തുവരെ ഗ്ലാമറിന്റെയും ആഡംബരത്തിന്റെയും പ്രതിരൂപമായിട്ടായിരുന്നു റിയാലിറ്റി സൂപ്പർസ്റ്റാറായ കിം കർദാഷിയാൻ പൊതുവേദികളിൽ തിളങ്ങിയിരുന്നത്. എന്നാൽ പാരീസ് അപ്പാർട്ട്മെന്റിൽ താമസിക്കവേ കവർച്ചയ്ക്ക് വിധേയയാവുകയും മോഷ്ടാവിന്റെ കത്തിമുനയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തതിനെ തുടർന്ന് താരത്തിന്റെ മനസാകെ മാറിയിരിക്കുന്നുവെന്നാണ് പുതിയ വേഷവിതാനങ്ങൾ വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് മുൻഭാഗവും പിൻഭാഗവും ഒരു പോലെ കാണിക്കുന്ന ഗ്ലാമർ വസ്ത്രങ്ങൾ താരം ഉപേക്ഷിക്കുകയും പകരം കന്യാസ്ത്രീയെ പോലെയായിത്തീരുകയും ചെയ്തിരകി്കുകയാണ്. കൂടാതെ കോടികളുടെ ധൂർത്ത് നിർത്തി മര്യാക്കാരിയുമായിരിക്കുകയാണ്. ഇതിന് പുറമെ തനിക്കിനി പാവങ്ങൾക്ക് വേണ്ടി വല്ലതും ചെയ്യാനും മോഹമുണ്ടെന്ന് കർദാഷിയാൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ അവിശ്വസനീയമായ മാറ്റമാണ് കവർച്ചയ്ക്ക് ശേഷം ആഴ്ചകൾക്കകം താരത്തിനുണ്ടായിരിക്കുന്നത്.

മൂന്നാഴ്ചയ്ക്ക് മുമ്പ് പാരീസിലെ അപാർട്ട്മെന്റിലുണ്ടായ കവർച്ചയ്ക്കിടെ കർദാഷിയാനെ മോഷ്ടാവ് ബാത്ത് ടബിൽ കെട്ടിയിടുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് അവരുടെ 11 മില്യൺ ഡോളർ വിലയുള്ള ആഭരണങ്ങൾ അടിച്ച് മാറ്റി കള്ളൻ കടന്ന് കളയുകയുമായിരുന്നു. അടിച്ച് മാറ്റപ്പെട്ടവയിൽ താരത്തിന്റെ വിലയേറിയ ഡയമണ്ട് എൻഗേജ്മെന്റ് മോതിരവും ഉൾപ്പെടുന്നു.അപ്രതീക്ഷിതമായുണ്ടായ കവർച്ചയും തലനാരിഴയ്ക്ക് ജീവൻ തിരിച്ച് ലഭിച്ചതും തന്റെ മകളുടെ ജീവിത ശൈലികളെ മാറ്റി മറിച്ചുവെന്നാണ് കർദാഷിയാന്റെ മാതാവ് വെളിപ്പെടുത്തുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ആരായാലും സ്വയം നവീകരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഗ്ലാമറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മകൾ ഇപ്പോൾ ജീവിതയാഥാർത്ഥ്യത്തിലേക്ക് തിരിഞ്ഞിരിക്കുന്നുവെന്നും അമ്മ പറയുന്നു.

ഒക്ടോബർ മൂന്നിന് നടന്ന കവർച്ചയെ തുടർന്ന് കർദാഷിയാൻ മൂന്ന് പ്രാവശ്യമായിരുന്നു പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. പാരീസ് വിടുമ്പോഴും മാൻഹാട്ടനിലെത്തുമ്പോഴും അവിടെ നിന്നും പോകുമ്പോഴുമായിരുന്നു അത്. ഇപ്പോൾ തന്റെ അമ്മയ്ക്കൊപ്പം ലോസ് ഏയ്ജൽസിലെ എക്സ്‌ക്ലൂസീവ് കലാബാസ് സബർബിലെ വീട്ടിലാണ് താരം മിക്കവാറും സമയം ചെലവഴിക്കുന്നത്. തന്റെ ജീവിത ശൈലികളെയാകമാനം ഈ നിർണായ സന്ദർഭത്തിൽ മാറ്റിയെടുക്കാനാണ് കർദാഷിയാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്ലാമർ സ്ഫുരിക്കുന്ന മാഗസിൻ കവറുകളിൽ നിന്ന് വിട്ട് നിൽക്കാനും ഗ്ലാമർ വസ്ത്രങ്ങൾ ധരിക്കാതിരിക്കാനും പണം പൊടിക്കുന്ന ആഡംബര ജീവിതത്തിന് വിരാമമിടാനുമാണ് താരം ശ്രമിക്കുന്നത്. ഇതിന് പകരം ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണെന്നും റിപ്പോർട്ടുണ്ട്.

താരത്തിന്റെ ജീവിതം മാതൃകാപരമായി മാറിയെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി മെയ്‌ക്കപ്പിലും ആടയാഭരണങ്ങളിലും കർദാഷിയാൻ മിതത്വം പാലിക്കാൻ തുടങ്ങിയെന്നും അവർ വെളിപ്പെടുത്തുന്നു. സെക്സി ഫോട്ടോഷൂട്ട് പോലുള്ള കാര്യങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്. ഡയമണ്ടുകൾ, റോൾസ് റോയ്സ് പോലുള്ള ആഡംബര വാഹനങ്ങൾ, തുടങ്ങിയവയും താരം വേണ്ടെന്ന് വച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ തന്റെ ജീവിതം കൂടുതൽ പക്വമാക്കുന്നതിന്റെ ഭാഗമായി ശരീരം കൂടുതലായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാനും കഴുത്തിൽ ആഡംബരം നിറഞ്ഞ ആഭരണങ്ങൾക്ക് പകരം കുരിശണിയാനും ഇവർ താൽപര്യപ്പെട്ട് വരുന്നതായി റിപ്പോർട്ടുണ്ട്. ഇത് വെളിപ്പെടുത്തുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഈ മാസം ആദ്യം കർദാഷിയാന് നേരെ ഉണ്ടായത് പ്രതീക്ഷിച്ച ആക്രമണമാണെന്നാണ് മുൻ ബോഡിഗാർഡായ സ്റ്റീവ് സ്റ്റാനുലിസും കർദാഷിയാന്റെ ഭർത്താവായ കാൻയെ വെസ്റ്റും അഭിപ്രായപ്പെടുന്നത്. തന്റെ ഭാര്യയുടെ സുരക്ഷയിൽ എന്ത് വീഴ്ചയാണ് വന്നതെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന് അദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുമുണ്ട്.