കണ്ണൂർ: തനിക്കെതിരെയുള്ള വർഗ്ഗീയ നോട്ടീസിന്റെ ഉറവിടം അന്വേഷിക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ഉടൻ പരാതി നൽകുമെന്ന് അഴിക്കോട് എംഎൽഎയായിരുന്ന കെ.എം. ഷാജി മറുനാടൻ മലയാളിയോട് പറഞ്ഞു. വർഗ്ഗീയ ചുവയുള്ള പ്രസ്തുത നോട്ടീസ് പൊലീസിന് എത്തിച്ചു നൽകിയതായി പറയുന്ന സിപിഎം. പ്രവർത്തകനെതിരെ കേസെടുത്ത് ചോദ്യം ചെയ്യണം.

ഒരു മതേതരരാജ്യമായ ഇന്ത്യയിലെ വ്യവസ്ഥിതിയെ തന്നെ അട്ടിമറിക്കുന്ന രീതിയിൽ കൃത്രിമമായി സൃഷ്ടിച്ചെടുത്താണ് ഈ നോട്ടീസ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ ലോകസഭാ തെരഞ്ഞെടുപ്പ് വരെ സിപിഎം. ഇത്തരത്തിലുള്ള വിലകുറഞ്ഞ തന്ത്രങ്ങൾ പയറ്റാറുണ്ട്. ആരും കണ്ടിട്ടില്ലാത്ത നോട്ടീസ് മതചിഹ്നം ഉപയോഗിച്ച് സൃഷ്ടിച്ചത് ആരെന്ന് തെളിയിക്കുന്നതിന് സുപ്രീം കോടതി വരെ പോയി കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ഷാജി പറയുന്നു. എൻ.ഐ.എ., സിബിഐ. തുടങ്ങിയ അന്വേഷണ ഏജൻസികളെക്കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കാനുള്ള ശ്രമവും നടക്കുമെന്ന് ഷാജി പറയുന്നു.

ഇസ്ലാംമത വിശ്വാസികളല്ലാത്തവർക്ക് വോട്ട് നൽകരുതെന്ന് പരാമർശിച്ച് കെ.എം. ഷാജിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് തയ്യാറാക്കിയ വിധത്തിലായിരുന്നു നോട്ടീസ് കണ്ടെടുത്തതെന്ന് പറയുന്നു. വളപട്ടണം മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. മനോരമയുടെ വീട്ടിൽ നിന്നും കണ്ടെടുത്തുവെന്ന ഹരജിയിലാണ് അഴീക്കോട് മണ്ഡലത്തിലെ എംഎൽഎ യായിരുന്ന കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ടത്. അന്ന് വളപട്ടണം എസ്‌ഐ. ആയിരുന്ന ശ്രീജിത്തുകൊടേരി ഇങ്ങിനെയായിരുന്നു മൊഴി നൽകിയത്. ിതിനെതിരെ കെ.എം. ഷാജി കോടതിയെ സമീപിച്ചു. എസ്‌ഐ. യുടെ മൊഴിയിൽ മഹസ്സർറിപ്പോർട്ടിലും ഒട്ടേറെ വൈരുദ്ധ്യങ്ങളുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ ഒരിടത്തും ഇറങ്ങാത്ത നോട്ടീസാണ് തങ്ങൾ പിടിച്ചെടുത്തതെന്നായിരുന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. നോട്ടീസ് പൊലീസ് പിടിച്ചെടുത്തതല്ലെന്നാണ് മഹസ്സർ റിപ്പോർട്ടിലുള്ളത്. അതിലൂടെ എസ്‌ഐ. ശ്രീജിത്തുകൊടേരിയുടെ മൊഴി തെറ്റാണെന്നാണ് വ്യക്തമാവുന്നത്. ഇക്കാര്യത്തിൽ കണ്ണൂർ ടൗൺ എസ്‌ഐ. ആയ ശ്രീജിത്തുകൊടേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

നേരത്തെ കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ എസ്‌ഐ. നൽകിയ സ്ഥല മഹസ്സറിലും എഫ്.ഐ. ആറിലും ലഘുലേഖ ഹാജരാക്കിയത് സിപിഎം. ലോക്കൽ കമ്മിറ്റി മെമ്പർ അബ്ദുൾ നാസറാണെന്നാണ് പറഞ്ഞത്. ഇതിന്റെ പകർപ്പ് സഹിതം കെ.എം. ഷാജി ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ എസ്‌ഐ. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടർന്നാണ് എസ്‌ഐ. യോട് നേരിട്ട് ഹാജരാവാൻ കോടതി നോട്ടീസ് അയച്ചത്. എൽ.ഡി.എഫ്, സ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ നൽകിയ തെരഞ്ഞെടുപ്പ് കേസിലായിരുന്ന എംഎൽഎ ആയിരുന്ന കെ.എം. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

എം വി നികേഷ് കുമാറിന് വേണ്ടി സിപിഎം. എസ്‌ഐ.യെ ഉപയോഗിച്ച് നടത്തിയ ഗൂഢാലോചനയാണ് ആരും കണ്ടിട്ടില്ലാത്ത മത ചിഹ്നം ഉപയോഗ്ച്ച നോട്ടീസെന്ന് യു.ഡി.എഫും ആരോപിക്കുന്നു. സിപിഎം. കേന്ദ്രങ്ങളിൽ നിന്നും തയ്യാറാക്കിയ നോട്ടീസിന്റെ ഉറവിടം കണ്ടെത്താൻ നിയമത്തിന്റെ ഏതറ്റം വരേയും പോകുമെന്ന് കെ.എം. ഷാജി പറഞ്ഞു.