വാഴക്കുളം(തൊടുപുഴ): മൊബൈലിൽ മകൻ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്യാൻ വീട്ടമ്മയ്ക്കു പറ്റിയില്ല. തിരിച്ചുവിളിച്ചപ്പോൾ മറുതലയ്്ക്കൽ നിന്നും കിട്ടിയത് തെറിയഭിഷേകവും അശ്ലീലവർഷവും. വീട്ടമ്മ വിവരമറിയിച്ചതു പ്രകാരം ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയപ്പോൾ 'പ്രതി ' ഇവരുടെ മകനൊപ്പമുള്ളയാളെന്നു വ്യക്തമായി. തുടർന്ന് കാറിലെത്തി ഇയാളെ ബലമായി പിടിച്ചുകയറ്റിക്കൊണ്ടുപോയി കാര്യമായി കൈകാര്യം ചെയ്തു. വിവരമറിഞ്ഞ് പൊലീസ് പിന്നാലെ വിട്ടു. ഒടുവിൽ അക്രമിസംഘം വലയിൽ. പരിക്കുകളോടെ ഇരയെയും മോചിപ്പിച്ചു.

ഇന്നലെ തൊടുപുഴ വാഴക്കുളം പൊലീസ ്‌സ്റ്റേഷൻ പരിധിയിൽനിന്നും ടൈൽസ് പണിക്കാരനായ യുവാവിനെ കാറിലെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ: സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല തുറവൂർ ഓലിക്കച്ചിറ കണ്ണൻ, മകൻ വിഷ്ണു, ബന്ധുക്കളായ സജിത്, ഷാനി എന്നിവരുൾപ്പെടെ അഞ്ചുപേരെ പ്രതികളാക്കി വാഴക്കുളം പൊലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും മറ്റുമാണിവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇവരെത്തിയ വെള്ള ഇൻഡിക്ക കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചേർത്തല തുറവൂർ പള്ളിക്കര കോവിൽപ്പറമ്പിൽ അജീഷീ(27)നെയാണ് ഇവർ പൊലീസ് സ്‌റ്റേഷന് വിളിപ്പാടകലെ തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ കലൂർക്കാട് കവലയിൽ നിന്നും ഇന്നലെ ഉച്ചക്ക് 12 മണിയോടെ കാറിലെത്തി തട്ടിക്കൊണ്ടുപോയത്. കണ്ടുനിന്ന ഇവിടത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ തക്കസമയത്ത് വിവരമറിയിച്ചതോടെ പൊലീസ് ജാഗരൂകരായി. ഉടൻ സമീപസ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. വാഹനം കണ്ടെത്താൻ ഇതേ റൂട്ടിൽ പൊലീസ് ജീപ്പുകൾ തലങ്ങും വിലങ്ങും പാഞ്ഞു. ഇതിനിടയിൽ വിവരമറിഞ്ഞ റൂറൽ എസ് പി അടക്കമുള്ളവരും പ്രശ്‌നത്തിൽ ഇടപെട്ടു. വ്യാപകതിരച്ചിലിനൊടുവിൽ മൂവാറ്റുപഴയിൽനിന്നും പൊലീസ് അക്രമിസംഘത്തെ കസ്റ്റഡിയിലെടുത്തു. മോചിപ്പിക്കുമ്പോൾ കാറിലുണ്ടായിരുന്നവർ തന്നെ ക്രൂരമായി മർദ്ദിച്ചതായി അജീഷ് വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

തുടർന്നു നടത്തിയ പൊലീസ് അന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തായത്. അക്രമി സംഘത്തിലെ വിഷ്ണു അജീഷിനൊപ്പമാണ് ജോലി ചെയ്തിരുന്നത്. ഏതാനും ആഴ്ച മുമ്പ് ഒരുദിവസം വിഷ്ണു അജീഷിന്റെ ഫോണിൽ നിന്നും സ്വന്തം അമ്മയെ വിളിച്ചു. ഈ സമയം അമ്മ കോൾ അറ്റൻഡ് ചെയ്തില്ല. ഫോൺ മടക്കി നൽകി വിഷ്ണു ജോലിയിൽ വ്യാപൃതനായി. താൻ ആരെയാണ് വിളിച്ചതെന്ന കാര്യം വിഷ്ണു അജീഷിനോട് പറയാനും മറന്നു.

അല്പം കഴിഞ്ഞ് വിഷ്ണുവിന്റെ മാതാവ് അജീഷിന്റെ നമ്പറിലേക്ക് വിളിച്ച് കാര്യം തിരക്കി. ഈ സമയം ഇയാൾ അശ്ലീലച്ചുവയോടെ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് പലവട്ടം തുടർന്നു. കഴിഞ്ഞ 16-ന് കുടുംബത്തിൽ നടന്ന വിവാഹച്ചടങ്ങിൽ ബന്ധുക്കൾ ഒത്തുകൂടിയിരുന്ന അവസരത്തിലും അജീഷ് ഇവരെ വിളിച്ച് അസഭ്യം പറഞ്ഞു. കേട്ടു മടുത്തപ്പോൾ വീട്ടമ്മ ഫോൺ ബന്ധുവിന് കൈമാറി. ഇതിൽ പ്രകോപിതനായ അജീഷ് നാട്ടിലെത്തി വകവരുത്തുമെന്ന് ബന്ധുവിനെ ഭീഷണിപ്പെടുത്തി.

തുടർന്ന് ബന്ധുക്കൾ മൊബൈൽ നമ്പറിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ അജീഷ് തുറവൂർ പള്ളിക്കര സ്വദേശിയാണെന്നു വ്യക്തമായി. തുടർന്ന് പഞ്ചായത്ത് മെമ്പറെയും കൂട്ടി വീട്ടിലെത്തിയപ്പോൾ തൊടുപുഴ ഭാഗത്താണ് അജീഷ് ജോലിചെയ്യുന്നതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ഇതറിഞ്ഞപ്പോൾ തൊടുപുഴ ഭാഗത്ത് ജോലി ചെയ്തിരുന്ന വിഷ്ണുവിനെ വീട്ടുകാർ വിവരം ധരിപ്പിച്ചു. മൊബൈൽ നമ്പർ ലഭിച്ചതോടെ അജീഷാണ് മാതാവിനെ വിളിച്ച് അസഭ്യം പറയുന്നതെന്ന് വിഷ്ണുവിന് ബോദ്ധ്യമായി. വിഷ്ണു അച്ഛനേയും ബന്ധുക്കളേയും വിളിച്ച് തനിക്കറിയാവുന്ന അജീഷാണു കക്ഷിയെന്നു വ്യക്തമാക്കി. തുടർന്ന് പ്രതികാരം ചെയ്യാൻ അവരെല്ലാം ചേർന്നു തീരുമാനിക്കുകയായിരുന്നു.

ഇവർ വാഴക്കുളത്തെ പണി സ്ഥലത്തെത്തി അജീഷിനെ തിരിച്ചറിഞ്ഞ് തട്ടിക്കൊണ്ടുപോവുകയായിരുന്നു.  വണ്ടിയിലിട്ട് സംഘം അജീഷിനെ മർദിച്ചവശനാക്കി. തട്ടിക്കൊണ്ടുപോയ വിവരം വാഴക്കുളത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പൊലീസിനെ അറിയിച്ചതിനാൽ പൊലീസിന് ഉടൻ കർമനിരതരാകാൻ കഴിഞ്ഞു. പിന്നീടാണ് അന്വേഷണവും പിന്തുടരലും നടത്തിയതും പ്രതികളെ കൈയോടെ പിടികൂടിയതും. ഒരു പക്ഷേ തുമ്പില്ലാതാകുമായിരുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായതിന്റെ ആത്മനിവൃതിയിലാണിപ്പോൾ വാഴക്കുളം പൊലീസ്.