തുള്ള സഹോദരനെയും നാസറിന്റെ സംഘം തടവിലാക്കിയിരുന്നു.
ഇർഷാദിന്റേതുകൊലപാതകമെന്ന വാദത്തിലുറച്ച് നിൽക്കുകയാണ് കുടുംബം. നീന്തലറിയാവുന്ന മകൻ മുങ്ങിമരിക്കില്ല. സ്വർണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയതാകാം. മകന്റേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും പിതാവ് നാസർ പറഞ്ഞു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയൂർ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. എന്നാൽ മൃതദേഹം സംബന്ധിച്ച് സംശയമുണ്ടായതോടെ ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു. പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഇർഷാദിന്റെ കുടുംബം ഉയർത്തുന്നത്.
കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളിൽ വെച്ച് കാറിൽ നിന്ന് ഇർഷാദ് പുഴയിൽ ചാടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാറിലെത്തിയ സംഘത്തിലൊരാൾ പുഴയിലേക്ക് ചാടിയതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. ഈ സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഈ മൃതദേഹമാണ് ദീപക്കിന്റേതാണെന്ന് പറഞ്ഞ് സംസ്‌കരിച്ചത്. ഇതോടെ ദീപക്കിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.
മറുനാടന് മലയാളി ബ്യൂറോ