കൊല്ലം: വീട്ടിലെ സ്ഥിരം സന്ദർശകനായ അമ്മയുടെ കാമുകൻ തന്നെ കടന്നു പിടിച്ചതായും മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായും കാട്ടി പെൺകുട്ടി പരാതിയുമായി രംഗത്ത്. പക്ഷേ പൊലീസ് നടപടികളൊന്നും എടുക്കുന്നില്ല. പണത്തിന്റെ സ്വാധീനത്തിന് പൊലീസ് വഴങ്ങുന്നതായാണ് ആരോപണം.

അമ്മയുടെ കാമുകൻ ചവറ നീണ്ടകര സ്വദേശിക്കെതിരെയാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസമാണ് ഇയാൾ പെൺകുട്ടിക്ക് നേരെ അക്രമം നടത്തിയത്. പെൺകുട്ടിയുടെ പിതാവ് വിദേശത്ത് ജോലി നോക്കുകയായിരുന്നു. ഭർത്താവ് നാട്ടിലില്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ അമ്മ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനുമായി അടുപ്പത്തിലാവുകയായിരുന്നു.

ഇയാൾ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ഇതിനെതിരെ പലവട്ടം പെൺകുട്ടി പ്രതിഷേധം അറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതിനിടെയാണ് ഇയാൾ പെൺകുട്ടിയെ കടന്നു പിടിച്ചത്. അന്ന് ഇയാളിൽ നിന്നും കുതറി ഓടി മാറിയാണ് പെൺകുട്ടി രക്ഷപെട്ടത്. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അവൻ അങ്ങനെയൊന്നും ചെയ്യില്ല എന്നാണ് പ്രതികരിച്ചത്. പിന്നീട് പെൺകുട്ടി ബന്ധുക്കളോട് വിവരങ്ങൾ പറയുകയും പൊലീസിൽ പരാതി പെടുകയും ചെയ്തു. കിളികൊല്ലൂർ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഐ.പി.സി 354 പ്രകാരം കേസ് രേഖപ്പെടുത്തുകയും ചെയ്തു.

മകളുടെ വിവാഹ ആവശ്യം പറഞ്ഞു ഭർത്താവിന്റെ സ്വദേശമായ തൃശൂർ ഉള്ള സ്ഥലവും കൊല്ലത്തുള്ള സ്ഥലവും അമ്മ കൈവശപ്പെടുത്തി. ഇതിൽ തൃശ്ശൂർ ഉള്ള സ്ഥലം കാമുകന് എഴുതി നൽകിയെന്നും ആക്ഷേപം ഉണ്ട്. വസ്തുവകകൾ ഭാര്യ കൈവശപ്പെടുത്തിയതിന് ശേഷമാണ് ഭർത്താവ് ഭാര്യയുടെ ദുർനടപ്പ് അറിയുന്നത്. ഇതോടെ വിദേശത്ത് നിന്നും നാട്ടിലെത്തിയ ഭർത്താവിനെ ഭാര്യ വീട്ടിൽ കയറ്റിയില്ല. കിളികൊല്ലൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഭാര്യ വീട്ടിൽ കയറാൻ അനുവദിച്ചത്.

ഇതിനിടയിൽ ഇളയ പെൺകുട്ടിയുടെ വിവാഹം ബന്ധുക്കളും അച്ഛനും ചേർന്ന് നടത്തി. സ്‌നേഹിച്ച് വിവാഹം കഴിച്ചതിനാൽ അമ്മയക്ക് ഇതിൽ എതിർപ്പായിരുന്നു. വിവാഹ ശേഷം അമ്മയൂടെ കാമുകൻ കുട്ടിയെ വിവാഹം കഴിച്ചയപ്പിച്ച വീട്ടിലെത്തി അപവാദ പ്രചരണം നടത്തുന്നുണ്ട്. പെൺകുട്ടിയും അമ്മയുടെ കാമുകനും ഒപ്പം നിൽക്കുന്ന ചിത്രവും കാട്ടിയാണ് വ്യാജ പ്രചരണം. പെൺകുട്ടിയെ പരാതി നൽകാൻ സഹായിച്ചതിന് പെൺകുട്ടിയുടെ അമ്മാവനെതിരേയും വ്യാജ പ്രചരണങ്ങൾ ഇവർ നടത്തുന്നുണ്ട്.

354 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് റിപ്പോർട്ട് കോടതിക്ക് മുൻപാകെ സമർപ്പിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ വേണ്ട വ്യഗ്രത കാട്ടുന്നില്ലെന്ന് ആരോപണമുണ്ട്. പ്രതി പൊലീസിനെ പണമെറിഞ്ഞ് സ്വാധീനിച്ചതായി ആക്ഷേപമുണ്ട്.