തിരുവനന്തപുരം : എസ് എൻ ഡി പി യോഗം തിരുവനന്തപുരം യൂണിയന്റെ ആസ്ഥാന മന്ദിര നിർമ്മാണത്തിൽ വ്യാപക അഴിമതി നടന്നുവെന്ന വെള്ളാപ്പള്ളി നടേശനും മകൻ തുഷാറിന്റേയും പ്രചരണം പച്ചക്കള്ളമാണെന്ന് യൂണിയൻ മുൻ സെക്രട്ടറി കിളിമാനൂർ ചന്ദ്രബാബു. കഴിഞ്ഞ 25 വർഷമായി വെള്ളാപ്പള്ളി കുടുംബം യോഗത്തിന്റെ കോടാനുകോടി രൂപ അടിച്ചു മാറ്റിയ ശീലം വച്ചാണ് മറ്റുള്ളവരേയും കള്ളമ്മാരാക്കാൻ ശ്രമിക്കുന്നതെന്നാണ് ചന്ദ്രബാബുവിന്റെ ആരോപണം. ഈ കള്ളക്കളി ഇനി വെച്ചു പൊറുപ്പിക്കില്ലെന്നാണ് വെള്ളാപ്പള്ളി വിരുദ്ധരുടെ നിലപാട്. യൂണിയൻ മന്ദിര നിർമ്മാർണത്തിലെ അഴിമതി ആരോപണ ങ്ങളെക്കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി അനുകൂലികൾ ഈ മാസം 23 ന് സെക്രട്ടറിയേറ്റ് നടയിൽ ധർണ നടത്തുന്നുണ്ട്. ഇതിന് ബദലായി അതേ ദിവസം തന്നെ ഗോകുലം ഗോപാലന്റെയും പ്രൊഫ. എൻ. കെ. സാനുവിന്റേയും നേതൃത്വത്തിൽ എസ് എൻ ഡി പി യോഗം സംയുക്ത സമരസമിതി സെക്രട്ടറിയേറ്റ് ധർണയും നടത്തുന്നുണ്ട്.

2007 ൽ തിരുവനന്തപുരം യൂണിയൻ പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായും കിളിമാനൂർ ചന്ദ്രബാബുവും സി എസ് സുജാതനും അധികാരമേൽക്കുമ്പോൾ തിരുവനന്തപുരത്തെ പുളിമൂട് ജംഗ്ഷനിൽ ഒരു ബാർബർ ഷോപ്പ് കെട്ടിടത്തിന്റെ മുകളിൽ ആയിരുന്നു എസ്എൻഡിപിയുടെ യൂണിയൻ മന്ദിരം. പിന്നീട് നാലരവർഷം പേട്ടയിൽ മാസ വാടകയ്ക്കാണ് യൂണിയൻ മന്ദിരം പ്രവർത്തിച്ചിരുന്നത്. 53 ശാഖകളുള്ള തിരുവനന്തപുരം യൂണിയന് ഒരു മന്ദിരം വേണം എന്ന ആശയം മുന്നോട്ട് വെച്ചത് ശ്രീധന്യ കൺസ്ട്രക്ഷൻസ് ഉടമയും വ്യവസായിയുമായ കിളിമാനൂർ ചന്ദ്ര ബാബുവാണ്. ഇതിനായി തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് മൂന്നു നിലകളിലായി 1,30,53455 രൂപ ചെലവിൽ യൂണിയൻ മന്ദിരം നിർമ്മിച്ചു.

കേരളത്തിലെ ശ്രീ നാരായണീയ സമൂഹത്തിന് തലസ്ഥാനത്തെ യൂണിയൻ എന്ന നിലയിൽ തിരുവനന്തപുരം യൂണിയന് മന്ദിരം ലഭിച്ചത് വലിയ അഭിമാന വിഷയമായിരുന്നു. അതിനു ചുക്കാൻ പിടിച്ച അതാകട്ടെ കിളിമാനൂർ ചന്ദ്രബാബു എന്ന ഒറ്റയാനും. 1,30,53455 രൂപ ചെലവായതിന്റെ വിശദമായ വിവരം ഉൾക്കൊള്ളിച്ച് ഓഡിറ്റ് നടത്തുകയും ഈ ഓഡിറ്റിങ് പ്രകാരം എല്ലാം 2013 ഏപ്രിൽ 1 മുതൽ 2014 മാർച്ച് 31 വരെയുള്ള വരവുചെലവ് സ്റ്റേറ്റ്‌മെന്റ്, നാൾവഴി, പേരേട്, രസീതുകൾ, വൗച്ചറുകൾ മുതലായവയുമായി പരിശോധിച്ചതിൽ യൂണിയന്റെ ധന സ്ഥിതിയെ ശരിയായും സൂക്ഷ്മമായും കാണിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് സാക്ഷാൽ വെള്ളാപ്പള്ളി നടേശൻ തന്നെയാണ്.

ഈ ഒരു കോടി 30 ലക്ഷം രൂപയിൽ 53 ശാഖകളിൽ നിന്നായി 2647595 രൂപയാണ് മന്ദിര നിർമ്മാണത്തിന് ആകെക്കൂടി പിരിച്ചെടുത്തത്. ഈ പണം പിരിച്ചെടുത്ത വിവരം ഈ മന്ദിരത്തിൽ തന്നെ എല്ലാവർക്കും കാണാവുന്ന രീതിയിൽ ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യൂണിയനെ നല്ലരീതിയിൽ നയിച്ച ചന്ദ്രബാബു കേരളത്തിലെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന വിരലിലെണ്ണാവുന്ന യൂണിയൻ ആക്കി തിരുവനന്തപുരം യൂണിയനെ മാറ്റിയിരുന്നു.

യൂണിയൻ വരവായ നാലു ലക്ഷം രൂപയും വനിതാ സംഘം വരവായ ഒരു ലക്ഷം രൂപയും യൂത്ത് മൂവ്‌മെന്റ് വരവായ 1,14,750 രൂപയും മാരേജ് ബ്യൂറോ വരവായ രണ്ടു ലക്ഷം രൂപയും പലിശയിനത്തിൽ 58,387 രൂപയും പ്രീ മാരേജ് കൗൺസിലിങിന് ഈടാക്കിയ 25,000 രൂപയും മന്ദിര നിർമ്മാണത്തിനായി ചെലവാക്കി. തന്റെ വിവിധ സുഹൃത്തുക്കളിൽ നിന്നായി 10,37,700 രൂപ കൂടി കിളിമാനൂർ ചന്ദ്രബാബു മന്ദിര നിർമ്മാണത്തിനായി പിരിച്ചെടുത്തു. ബാക്കിവരുന്ന 65,71,012 ചന്ദ്രബാബുവും സി എസ് സുജാതനും സ്വന്തം കയ്യിൽ നിന്ന് തങ്ങൾ ബിസിനസ് ചെയ്ത് നേടിയ പണം മന്ദിര നിർമ്മാണത്തിനായി ചെലവാക്കി.

എന്നാൽ തുഷാർ വെള്ളാപ്പള്ളിയെ എസ്എൻ ട്രസ്റ്റിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി 2014 നിയമിക്കുന്നതിന് വേണ്ടി വെള്ളാപ്പള്ളി നടേശൻ തന്നോടൊപ്പം 1996 മുതൽ എസ്എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗമായും അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ച കിളിമാനൂർ ചന്ദ്രബാബുവിനെ ബലിയാടാക്കുകയാണ് ചെയ്തത്. ഇതേതുടർന്ന് ഒരു സുപ്രഭാതത്തിൽ തിരുവനന്തപുരം യൂണിയൻ രണ്ടായി വിഭജിക്കുകയും കെ സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ എന്ന പേരിലും വട്ടിയൂർക്കാവ് യൂണിയൻ എന്ന പേരിലും രണ്ട് യൂണിയനുകൾ നിലവിൽ വന്നു.

ഇതിൽ 39 ശാഖകൾ ഉൾപ്പെടുത്തി കൈതമുക്ക് കേന്ദ്രമാക്കി കെ. സുകുമാരൻ സ്മാരകം തിരുവനന്തപുരം യുണിയനും ശേഷിക്കുന്ന 14 ശാഖകൾ ഉൾപ്പെടുത്തി എസ്എൻഡിപി യോഗം വട്ടിയൂർക്കാവ് യൂണിയനും രൂപീകരിച്ചു. അങ്ങനെ അവിഭക്ത തിരുവനന്തപുരം യൂണിയന് മന്ദിരം ഉണ്ടാക്കി കൊടുത്ത കിളിമാനൂർ ചന്ദ്ര ബാബുവിനെ ഒതുക്കാനുള്ള രണ്ടാംഘട്ടം പദ്ധതികൾ വെള്ളാപ്പള്ളി ആവിഷ്‌കരിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം മന്ദിര നിർമ്മാണത്തിന് സ്വന്തം കൈയിൽ നിന്ന് 65 ലക്ഷത്തോളം രൂപ മുടക്കിയ കിളിമാനൂർ ചന്ദ്രബാബുവിനും സി എസ് സുജാതനും എസ്എൻഡിപി യോഗം വട്ടിയൂർകാവ് യൂണിയൻ അത്രയും രൂപ കടപ്പെട്ടിരിക്കുന്നു എന്ന് എസ്എൻഡിപി യോഗത്തിന്റെ ലെറ്റർപാഡിൽ A4/1167/2014 ആം ഉത്തരവായി ജനറൽ സെക്രട്ടറി തന്നെ പുറത്തുവിട്ടുണ്ട്.

അതായത് ബാർബർ ഷോപ്പ് കെട്ടിടത്തിന്റെ മുകളിലെ യൂണിയൻ മന്ദിരത്തിൽ നിന്നും മൂന്നു നിലയുള്ള യൂണിയൻ മന്ദിരം നിർമ്മിക്കാൻ 65 ലക്ഷം രൂപ സ്വന്തം കീശയിൽ നിന്ന് കിളിമാനൂർ ചന്ദ്രബാബു നൽകിയതായും ആ പണത്തിന് വട്ടിയൂർക്കാവ് യൂണിയൻ കടപ്പെട്ടിരിക്കുന്നു എന്നും സാക്ഷ്യപ്പെടുത്തിയ .വെള്ളാപ്പള്ളിയാണ് ചന്ദ്രബാബു യൂണിയന്റെ കാശ് അടിച്ചു മാറ്റി എന്ന ഈ വ്യാജ പ്രചരണവും നടത്തുന്നതെന്നാണ് ചന്ദ്രബാബു അനുകൂലികൾ പറയുന്നത്.ആടിനെ പട്ടിയാക്കുന്ന കുടില തന്ത്രമാണ് പയറ്റുന്നതെന്നാണ് ഇവരുടെ ആരോപണം.

യൂണിയൻ മന്ദിര നിർമ്മാണത്തിന് നൽകിയ ഒരുകോടി 30 ലക്ഷത്തോളം രൂപയുടെ കണക്കും ശരിയാണ് എന്ന് വെള്ളാപ്പള്ളി നടേശൻ തന്നെ എഴുതി നൽകിയ ശേഷം പിന്നെന്തിനാണ് ഈ ഇരട്ടത്താപ്പെന്നാണ് ചന്ദ്രബാബുവും കൂട്ടരും ചോദിക്കുന്നത്. എന്നുമുതലാണോ വെള്ളാപ്പള്ളി നടേശന്റെ കൊള്ളയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത് അന്നുമുതൽ തന്നെ ഒരു പ്രഖ്യാപിത ശത്രുവായി കൽപ്പിച്ച് അപവാദ പ്രചരണങ്ങൾ നടത്താനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും ചന്ദ്രബാബു പറയുന്നു.

മാർച്ച് 23ന് സെക്രട്ടറിയേറ്റ് പടിക്കൽ അയ്യായിരം പേരുടെ മാർച്ച് പ്രൊഫസർ എം കെ സാനുവും ഗോകുലം ഗോപാലനും ചേർന്നു നടത്തുമ്പോൾ അതിൽ കിളിമാനൂർ ചന്ദ്രബാബു പങ്കെടുക്കരുതെന്ന ഗൂഢോദ്ദേശ്യം ഉള്ളവരാണ് ചന്ദ്രബാബുവിനെതിരെയുള്ള പ്രചരണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. എതിരഭിപ്രായം പറയുന്നവരെ പോസ്റ്റർ ഒട്ടിച്ചും ഭീഷണിപ്പെടു ത്തിയും വെള്ളാപ്പള്ളി താറടിക്കാൻ ശ്രമിക്കുന്നതി ന്റെ ഉത്തമ ഉദാഹരണമാ ണ് ഈ സ്‌പോൺസേർഡ് ധർണ എന്നാണ് ആരോപണം.

തന്റെ കൂടെ കൊണ്ടുനടന്നും പിന്നീട് ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയും ചെയ്ത കെ കെ മഹേശനെ പോലെ ചന്ദ്രബാബുവിൽ ഒരു രണ്ടാം കെ കെ മഹേശനെയാണ് വെള്ളാപ്പള്ളി കാണുന്നതെന്നും ചന്ദ്രബാബു അനുകൂലികൾ പറയുന്നു. ഈ ദുഷ്ട ബുദ്ധിക്കുള്ള മറുപടിയാണ് ഇരുപത്തിമൂ ന്നാം തീയതി സെക്രട്ടറിയേറ്റിലേക്കുള്ള ഗോകുലം ഗോപാലന്റെയും കൂട്ടരുടേയും മാർച്ചും ധർണയും എന്നാണ് അവരുടെ നിലപാട്.