കൊച്ചി: അന്വേഷണങ്ങൾ ഇഴച്ചു നീക്കുകയാണ് സംസ്ഥാന പൊലീസിന്റെ പതിവ്. കൊലക്കേസുകളിൽ പോലും ഇതാണ് രീതി. പ്രതികൾക്ക് ജാമ്യത്തിൽ പുറത്തിറങ്ങാനുള്ള തന്ത്രം. കരുവന്നൂരിലെ സാമ്പത്തിക തട്ടിപ്പിൽ പോലും വ്യക്തമായ അന്വേഷണം നടത്തുന്നില്ല പൊലീസ്. എത്ര വലിയ കൊലക്കേസായാലും പ്രതിക്ക് 90 ദിവസം കഴിയുമ്പോൾ ജാമ്യം കിട്ടുന്ന നാട്. എന്നാൽ കിഴക്കമ്പലത്ത് എത്തിയാൽ കഥ മാറും. അവിടെ എല്ലാം അതിവേഗമാണ്.

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു രക്തം ചർദ്ദിച്ചു മരിച്ചതു പോലെയാണ് സിപിഎം പ്രതികരണങ്ങൾ. ഈ ക്രൂര കൊലപാതകത്തിലെ പ്രതികളെ പരസ്യമായി തന്നെ പാർട്ടി പിന്തുണയ്ക്കുന്നു. ഈ കേസ് ചർച്ചയാക്കിയതിന് പിന്നാലെ ട്വന്റി ട്വന്റിക്ക് മറ്റൊരു പണി കൊടുക്കുകയാണ് ഭരണ സ്വാധീനമുള്ളവർ. ക്രിസ്മസ് ദിനത്തിൽ കിറ്റെക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ അതിക്രമം നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്‌തെന്ന രണ്ടു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചത് അതിവേഗമാണ്.

കോലഞ്ചേരി ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണു 524 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവർക്ക് ജാമ്യം കിട്ടാതിരിക്കാനാണ് ഈ മുൻ കരുതൽ. പൊലീസ് വാഹനം നശിപ്പിച്ചെന്ന കേസിൽ 175 പേരാണു പ്രതികൾ. കുന്നത്തുനാട് സിഐ വി.ടി.ഷാജനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നു രജിസ്റ്റർ ചെയ്ത കേസിൽ 51 പേരാണു പ്രതികൾ. സംഭവത്തിൽ ആകെ പ്രതികൾ 226. പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിച്ചു എന്നാണ് ഇവർക്കെതിരായ കേസ്. രണ്ട് എഫ്‌ഐആറുകളിലായി 11 വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അസം, യുപി, നാഗാലാൻഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതികൾ റിമാൻഡിലാണ്. ക്രിസ്മസ് ദിനത്തിൽ രാത്രി 12 മണിയോടെ കിറ്റെക്‌സ് ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിട വളപ്പിൽ ആഘോഷത്തിന്റെ പേരിൽ തുടങ്ങിയ കലഹമാണ് കലാപത്തിലെത്തിയത്. തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുന്ന വിവരം അറിഞ്ഞു പൊലീസ് എത്തിയപ്പോൾ അക്രമികൾ പൊലീസിനു നേരെ തിരിയുകയായിരുന്നുവെന്നാണ് ആരോപണം.

പൊലീസ് വാഹനം കത്തിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതോടെ ഉദ്യോഗസ്ഥർക്കു പിൻവാങ്ങേണ്ടി വന്നു. ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിയ പൊലീസുകാർക്കു നേരെ ആക്രമണമുണ്ടാകുകയും കൊലപ്പെടുത്താൻ ശ്രമമുണ്ടാകുകയും ചെയ്തു. ആലുവ എസ്‌പി കാർത്തിക്കിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം എത്തിയാണ് പ്രതികളെ ബലം പ്രയോഗിച്ചു പിടികൂടി അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയത്. അന്ന് മുതൽ എല്ലാവരും ജയിലിലാണ്. കുറ്റപത്രം കൊടുത്തതോടെ ഇനിയും ജാമ്യം കിട്ടില്ല. ശിക്ഷ ഉറപ്പാക്കും വരെ ജയിലിൽ ഇടാനാണ് നീക്കം.

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകരുടെ മാനികാവസ്ഥ തകർക്കുകയാണ് ഇതിന്റെ ലക്ഷ്യം. നാലോ അഞ്ചോ പേരാണ് അക്രമങ്ങളുടെ മൂല കാരണം. ബാക്കി എല്ലാപേരും അവിടെ കാഴ്ചക്കാരായിരുന്നു. എന്നിട്ടും കിറ്റക്‌സ് കമ്പനിയിൽ ജോലിക്കായി എത്തിയ 200 ഓളം പേരെ പ്രതികളാക്കുകയായിരുന്നു പൊലീസ്. കിറ്റക്‌സിലെ ജീവനക്കാർക്ക് ഭാവിയിലും ഇത്തരം കേസുകളുണ്ടാകുമെന്ന സന്ദേശമാണ് ഭരണ മുന്നണി നൽകുന്നത്. അവരുടെ മാനസിക ധൈര്യം തകർത്ത് ട്വന്റി ട്വന്റിയെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഡപദ്ധതി. ഇതിന് വേണ്ടിയാണ് ഇത്രയധികം പേരെ കേസുകളിൽ പ്രതിയാക്കിയത്.

കിറ്റക്‌സ് കമ്പനിയിൽ ഇതര സംസ്ഥാനത്ത് നിന്ന് ജോലി എടുക്കുന്നവർ ഏറെയാണ്. അവരെ മടക്കി അയയ്ക്കുന്ന തരത്തിൽ ഭീതി സൃഷ്ടിക്കാനാണ് 200ഓളം പേരെ കേസിൽ പ്രതിയാക്കുന്നതെന്നാണ് വിലയിരുത്തൽ.