കൊല്ലം: പൊതുമേഖല സ്ഥാപനങ്ങളിലെ താത്കാലിക, കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് വഴി നടത്തണമെന്ന സർക്കാർ ഉത്തരവിന് വിരുദ്ധമായി കെഎംഎംഎൽ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗങ്ങൾക്ക് ഖലാസി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നു. സിപിഎം ചവറ തെക്കുംഭാഗം ലോക്കൽ കമ്മറ്റി അംഗവും, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് അംഗവുമായ പ്രദീപിനും, സിപിഎം ചവറ വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗവും, ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ലോയ്ടിനും ആണ് സർക്കാർ ഉത്തരവിന് വിരുദ്ധമായി കരാർ അടിസ്ഥാനത്തിൽ ഖലാസി നിയമനം നൽകുന്നത്.

ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിൽ കരാർ അടിസ്ഥാനത്തിൽ ഖലാസി തസ്തികയിൽ ജോലി ചെയ്തിരുന്ന ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് പ്രസിഡന്റ്റും, സിപിഎം നെറ്റിയാട് ബ്രാഞ്ച് സെക്രട്ടറിയും കഴിഞ്ഞ ഫെബ്രുവരിയിൽ കെഎംഎംഎൽ ടിപി യൂണിറ്റിൽ നടന്ന വിവാദ ഖലാസി സ്ഥിര നിയമനത്തിൽ നിയമനം നേടി പോയ രണ്ടു ഒഴിവിലേക്കാണ് കരാർ അടിസ്ഥാനത്തിൽ ഖലാസി നിയമനം നടത്തുന്നതിനായി കെഎംഎംഎൽ ഒഴിവുകൾ എംപ്ലോയിമെന്റിലേക് റിപ്പോർട്ട് ചെയ്തതു.

വൻകിട കമ്പനികളിൽ ഖലാസിയായി ആറു വർഷത്തെ തൊഴിൽ പരിചയം ഉള്ളവരിൽ നിന്നുമാണ് നിയമനം നടത്തുന്നതിനായി എംപ്ലോയിമെന്റ് മുഖേന സംസ്ഥാനത്തലത്തിൽ അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാൽ മേഖല, ജില്ലാ, സംസ്ഥാന തലത്തിൽ എംപ്ലോയ്മെന്റിൽ ഖലാസിയായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ ആറു വർഷത്തെ തൊഴിൽ പരിചയമുള്ളവർ ഇല്ലെന്നും, ആയതിനാൽ തൊഴിൽ പരിചയ കാലാവധി കുറച്ചു നൽകിയാൽ അത്തരത്തിൽ ഉദ്യോഗാർഥികളെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കെഎംഎംഎൽ റ്റിഎസ്‌പി അധികാരികൾക്കു മറുപടി നൽകി. സിപിഎം ലോക്കൽ കമ്മറ്റി അംഗങ്ങൾക്കു നിയമനം നൽകാൻ വേണ്ടിയാണു ഉന്നത രാഷ്ട്രീയ സ്വാധീനത്തിൽ എംപ്ലോയ്മെന്റ് ജില്ലാ ഓഫീസർ ഇത്തരത്തിൽ ഒരു മറുപടി നൽകിയിരിക്കുന്നത്.

ആറു വർഷ തൊഴിൽ പരിചയം ഉള്ളവർക്ക് നിയമനം നൽകേണ്ട ഖലാസി തസ്തികയിലാണ് യാതൊരു പ്രവർത്തി പരിചയവും ഇല്ലാത്ത സിപിഎം ലോക്കൽ കമ്മറ്റി അംഗങ്ങൾക്കു നിയമനം നൽകുന്നത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെയും, കെഎംഎംഎൽ സിഐറ്റിയു എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയുടെയും നിർദ്ദേശം പ്രകാരമാണ് കമ്പനി മാനേജിങ്ങ് ഡയറക്ടറും, പീഡന പരാതിയിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കമ്പനി ജനറൽ മാനേജരുമാണ് എല്ലാ വിധ നിയമങ്ങളും ലെങ്കിച്ചുസിപിഎം ലോക്കൽ കമ്മറ്റി അംഗങ്ങൾക്കു അനധികൃതമായി ഖലാസി നിയമനം നൽകുന്നതിനു നേതൃത്വം നൽകുന്നത്.