തിരുവനനന്തപുരം: ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്ത കാരണത്താൽ വെറും ഒരു ഇ-മെയിൽ സന്ദേശത്തിലൂടെ ഡോ.ഷേണായിയെ കിംസ് ആശുപത്രിയിൽ നിന്ന് പുറത്താക്കിയ സംഭവം തെളിവുകൾ സഹിതം മറുനാടൻ മലയാളിയാണ് കഴിഞ്ഞദിവസം ലോകത്തെ അറിയിച്ചത്. പ്രമുഖമായ ആശുപത്രി എങ്ങനെയാണ് കച്ചവടം കൊഴുപ്പിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മറുനാടൻ വാർത്ത. ഇത് സൈബർലോകം ഏറ്റുപിടിക്കുകയായിരുന്നു. കേരളത്തിലെ ഭരണപക്ഷത്തെ പ്രമുഖരുമായി അടുപ്പമുള്ള ആശുപത്രി മാനേജ്‌മെന്റ് ഇന്നലെ വാർത്ത പുറത്തുവന്ന സമയം മുതൽ കടുത്ത സമ്മർദ്ദവുമായി രംഗത്തെത്തിയിരുന്നു. സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് വ്യക്തമായതോടെ റിപ്പോർട്ട് ചെയ്ത മറുനാടൻ മലയാളിക്കെതിരെ ഭീഷണി ഉയർത്തി കിംസ് ആശുപത്രി മാനേജ്‌മെന്റ് രംഗത്തെത്തി. വെറും ഒരു ഈമെയിൽ സന്ദേശത്തിലൂടെ ഡോക്ടറെ പുറത്താക്കിയ കിംസിലെ ഡോ. സഹദുള്ളയുടെ അഹന്തയും, ആശുപത്രി ചികിത്സ സമഗ്രമായി വിലയിരുത്തിയ ഡോ. ഷേണോയിയുടെ മറുപടിയും ഇന്നലെ സോഷ്യൽ മീഡിയായിൽ വൻ ചർച്ചയായതോടെയാണ് കിംസ് അധികൃതർ ഭീഷണിയുമായി രംഗത്ത് വന്നത്.

വാർത്ത വന്ന ഉടൻ കിംസിൽ നിന്നും ആദ്യം എത്തിയത് അനുനയിപ്പിക്കുന്ന കോളുകൾ ആയിരുന്നു. എന്നിട്ടും വാർത്ത മാറാതെ വന്നതോടെ മന്ത്രിമാരുടെ അടക്കമുള്ള ഓഫീസിൽ നിന്നും സമ്മർദ്ദനമുണ്ടായി. ഈ അനുനയ ശ്രമങ്ങളിൽ ഒന്നും വഴങ്ങാതെ വന്നതോടെ ഭീഷണിയുടെ സ്വരത്തിലായിരുന്നു പിന്നീടുള്ള ഫോൺകോളുകൾ. പ്രൈവറ്റ് നമ്പരുകളിൽ നിന്നും വിളിച്ചു കിംസിനെ തൊട്ടാൽ നീ വിവരം അറിയും എന്ന പേരിൽ എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഭീഷണികോളുകൾ എത്തിയത്. മാനേജ്‌മെന്റിലെ ചില പ്രമുഖരും ഭീഷണി സ്വരത്തിൽ സംസാരിച്ചു. എന്നാൽ ഭീഷണിപ്പെടുത്തി വാർത്ത പിൻവലിക്കാനാവില്ലെന്ന് മനസിലായതോടെ കിംസ് അധികൃതർ പൊലീസിനെ ഉപയോഗിക്കാനായിരുന്നു ശ്രമം. സൈബർ പൊലീസിൽ വാർത്തയുമായി ബന്ധപ്പെട്ട പരാതി നൽകുകയുമുണ്ടായി.

മറുനാടൻ മലയാളിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനു ശേഷം നിരവധി ആരോപണങ്ങളാണ് കിംസിനെതിരെ സോഷ്യൽ മീഡിയകളിലൂടെ വന്നത്. കിംസ് ആശുപത്രിയിൽ ചികിത്സയിൽ സംഭവിക്കുന്ന കാര്യങ്ങൾ എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പ്രതികരണങ്ങൾ. ആതുരസേവന രംഗത്തെ എങ്ങനെയാണ് ആശുപത്രികൾ കച്ചവടമാക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായ പ്രതികരണങ്ങളും.കിംസിനെതിരെ ഉയർന്ന പല ആരോപണങ്ങളെയും ശരിവയ്ക്കുന്ന തരത്തിലുള്ള കമന്റുകളായിരുന്നു സോഷ്യൽ മീഡിയകളിൽ. ഈ പ്രതികരണങ്ങളൊന്നും മറുനാടൻ കണ്ടുപിടിച്ചതല്ല. മറുനാടൻ മലയാളിയുടെ വായനക്കാരുടെ അനുഭവങ്ങളാണ് ഈ വാർത്തയ്ക്ക് അനുബന്ധമായി അവർ രേഖപ്പെടുത്തിയത്.

കിംസിൽ ചികിത്സയിൽ കഴിഞ്ഞ പലരുടേയും ബന്ധുക്കൾ മറുനാടൻ മലയാളി വാർത്തയുമായി പങ്കുവച്ച അനുഭവങ്ങൾ ഇങ്ങനെയാണ്. കിംസിലെ ചികിത്സയെ കുറിച്ചോ സൗകര്യങ്ങളെ കുറിച്ചോ അല്ല ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. കിംസിൽ ജോലി ചെയ്തിരുന്ന ഗസ്സ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ.ഷേണായിയെ പുറത്താക്കി കൊണ്ടുള്ള കിംസ് സി.എം.ഡി ഡോ.സഹാദുള്ളയുടെ ഇ-മെയിലും അതിന് ഡോ.ഷേണായി കാര്യകാരണം സഹിതം ഡോ.സഹാദുള്ളയ്ക്ക് നൽകിയ മറുപടിയെ കുറിച്ചുമാണ് വാർത്ത നൽകിയത്. ഡോ.ഷേണായി ഇപ്പോൾ കിംസിൽ ജോലി ചെയ്യുന്നില്ല എന്നത് വാസ്തവം ആണ്. ഡോ.ഷേണായിയുടെ ഇ-മെയിലിലെ ആരോപണങ്ങൾ കിംസ് മാനേജ്‌മെന്റ് നിഷേധിച്ചിട്ടുമില്ല. ജൂലൈ 4നാണ് ഡോ.സഹാദുള്ളയുടെ ഔദ്യോഗിക മെയിൽ ഐഡിയിൽ നിന്ന് ഡിസ്മിസൽ ലെറ്റർ അയയ്ക്കുന്നത്.

ഡോക്ടറുടെ ചികിത്സയിലുള്ള കരൾരോഗബാധിതരായി എത്തുന്ന രോഗികളെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാത്തതും അടിയന്തരമായി കരൾ മാറ്റി വയ്‌ക്കേണ്ട രോഗികളെ കൊച്ചിയിലെ മറ്റു ആശുപത്രികളിലേക്കും റഫർ ചെയ്യുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയാണ് ഡോക്ടർ സഫറുള്ള ഡോ. ഷേണായിക്ക് പിരിച്ചുവിടൽ കത്ത് നൽകിയത്. ആശുപത്രിക്ക് പണമുണ്ടാക്കി നൽകുക കൂടി ഡോക്ടർമാരുടെ ജോലിയാണെന്ന് സൂചിപ്പിച്ചായിരുന്നു ഡോ. ഷേണായിയെ പിരിച്ചുവിട്ടുള്ള ഇമെയ്ൽ കിംസ് സി.എം.ഡി ഡോ.സഹാദുള്ള നൽകിയത്.

കിംസിന്റെ നഴ്‌സിങ് കോർഡിനേറ്ററിന്റെ ബ്രദറിനെ മറ്റേതെങ്കിലും നല്ല ആശുപത്രിയിൽ കൊണ്ടു പോയി ചികിൽസിക്കണമെന്ന ഡോ.ഷേണായിയുടെ നിർദ്ദേശമാണ് കിംസ് മാനേജ്‌മെന്റിനെ ചൊടിപ്പിത്. പിരിച്ചു വിടലിന് കാരണമായി ഡോ.സഹാദുള്ള പറയുന്ന മറ്റൊരു കാര്യം ഗസ്സ്‌ട്രോഎൻഡോളജി വിഭാഗത്തിൽ പുതിയ ഡോക്ടർമാർ എത്തിയതിനാൽ ഡോ.ഷേണായിക്ക് ഒ.പി.റൂം അനുവദിക്കാനില്ല എന്നാണ്. കഴിഞ്ഞ മാസം 4 ന് ഇമെയിലൂടെ അയച്ച കത്തിൽ ജൂലൈ 15ന് മുമ്പ് കിംസുമായുള്ള ഇടപാടുകൾ പൂർത്തിയാക്കണമെന്നും കിംസ് സിഎംഡി ആവശ്യപ്പെട്ടിരുന്നു. രോഗിക്ക് മികിച്ച ചികിൽസ നൽകുകയാണ് തന്റെ ഉത്തരവാദിത്വമെന്നും അല്ലാതെ കിംസിന് പണമുണ്ടാക്കലല്ല തന്റെ ജോലിയെന്നുമായിരുന്നു ഇതിന് മറുപടിയായി ഡോക്ടർ നൽകിയത്.

ഇത് സംബന്ധിച്ച രണ്ട് ഇമെയ്ൽ ഇടപാടുകളായിരുന്നു മറുനാടൻ മലയാളി വാർത്തയാക്കി പ്രസിദ്ധീകരിച്ചത്. വാർത്ത സൈബർ ലോകം ഏറ്റെടുത്തതോടെയാണ് അനുനയ ശ്രമവും സമ്മർദ്ദവുമായി ആശുപത്രി മാനേജ്‌മെന്റ് രംഗത്തെത്തിയത്. എന്നാൽ ഇതിന് വഴങ്ങാതെ വന്നതോടെയാണ് കിംസ് മാനേജ്‌മെന്റ് സൈബർ സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. സൈബർ പൊലീസ് സ്റ്റേഷൻ നേരിട്ട് കേസ് എടുക്കാൻ പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു വാർത്ത മാറ്റണമെന്ന സമ്മർദ്ദം ചെലുത്തുകയാണ്. സുപ്രീം കോടതി വിധിയിലൂടെ 66 ാം നമ്പർ വകുപ്പ് റദ്ദ് ചെയ്തത് അറിയാതെ ആയിരുന്നു ഫോൺ വിളിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ സംഭാഷണം.

പരാതി കിട്ടിയാൽ വിളിപ്പിക്കാൻ അധികൃതരും ഉണ്ട് എന്ന് തീർത്തു പറഞ്ഞാണ് സൈബർ പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചത്. ഐ ടി ആക്ടിലെ 66 നിലവിൽ ഉള്ളപ്പോൾ പോലും കോടതിയുടെ നിർദ്ദേശമോ സൈബർ പൊലീസിന് കേസ് എടുക്കാൻ വകുപ്പുണ്ടായിരുന്നു എന്നതായിരുന്നു നിയമം. ആ വകുപ്പ് കോടതി റദ്ദ് ചെയ്തതോടെ ഇത്തരം നിർദ്ദേശം ഉണ്ടെങ്കിലും വേണ്ടത്ര തെളിവുകളോടെ വാർത്ത കൊടുത്താൽ കേസ് എടുക്കാൻ വകുപ്പില്ല. അതേസമയം തെളിവുകളുടെ അടിസ്ഥാനത്തിൽ നൽകിയ വാർത്ത വ്യാജമാണെന്ന് വരുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. വ്യാജ വാർത്ത ആണെന്ന വാദിച്ചാൽ കൂടി മാനനഷ്ടത്തിന് സിവിൽ കേസ് കൊടുക്കാനേ വകുപ്പുണ്ടായിരിക്കൂ എന്നിരിക്കെയാണ് പൊലീസിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. പൊലീസിന്റെ നടപടിക്ക് പിന്നിലും കിംസ് അധികൃതരിൽ നിന്നുള്ള സമ്മർദ്ദമാണെന്നാണ് വ്യക്തമാകുന്നത്.