ൽഹിയിലെ കൊണാട്ട്‌പ്ലേസ്സിൽ രണ്ട് യുവതികളെ കടന്നുപിടിച്ച് ചുംബിച്ചശേഷം ഓടി രക്ഷപ്പെട്ട യുവാവിന്റെ വീഡിയോ യൂട്യൂബിൽ വന്നപ്പോൾ കടുത്ത പ്രതിഷേധമാണ് പൊലീസിനെതിരെ നാട്ടുകാർ ഉയർത്തിയത്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ അതിരുവിട്ട ഡൽഹിയിൽ പൊലീസ് നോക്കുകുത്തികളാകുന്നുവെന്ന വിമർശനവും ഈ വീഡിയോ ഉയർത്തിവിട്ടു.

എന്നാൽ, വീഡിയോയിലെ ചുംബനവീരനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കഥയാകെ മാറി. 21 വയസ്സുള്ള സുമിത് കുമാർ സിങ്ങിനെയും കൂട്ടുകാരൻ സത്യജിത് കദ്യാനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടേത് തമാശപ്രകടനമായിരുന്നുവെന്നും ചുംബിക്കപ്പെട്ട യുവതികൾ തങ്ങളോടൊപ്പമുള്ളവരായിരുന്നുവെന്നും സുമിത് പറഞ്ഞു. യുട്യൂബിൽ പോസ്റ്റ് ചെയ്ത് പണമുണ്ടാക്കുന്നതിനുവേണ്ടി ഷൂട്ട് ചെയ്തതാണ് വീഡിയോയെന്നും സുമിത് വെളിപ്പെടുത്തി.

70,000 രൂപയാണ് ഇതുവരെ സുമിത്തിന് ഈ വീഡിയോയിൽനിന്ന് ലഭിച്ചത്. ഡിസി പ്രാങ്ക് എന്ന പേരിലുള്ള അക്കൗണ്ടിലൂടെയാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥികളായ ഇരുവരും ഗുഡ്ഗാവ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. അറസ്റ്റ് ചെയ്ത യുവാക്കളെ പൊലീസ് ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു.. വീഡിയോയിലെ യുവതികളുടെ മൊഴി കൂടി രേഖപ്പെടുത്തിയശേഷമാകും കേസ്സിൽ തുടർനടപടികൾ സ്വീകരിക്കുക.

കഴിഞ്ഞവർഷം മുതൽ ഇതുവരെ 35-ലേറെ വീഡിയോ ക്ലിപ്പുകൾ സുമിത് പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജോയന്റ് കമ്മീഷണർ രവീന്ദ്ര യാദവ് പറഞ്ഞു. കാഴ്ചക്കാരെ സംഭ്രമിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വീഡിയോകൾ ചിത്രീകരിച്ചിട്ടുള്ളതെന്നും വീഡിയോകൾ പൂർണമായി പൊലീസ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഡിസിപി ബിഷാം സിങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.