കോഴിക്കോട്: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നകേസിൽ പരോളിലറിങ്ങി വിവാഹിതനായ കിർമാനി മനോജിന്റെ മധുവിധുവും രഹസ്യകേന്ദ്രത്തിൽ. കഴിഞ്ഞദിവസം പുതുച്ചേരിയിൽവെച്ച് വിവാഹിതനായ കിർമാനി ഇന്നലെ ജന്മനാടായ മാഹി പള്ളൂർ പന്തല്ലൂരിൽ എത്തിയെങ്കിലും സ്വന്തം വീട്ടിൽ എത്തിയിട്ടില്ല. കിർമാനിയും ഭാര്യയും പാർട്ടിയുടെ പന്തല്ലൂരിലെ രഹസ്യകേന്ദ്രത്തിലാണെന്നാണ് വിവരം.

സുരക്ഷാ ഭീഷണിയെ തുടർന്നാണ് ഈ നടപടിയെന്നാണ് സിപിഎം കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. സിപിഎം കേന്ദ്രങ്ങൾ തന്നെയാണ് മാഹിയിൽ കിർമാണിക്ക് സൗകര്യങ്ങൾ ഒരുക്കി നൽകുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിലെ പങ്കാളിയായ മനോജിന് പരോൾ സമയത്തും പൊലീസ് കാവലുണ്ട്. അതിന് പുറമേയാണ് സിപിഎം കേന്ദ്രങ്ങളും സഹായ ഒരുക്കി നൽകുന്നത്.

11 ദിവസത്തെ പരോളിൽ ഇറങ്ങിയ കിർമാനിക്ക് ഇനി വെറും ഒമ്പത്ദിവസങ്ങൾ മാത്രമാണ് നാട്ടിൽ അവശേഷിക്കുന്നത്.അതിനിടയിൽ വിാഹ സൽക്കാരം നടത്താനുള്ള നീക്കവും ഉണ്ട്.തലശ്ശേരി എംഎൽഎ കൂടിയായ ഷംസീർ അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സൽക്കാരം നടത്താൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിൽ വച്ചാണ് കിർമാണി മനോജ് വിവാഹിതനായത്. മാഹിയിൽ നിന്നും 800 കിലോമീറ്റർ അകലെയുള്ള പോണ്ടിച്ചേരി സിദ്ധാനന്ദ് കോവിലിൽ വെച്ച് വിവാഹം നടന്നത്. വടകര ഓർക്കാട്ടേരി സ്വദേശിയായ വധു ഒരു കുട്ടിയുടെ മാതാവു കൂടിയാണ്. ടി പി ചന്ദ്രശേഖരന്റെ നാടും ഇവിടെയാണ്. വിവാഹത്തിന് പൊലീസ് നിരീക്ഷണവും ഉണ്ടായിരുന്നു.

പൂജാരിയുൾപ്പെടെയുള്ളവരുടെ കാർമ്മികത്വത്തിലായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും ചില പാർട്ടി പ്രവർത്തകരും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വർഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സിപിഎം നേതാക്കൾ അടക്കം പങ്കെടുത്തിരുന്നു.

തലശ്ശേരി എംഎൽഎ എ എൻ ഷംസീർ അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തതാണ് അന്ന് വിവാദത്തിലായത്. അതുകൊണ്ട് തന്നെയാണ് ഇത്തവണ വിവാദം ഒഴിവാക്കാനായി നേതാക്കൾ വിവാഹ ചടങ്ങിൽ നിന്നും വിട്ടുനിന്നത്. അതേസമയം കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകിയത് ഒരുക്കി നൽകിയത് പാർട്ടി തന്നെയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പരോൾ നൽകിയതിൽ അടക്കം സർക്കാറിന്റെ താൽപ്പര്യം വ്യക്തമാണെന്ന് ആർഎംപി നേതാക്കൾ പറഞ്ഞത്.

നേരത്തെയും ടി പി വധക്കേസ് പ്രതികൾക്ക് അനുകൂലമായി സിപിഎം ഇടപെടൽ നടന്നിരുന്നു. ടി പി വധക്കേസിലെ മുഖ്യസൂത്രധാരനായ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നൽകാനും സർക്കാർ നീക്കം നടന്നിരുന്നു. പാർട്ടിയിൽ തിരിച്ചെടുത്ത സംഭവവും ഉണ്ടായി. ഇതെല്ലാം ടി പി വധക്കേസ് പ്രതികൾക്ക് സിപിഎമ്മുമായുള്ള ബന്ധത്തിന്റെ തെളിവായിരുന്നു. കഴിഞ്ഞ വർഷം വിവാഹിതനായി ടി പി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ചടങ്ങും അത്യാർഭാഡം നിറഞ്ഞതായിരുന്നു. കോട്ടും സ്യൂട്ടും ധരിച്ചു കൊണ്ട് ഷാഫി തുറന്ന ഔഡി കാറിൽ നിന്നും ചുറ്റു നിന്നവർക്ക് നേരെ കൈവീശി കാണിച്ചാണ് എത്തിയത്.

പുതുപുത്തൻ ഔഡി കാറിൽ ചൊക്ലി നഗരത്തിൽ ചുറ്റിക്കറങ്ങിയാണ് ഷാഫിയുടെ വിവാഹ ആഘോഷം നടന്നത്. സിപിഎമ്മിന്റെ എല്ലാ ആശിർവാദങ്ങളോടെയുമാണ് ടിപിയുടെ ഈ ഘാതകന്റെയും വിവാഹം അന്ന് നടന്നത്. നേരത്തെ ഷാഫിയുടെ വിവാഹക്ഷണക്കത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് നേരത്തെ പാർട്ടി ശാസിച്ച സിപിഐഎം സൈബർ പ്രചാരകൻ ആകാശ് തില്ലങ്കേരി എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു.

വിവാഹാവശ്യത്തിനു വേണ്ടിയുള്ള പരോളിന് അപേക്ഷനൽകാനായി മാത്രം അച്ചടിച്ച ഇംഗ്ലീഷിൽ തയ്യാറാക്കിയ ക്ഷണക്കത്ത് ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് ആകാശ് തില്ലങ്കേരി ഷുഹൈബ് വധക്കേസിൽ അറസ്റ്റിലാകുകയായിരുന്നു. ആകാശിന് വധുവുമായി കണ്ണൂർ ജയിലിൽ സംസാരിക്കാനും അവസരം ഒരുക്കി നൽകിയതും സിപിഎം ഇടപെടലിനെ തുടർന്നായിരുന്നു.