കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നിട്ടും ആരും അടിച്ചില്ലെന്ന നിലപാടിലാണ് സിപിഎമ്മും എംഎൽഎ ശ്രീനിജനും. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പൊലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇന്ന് വിശദ റിപ്പോർട്ട് പുറത്തു വരും. അതിക്രൂര മർദ്ദനത്തിന്റെ സൂചനകളാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.

സിപിഎം വാദങ്ങൾ തള്ളുന്നതാണ് പൊലീസിന്റെ എഫ് ഐ ആറും. ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സിപിഎം പ്രവർത്തകർ മർദ്ദിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. സ്ഥലത്ത് തുടർപ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. എഫ് ഐ ആറിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. ഗൂഢാലോചനയുടെ സൂചനയും അതിലുണ്ട്. ഗൂഢാലോചനയിലേക്ക് അന്വേഷണം പോകുമോ എന്നത് മാത്രമാണ് ഇനി നിർണ്ണായകം.

അതിനിടെ ദീപുവിനെ മർദിച്ച കേസിൽ റിമാൻഡിലായ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ചേലക്കുളം കാവുങ്ങപ്പറമ്പ് വലിയപറമ്പിൽ അസീസ ്(42), പാറാട്ട് വീയൂട്ട് അബ്ദുൽ റഹ്മാൻ (36), പാറാട്ട് സൈനുദീൻ (27), നെടുങ്ങാട്ട് ബഷീർ (27) എന്നിവർക്കെതിരെയാണ് കേസ്. തലയിലേറ്റ ക്ഷതമാണു ദീപുവിന്റെ മരണകാരണം എന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതോടെയാണു പ്രതികൾക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തിയത്. ഗൂഢാലോചനയിലെ അന്വേഷണം അട്ടിമറിക്കാൻ ഉന്നതർ തന്നെ രംഗത്തുണ്ട്. അങ്ങനെ വന്നാൽ അന്വേഷണത്തെ നേരിടാമെന്ന ചിലരുടെ അവകാശ വാദം വെല്ലുവിളികളിൽ മാത്രമായി ചുരുങ്ങും.

ദീപുവിന് തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കുന്ന സ്ഥിതിയുമുണ്ടായി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇതുവരെ നാല്പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കൊല്ലപ്പെട്ട ദീപുവിന്റെ ശവസംസ്‌കാരം കാക്കനാട് സ്മശാനത്തിൽ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ നടന്നു.

ഇന്നലെ രാവിലെ 10 മണിയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി ആരംഭിച്ച പോസ്റ്റ്‌മോർട്ടം വിഡിയോയിൽ ചിത്രീകരിച്ചു. ട്വന്റി 20 ഭാരവാഹികളും പ്രവർത്തകരും മോർച്ചറിക്കു മുന്നിൽ എത്തി. ഉച്ചയോടെ ബന്ധുക്കൾക്കു കൈമാറിയ മൃതദേഹം വൈകിട്ട് 3.30ന് കിഴക്കമ്പലം ട്വന്റി 20 നഗറിൽ എത്തിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളെത്തി. കോവിഡ് പോസിറ്റീവ് ആയതിനാൽ പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം ആംബുലൻസിൽ നിന്നു പുറത്തിറക്കിയില്ല.

ട്വന്റി 20 ചെയർമാൻ സാബു എം.ജേക്കബ്, അന്നാ കിറ്റെക്‌സ് എംഡി ബോബി എം.ജേക്കബ്, ബിജെപി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം വിനിതാമോൾ, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് എന്നിവരുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു. തുടർന്നു മൃതദേഹം വിലാപയാത്രയായി കാവുങ്ങപ്പറമ്പിലെ വീട്ടിലെത്തിച്ചു. വീട്ടിലും വൻ ജനാവലി ആദരാഞ്ജലി അർപ്പിക്കാൻ എത്തി.

സഹോദരി ദീപയുടെ മകൻ അമലാണ് അന്ത്യകർമങ്ങൾ ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ എന്നിവർ വീട്ടിലെത്തി. കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ സംസ്‌കാരം നടത്തി.