കോഴിക്കോട്: മുക്കം കെ എം സി ടി മെഡിക്കൽ കോളെജിൽ നടന്ന ഗുരുതരമായ ചികിത്സാ പിഴവിനെക്കുറിച്ച് ഡി വൈ എസ് പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവ് നൽകിയത്. കെ എം സി ടി മെഡിക്കൽ കോളേജ് സൂപ്രണ്ടും വിശദീകരണം സമർപ്പിക്കണം. ചികിത്സാ പിഴവ് സംഭവിച്ചതായി പരാതിക്കാരൻ ആരോപിക്കുന്ന ഡോ. ദിലീപ് ദേവദാസ് അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കണം. റിപ്പോർട്ടുകൾ മൂന്നാഴ്ചക്കകം ലഭിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.

മലപ്പുറം വളാഞ്ചേരി കൊട്ടാരം സ്വദേശി പി ആർ മുരളി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2008 ലുണ്ടായ വാഹനാപകടത്തെ തുടർന്ന് ശരീരത്തിലിട്ട കമ്പി എടുക്കാനാണ് വർക്ക് ഷോപ്പ് ജീവനക്കാരനായ മുരളി കെ എം സി ടി മെഡിക്കൽ കോളേജിൽ എത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ആദ്യം മുറുക്കിയ 12 സ്‌ക്രൂവിൽ 11 എണ്ണം മാത്രമാണ് തിരികെയെടുത്തത്. പിറ്റേ ദിവസം രണ്ടാമത് ശസ്ത്രക്രിയ നടത്തി 12 മത്തെ സ്‌ക്രൂ എടുത്തു. ഈ ശസ്ത്രക്രിയക്കിടയിൽ തുട ഭാഗത്ത് പുതിയ മുറിവ് കണ്ടെത്തുകയും അവിടെ പുതിയ പ്ലേറ്റ് സ്ഥാപിക്കുകയും ചെയ്തു.

തുടർന്ന് വേദന കൂടിയപ്പോൾ ഡോക്ടർ പരിശോധിക്കുകയും ശരീരത്തിൽ സ്ഥാപിച്ച പ്ലേറ്റിന് മുറുക്കമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. അത് ശരിയാക്കാൻ വീണ്ടും ശസ്ത്രക്രിയ നടത്തി. ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് പരാതിക്കാരൻ. കഴിഞ്ഞ പ്രളയത്തിൽ പരാതിക്കാരന്റെ വീട് തകർന്നിരുന്നു. തീർത്തും നിരാലംബരായി മാറിയിരിക്കുകയാണ് പരാതിക്കാരന്റെ കുടുംബം. കെ എം സി ടിയിൽ സംഭവിച്ച ചികിത്സാ പിഴവിന് നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.