തിരുവനന്തപുരം:ഒറ്റതവണ കെട്ടിട നികുതി ഇളവ് ആവശ്യപ്പെട്ട് കിറ്റക്‌സ് എം.ഡി. സാബു എം ജേക്കബ് സമർപ്പിച്ച അപേക്ഷ തള്ളി റവന്യു മന്ത്രി കെ. രാജൻ. എറണാകുളം ജില്ലയിൽ കുന്നത്ത്‌നാട് താലൂക്കിൽ കിഴക്കമ്പലം വില്ലേജിൽ ബ്ലോക്ക് 25 ൽ സ്ഥിതി ചെയ്യുന്ന 1176.68 ച.മീ വിസ്തീർണ്ണമുള്ള കെട്ടിടം ട്വന്റി ട്വന്റി എന്ന ചാരിറ്റബിൾ സ്ഥാപനത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൾ ആയാണ് ഉപയോഗിക്കുന്നതെന്നും ടി കെട്ടിടത്തിൽ പഞ്ചസാര, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ സബ്‌സിഡിയോടു കൂടി കിഴക്കമ്പലത്തെ ജനങ്ങൾക്ക് നൽകുന്നതെന്നുമായിരുന്നു സാബു ജോണിന്റെ ആവശ്യം.

ചാരിറ്റബിൾ സൊസൈറ്റിസ് രജിസ്‌ട്രേഷൻ ആക്റ്റിന് കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് ട്വന്റി ട്വന്റി എന്നും കെട്ടിടം താൽക്കാലികമാണന്നും ചാരിറ്റി പ്രവർത്തനങ്ങൾ ആണ് നടക്കുന്നതെന്നും അതുകൊണ്ട് 1975 ലെ കേരള കെട്ടിട നിയമം സെക്ഷൻ 3 (1) പ്രകാരം നികുതി ഇളവ് നൽകണമെന്നുമായിരുന്നു സാബു എം ജേക്കബിന്റെ ആവശ്യം. അരി, പഞ്ചസാര, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗൺ ആണ് ഈ കെട്ടിടം എന്നും പ്രദേശവാസികളിൽ നിന്ന് നിശ്ചിത തുക ഈടാക്കി വിൽപന നടത്തുന്നുണ്ടെന്നും അതുകൊണ്ട് തന്നെ കെട്ടിട നികുതി ഇളവ് നൽകേണ്ടതില്ലെന്നും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ കുന്നത്തുനാട് തഹസിൽദാർ സർക്കാരിന് റിപ്പോർട്ട് നൽകി.

അമ്പതു ശതമാനം വില ഈടാക്കിയാണ് പഞ്ചായത്തിലെ ജനങ്ങൾക്ക് സാധനങ്ങൾ വിൽക്കുന്നതെന്നും വില ഈടാക്കി സാധനങ്ങൾ വിൽക്കുന്നതിനാൽ കെട്ടിടം ധർമ്മ പരമായ ആവശ്യങ്ങൾക്കല്ല ഉപയോഗിക്കുന്നതെന്ന് റവന്യു മന്ത്രി കെ. രാജൻ നിലപാട് എടുത്തു. സാബു ജേക്കബ് ഇങ്ങനൊരു ആവശ്യവുമായി എത്തിയിട്ടുണ്ടെന്ന വിവരം പിണറായിയുടെ ശ്രദ്ധയിൽ പ്പെടുത്താനും റവന്യു മന്ത്രി മറന്നില്ല. ഒറ്റതവണ കെട്ടിട നികുതിയായി ചുമത്തിയത് 1,83,600 രൂപയാണ്.

ഇതിൽ യാതൊരു ഇളവ് വരുത്തേണ്ടന്ന് വ്യക്തമാക്കി 16.8.22 ന് റവന്യു വകുപ്പ് ഉത്തരവ് ഇറക്കി. സാബു എം ജേക്കബിന്റെ ട്വന്റി ട്വന്റിയുടെ സഹായത്താലാണ് എറണാകുളത്ത് നാല് സീറ്റുകളിൽ എൽ.ഡി.എഫ് ജയിച്ചത് എന്നതാണ് വസ്തുതയും വിലയിരുത്തലും. പിന്നീട് സാബുവുമായി ഇടതുപക്ഷം തെറ്റിയെന്നതാണ് വസ്തുത.