പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനെന്റ് ഗവർണർ കിരൺ ബേദിക്കെതിരെ ശക്തമായ പ്രതിഷേധം. കിരൺ ബേദി പുതുച്ചേരിയിലെ സ്വേച്ചാധിപതി എന്ന് സൂചിപ്പിക്കും വിധം ഹിറ്റ്‌ലറോട് ഉപമിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് വൈറലായിരിക്കുന്നത്. കിരൺ ബേദിയുടെ ഫോട്ടോയിൽ ഹിറ്റ്‌ലറുടെ തൊപ്പിയും മീശയും വച്ചാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

ജൂലൈ നാലിന് മൂന്ന് എംഎൽഎമാരെ നാമനിർദ്ദേശം ചെയ്യതതിലുണ്ടായ വിമർശനത്തിന്റെ ഭാഗമായാണ് കിരൺ ബേദിക്കെതിരെ ഇത്തരത്തിൽ ഒരു പോസ്റ്റർ രംഗത്തുവന്നത്. ബിജെപിയിലെ മൂന്ന് പേരെ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം എംഎൽഎ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. കിരൺബേദിയുടെ ഈ നടപടിക്കെതിരെ കോൺഗ്രസിൽ ശക്തമായ പ്രതിഷേധം തന്നെ രൂപപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ബേദി തന്നെയാണ് ഇത്തരത്തിൽ പ്രചരിച്ച പോസ്റ്ററുകളുടെ ചിത്രം എടുത്ത് ട്വിറ്റ് ചെയ്തിരിക്കുന്നത്. പുതുച്ചേരിയിലെ കോൺഗ്രസ് പാർട്ടിയാണ് ഇത്തരത്തിൽ പോസ്റ്ററുകൾക്ക് പിന്നിലെന്ന് കിരൺ ബേദി ട്വിറ്റ് ചെയ്തു.

കേന്ദ്ര സർക്കാരിനെതിരേയും തനിക്കെതിരെയും നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണിതെന്നും കിരൺ പ്രതികരിച്ചു. ഈ സംഭവത്തോടെ സർക്കാരും ഗവർണറും രണ്ട് തട്ടിലാണ് എന്ന് വ്യക്തമായിരിക്കുകയാണ്.