വടകര: ടി പി ചന്ദ്രശേഖരനെ വെട്ടുനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കിർമാണി മനോജിന്റെ വിവാഹം വിവാദത്തിൽ. മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകി. ബഹ്‌റിനിൽ ജോലി ചെയ്യുന്ന പ്രവാസി യുവാവാണ് വടകര ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു മനോജിന്റെ വിവാഹം. അതിനിടെയാണ് വിവാഹത്തിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.

മൂന്നുമാസം മുൻപ് വീടു വിട്ടിറങ്ങിയതായാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങൾ നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും നിലവിൽ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയിൽ യുവാവ് അവകാശപ്പെടുന്നുണ്ട്. പരാതിയെ തുടർന്ന് വിശദമായ മൊഴിയെടുക്കാനായി പരാതിക്കാരെ വിളിച്ചു വരുത്തി. നിലവിൽ വിവാഹ ബന്ധം നിലനിൽക്കവേ മറ്റൊരാളുടെ കൂടെ പോയ ഭാര്യയിൽ നിന്നും നിയമപരമായ വിടുതൽ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളിൽ ഇറങ്ങിയാണ് വിവാഹം കഴിച്ചത്. സിപിഎം പ്രവർത്തകരുടെ ആശിർവാദത്തോടെയാണ് മനോജിനായി വധുവിനെ കണ്ടെത്തിയത്. ഇതാണ് ഇപ്പോൾ പുലിവാൽ കല്യാണമായിരിക്കുന്നത്. കിർമാണി മനോജെന്ന മാഹി പന്തലക്കൽ സ്വദേശി മനോജ് കുമാറിന്റെ വിവാഹം നടന്നത് മാഹിയിൽ നിന്നും 800 കിലോ മീറ്റർ അകലെയുള്ള പോണ്ടിച്ചേരിയിലെ സിന്ധാനന്ദൻ കോവിലിൽ വച്ചായിരുന്നു. വിവാദം പേടിച്ച് പാർട്ടി നേതാക്കളെ ഒഴിവാക്കി ഒഴിവാക്കി അടുത്ത ബന്ധുക്കൾ മാത്രമാണ് കല്ല്യാണത്തിൽ പങ്കെടുത്തിരുന്നത്.

വിവാഹ ശേഷം പന്തലക്കലിലേക്ക് ഇന്ന് ഉച്ചയോടെയണ് കിർമാണിയും സംഘവും എത്തിയത്. രാവിലെ മുതൽ രഹസ്യ കേന്ദ്രത്തിലായിരുന്ന വധൂവരന്മാർ വീട്ടിലെത്തി ഇപ്പോൾ വീട്ടിൽ സൽക്കാരം നടക്കുന്നുണ്ട്. നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായാണ് ഇന്ന് സൽക്കാരം സംഘടിപ്പിച്ചത്. സിപിഎം കേന്ദ്രങ്ങൾ തന്നെയാണ് മാഹിയിൽ കിർമാണിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിലെ പങ്കാളിയായ മനോജിന് പരോൾ സമയത്തും പൊലീസ് കാവലുണ്ട്. അതിന് പുറമേയാണ് സിപിഎം കേന്ദ്രങ്ങളും സഹായ ഒരുക്കി നൽകുന്നത്.

പൂജാരിയുൾപ്പെടെയുള്ളവരുടെ കാർമ്മികത്വത്തിലായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും ചില പാർട്ടി പ്രവർത്തകരും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വർഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സിപിഎം നേതാക്കൾ അടക്കം പങ്കെടുത്തിരുന്നു.

തലശ്ശേരി എംഎൽഎ എ എൻ ഷംസീർ അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തതാണ് അന്ന് വിവാദത്തിലായത്. അതുകൊണ്ട് തന്നെയാണ് ഇത്തവണ വിവാദം ഒഴിവാക്കാനായി നേതാക്കൾ വിവാഹ ചടങ്ങിൽ നിന്നും വിട്ടുനിന്നത്. അതേസമയം കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകിയത് ഒരുക്കി നൽകിയത് പാർട്ടി തന്നെയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പരോൾ നൽകിയതിൽ അടക്കം സർക്കാറിന്റെ താൽപ്പര്യം വ്യക്തമാണെന്ന് ആർഎംപി നേതാക്കൾ പറഞ്ഞത്.

നേരത്തെയും ടി പി വധക്കേസ് പ്രതികൾക്ക് അനുകൂലമായി സിപിഎം ഇടപെടൽ നടന്നിരുന്നു. ടി പി വധക്കേസിലെ മുഖ്യസൂത്രധാരനായ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നൽകാനും സർക്കാർ നീക്കം നടന്നിരുന്നു. പാർട്ടിയിൽ തിരിച്ചെടുത്ത സംഭവവും ഉണ്ടായി. ഇതെല്ലാം ടി പി വധക്കേസ് പ്രതികൾക്ക് സിപിഎമ്മുമായുള്ള ബന്ധത്തിന്റെ തെളിവായിരുന്നു. കഴിഞ്ഞ വർഷം വിവാഹിതനായി ടി പി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ചടങ്ങും അത്യാർഭാഡം നിറഞ്ഞതായിരുന്നു. കോട്ടും സ്യൂട്ടും ധരിച്ചു കൊണ്ട് ഷാഫി തുറന്ന ഔഡി കാറിൽ നിന്നും ചുറ്റു നിന്നവർക്ക് നേരെ കൈവീശി കാണിച്ചാണ് എത്തിയത്.