കൊച്ചി: ഇത്രയൊക്കെ പുകിലുകൾ ഉണ്ടായിട്ടും രാഹുൽ പശുപാലനെ തള്ളിപ്പറയാൻ കിസ്സ് ഓഫ് ലൗ പ്രവർത്തകൾ തയാറാവുന്നില്ല. രാഹുൽ കുറ്റാരോപിതൻ മാത്രമാണെന്നും, പൊലീസിനെ ആശ്രയിച്ച് മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും കൊച്ചി പ്രസ്‌ക്ലബിൽ ഇന്നലെ വാർത്താസമ്മേളനം നടത്തിയ കിസ്സ് ഓഫ് ലൗ പ്രവർത്തകർ വ്യക്തമാക്കി. കുറ്റം തെളിയിക്കപ്പെടുംവരെ രാഹുൽ കുറ്റവാളിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

കിസ്സ് ഓഫ് ലൗ കൂട്ടായ്മയിലെ അംഗങ്ങളായ ഹരീഷ് വാസുദേവൻ, ജോളി ചിറയത്ത്, ലാസർ ഷൈൻ, ഷാഹിന നഫീസ എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്. മാദ്ധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിനും പശുപാലനെ തള്ളിപ്പറയാൻ ഇവർ കൂട്ടാക്കിയില്ല. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ കുറ്റാരോപിതൻ മാത്രമാണെന്നും കെ.എം മാണിയുടെയും അബ്ദുൽനാസർ മ്ദനിയുടെയുമെല്ലാം കേസുകളിൽ തങ്ങൾക്ക് ഇതേ നിലപാടാണെന്ന് ഇവർ ചുണ്ടിക്കാട്ടി. അങ്ങനെയാണെങ്കിൽ സോളാർകേസുമായി ബന്ധപ്പെട്ട് ഒരു കുറ്റവും ചുമത്തിയിട്ടില്ലാത്ത ഉമ്മൻ ചാണ്ടിയുടെ കരണത്തടക്കണമെന്ന് എന്തിനാണ് താങ്കൾ ഫേസ്‌ബുക്ക് പോസറ്റ് ഇട്ടത് എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഹരീഷ് വാസുദേവൻ മുറുപടി പറയാതെ സമർഥമായി ഒഴിയുകയും ചെയ്തു.

ആ കാര്യം ചർച്ചചെയ്യാനായി വേണമെങ്കിൽ ഒരു വാർത്താസമ്മേളനം കൂടി വിളിക്കാമെന്നും ഇപ്പോൾ ചുംബസമരക്കാര്യമാണ് ചർച്ചചെയ്യുന്നതെന്നും പറഞ്ഞ് ഹരീഷ് തടിയെടുക്കയായിരുന്നു. പെൺവാണിഭത്തിന് രാഹുൽ പശുപാലനും രശ്മി നായരും ചുംബന സമരം മറയാക്കിയെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ആധാരമായ തെളിവുകൾ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും കിസ് ഓഫ് ലൗ പ്രവർത്തകർ ചൂണ്ടിക്കാട്ടി. കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാത്ത ആഭ്യന്തര മന്ത്രിയുടെ ഇത്തരം പ്രസ്താവനകൾ മര്യാദകെട്ടതും ജനാധിപത്യ വിരുദ്ധവുമാണ്.

കൂട്ടായ്മയുടെ ഫേസ്‌ബുക് പേജ് ഇത്തരത്തിൽ ഉപയോഗിക്കാൻ ഒരിക്കലും രാഹുലിനെ അനുവദിച്ചിട്ടില്ല. രാഹുൽ പശുപാലനെതിരായ ആരോപണങ്ങൾ ചുംബന സമരക്കാരുടെ അക്കൗണ്ടിൽ എഴുതേണ്ടതില്ല. ഫാസിസം വീട്ടുമുറ്റത്തത്തെിയ ഘട്ടത്തിൽ രൂപപ്പെട്ട കൂട്ടായ്മയെ തകർക്കാനാണ് മാദ്ധ്യമങ്ങളടക്കം ശ്രമിക്കുന്നതെന്നും കൂട്ടായ്മ പ്രവർത്തകർ കുറ്റപ്പെടുത്തി.

കിസ് ഓഫ് ലവ് സമരത്തിൽ പങ്കടെുത്ത രണ്ടു പേരുടെ അറസ്റ്റ് ആ സമരത്തിനെതിരാക്കി മാറ്റുന്നത് ശരിയല്ല. ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഈ സമരത്തിന് വ്യക്മതായ നേതൃത്വം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രാഹുൽ പശുപാലനെ ചുംബനസമര നേതാവായി വിശേഷിപ്പിക്കാൻ കഴിയില്ല. അനേകം ആളുകളുടെ കൂട്ടായ്മയാണ് കിസ് ഓഫ് ലവ്. ഇതിന് നേതാക്കളോ മുഴുവൻ സമയ പ്രവർത്തകരോ ഇല്ല. ആശയത്തെ മുൻനിർത്തി പലഭാഗത്തുനിന്നുണ്ടായ കൂട്ടായ്മയായിരുന്നു ഇത്. പുതിയ സാഹചര്യത്തിലും സമരത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ ചുംബന സമരവുമായി മുന്നോട്ടുപോകുഇവർ പറഞ്ഞു.

രാഹുൽ പശുപാലനെ ചുംബന സമരത്തിൽ നേരത്തേ പങ്കടെുത്ത ഒരാളായി മാത്രമാണ് കണക്കാക്കുന്നത്. ചെറിയാൻ ഫിലിപ്പിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിലടക്കം പല വിഷയങ്ങളിലും ചുംബന സമരത്തിന്റെ രാഷ്ട്രീയത്തിന് വിരുദ്ധ നിലപാടാണ് രാഹുൽ സ്വീകരിച്ചത്. ഇതിനെ തങ്ങൾ പരസ്യമായി വിമർശിച്ചിരുന്നു. എന്നാൽ, രാഹുൽ പശുപാലിന്റെ അറസ്റ്റിനെ കിസ് ഓഫ് ലവുമായി ബന്ധിപ്പിക്കുന്നത് കൂട്ടായ്മയെയും സമരത്തിന്റെ വിശ്വസ്യതയെയും തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പൺകുട്ടികൾക്കെതിരായ അതിക്രമത്തിൽ ശക്തമായ നടപടികളാണ് വേണ്ടത്. കുട്ടികൾക്കെതിരായ അതിക്രമം വെളിച്ചത്തുകൊണ്ടുവരാൻ കിസ് ഓഫ് ലവ് പ്രവർത്തകർ നടത്തിയ പ്രവർത്തനം അവഗണിക്കപ്പെടുകയാണെന്നും കൂട്ടായ്മ ആരോപിച്ചു. കിസ് ഓഫ് ലവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറോളം പേർ ഒപ്പിട്ട പ്രസ്താവനയും കൂട്ടായ്മ പുറത്തിറക്കി.