തിരുവനന്തപുരം : സംസ്ഥാനത്തെ സ്വയം ഭരണ / സ്റ്റാറ്റുട്ടറി സ്ഥാപനങ്ങൾ/ കോർപ്പറേഷനുകൾ എന്നിവയിലെ എം.ഡി. / സെക്രട്ടറി / ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ എന്നിവരുടെ പെൻഷൻ പ്രായം 65 ൽ നിന്ന് 70 ആക്കാൻ 16.3.2 2 ലെ മന്ത്രിസഭയോഗ തീരുമാനമാനിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ നയിക്കുന്നവരിൽ പ്രമുഖൻ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായ കെ എം എബ്രഹാമും. മാർച്ച് 16ലെ മന്ത്രിസഭാ തീരുമാനം ഉത്തരവായപ്പോൾ അതിന്റെ ഗുണഭോക്താവും കെ എം എബ്രഹാം ആയെന്നതാണ് വസ്തുത.

18.3.22 ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ആസുത്രണ സാമ്പത്തിക കാര്യവകുപ്പിൽ നിന്നിറങ്ങി. ഈ ഉത്തരവ് ഇറങ്ങിയത് ഡോ. കെ.എം. എബ്രഹാമിന് വേണ്ടിയായിരുന്നു എന്നാണ് സെക്രട്ടേറിയേറ്റിലെ ഉന്നത വൃത്തങ്ങൾ തന്നെ പറയുന്നത്. കിഫ് ബി സിഇഒ ആയ ഡോ.കെ.എം എബ്രഹാമിന് മെയ് മാസം 65 വയസ് തികയുന്നതോടെ നിലവിലെ ഉത്തരവ് പ്രകാരം കിഫ്ബി സിഇഒ ആയി പ്രവർത്തിക്കാൻ സാധിക്കാതെ വരുമായിരുന്നു. ഇത് ഒഴിവാക്കാൻ വേണ്ടി എബ്രഹാം തന്നെ മുന്നിട്ടിറങ്ങി ഇറക്കിയ ഉത്തരവാണിത്.

60 വയസിൽ ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് ശേഷം കിഫ് ബിയിൽ കയറി പറ്റിയ എബ്രഹാമിന് ചീഫ് സെക്രട്ടറി തലത്തിലെ പെൻഷനായ 1.50 ലക്ഷത്തിന് പുറമേ കിഫ് ബിയിലെ ശമ്പളമായി 3.30 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. ഓഫിസ് സംബന്ധമായ മറ്റ് സൗകര്യങ്ങൾ നിരവധിയാണ്. 3 വർഷത്തേക്കായിരുന്നു കിഫ് ബി യിൽ എബ്രഹാമിനെ ആദ്യം നിയമിച്ചത്. 2.75 ലക്ഷം രൂപ മാസ ശമ്പളവും 10 ശതമാനം വാർഷിക ശമ്പള വർദ്ധനയും ആയിരുന്നു തുടക്കത്തിലുണ്ടായിരുന്നു. ഓരോ വർഷവും 10 ശതമാനം വർദ്ധിപ്പിച്ച് ശമ്പളം കിട്ടുന്ന സംസ്ഥാനത്തെ രണ്ട് ഉദ്യോഗസ്ഥരിൽ ഒരാളാണ് എബ്രഹാം.

രണ്ടാമത്തെയാൾ കിഫ്ബിയിലെ രണ്ടാമൻ വിജയദാസ് ആണ്. 3 വർഷ കാലാവധി തീർന്നതോടെ ഐസക്കിനെ പിടിച്ച് വീണ്ടും കാലാവധി നീട്ടി വാങ്ങാൻ എബ്രഹാമിന് സാധിച്ചു. രണ്ടാമത് ഭരണം കിട്ടിയപ്പോൾ ഐസക്കിനെ തള്ളി പിണറായിയെ പിടിച്ചു വീണ്ടും സിഇഒ കസേര തരപ്പെടുത്തി. അപ്പോഴാണ് 65 വയസിൽ വിരമിക്കേണ്ടിവരുമെന്ന ഉത്തരവ് എബ്രഹാമിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ എബ്രഹാം ഉണർന്ന് പ്രവർത്തിച്ചു. അങ്ങനെ പെൻഷൻ പ്രായം 65 ൽ നിന്ന് 70 ആക്കാൻ എബ്രഹാമിന് സാധിച്ചു.

സ്വന്തം കസേര രക്ഷിക്കാൻ എബ്രഹാം ഉണർന്ന് പ്രവർത്തിച്ചപ്പോൾ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ അബൂബക്കറും രക്ഷപ്പെട്ടു. 67 വയസാണ് അബുബക്കറിന് . 3 വർഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി അബുബക്കറിന് ഇരിക്കാം. അബുബക്കറിന്റെ കാര്യം പറഞ്ഞ് എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉള്ള ചില കഥകൾ എബ്രഹാം വിരുദ്ധർ സെക്രട്ടേറിയേറ്റിൽ പറഞ്ഞു പരത്തുന്നുണ്ട്. അബുബക്കറിന് 3 വർഷം കസേര കിട്ടുമെങ്കിൽ എബ്രഹാമിന് 5 വർഷം കസേര ഉറപ്പിക്കാൻ സാധിക്കും പുതിയ ഉത്തരവിലൂടെ .

ചീഫ് സെക്രട്ടറിയായി വിരമിച്ചതിനു ശേഷം മുംബെയിൽ ജോലിക്ക് കയറും എന്നാണ് എബ്രഹാം അടുപ്പക്കാരോട് പറഞ്ഞത്. 70 വരെ കിഫ്ബിയിൽ ഇരുന്ന് 10 വർഷത്തോളം മൂന്നു ലക്ഷത്തിന് മുകളിൽ ശമ്പളം പറ്റാൻ സാധിക്കുന്ന എബ്രഹാമിനെ കുറിച്ച് ചിലയാളുകൾ പറയുന്ന ഡയലോഗ് സെക്രട്ടേറിയേറ്റിൽ പ്രസിദ്ധമാണ് ' എബ്രഹാമിന്റെ മുംബൈ സെക്രട്ടേറിയേറ്റ് പരിസരവും വഴുതക്കാടും ആണ് ' . ഇങ്ങനെ യുള്ള ഡയലോഗ് ഒന്നും എബ്രഹാം മൈൻഡ് ചെയ്യാറില്ല. അഞ്ച് വർഷം കൊണ്ട് 50000 കോടി കിഫ്ബി പദ്ധതികൾ പൂർത്തി കരിക്കുമെന്നായിരുന്നു ഐസക്കിനെ കൊണ്ട് എബ്രഹാം നടത്തിയ വാഗ്ദാനം.

ഐസക്ക് എബ്രഹാമിനെ വിശ്വസിച്ച് അതേറ്റ് പാടി. 4429 കോടിയുടെ പദ്ധതികൾ മാത്രമേ കിഫ് ബിയിൽ പൂർത്തീകരിച്ചുള്ളു എന്ന് കഴിഞ്ഞ മാസം ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ മറുപടി നൽകി. ഐസക്കിന് എംഎ‍ൽഎ സീറ്റും ധനമന്ത്രി സ്ഥാനവും പോയതോടെ മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ കയറാനായി എബ്രഹാമിന്റെ ശ്രമം. അതിൽ ഒരു പരിധി വരെ എബ്രഹാം വിജയിച്ചു.