കൊച്ചി : കാർമൽ മാതാ ബോട്ടിലെ തൊഴിലാളികളിൽ ഒരാളൊഴികെ എല്ലാവരും ഉറക്കത്തിലായിരുന്നു. അപ്പോഴായിരുന്നു അപകടം. ദുരന്തം ആംബർ എന്ന കപ്പലിന്റെ രൂപത്തിൽ പാഞ്ഞെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ബോട്ട് നങ്കൂരമിട്ട ശേഷം തൊഴിലാളികൾ വിശ്രമിക്കുന്ന നേരത്തായിരുന്നു കൂട്ടിയിടി. ബോട്ടിന്റെ വീൽഹൗസിൽ ആയിരുന്നു തൊഴിലാളികളെല്ലാം. കൊച്ചിക്കടുത്തുണ്ടായ ദുരന്തത്തിൽ രണ്ട് പേരാണ് മരിച്ചത്. ഒരാളെ കാണാതായി.

വൻശബ്ദത്തോടെ കപ്പൽ ഇടിച്ചയുടൻ ബോട്ട് രണ്ടുപ്രാവശ്യം മറിഞ്ഞശേഷം താഴേക്കു കമിഴ്ന്നു. വീൽഹൗസിനുള്ളിലേക്കു വെള്ളം കയറിയതോടെ തൊഴിലാളികൾ പുറത്തേക്കുകടന്ന് തകർന്ന ബോട്ടിന്റെ പലകകളിൽ പിടിച്ചു കിടക്കുകയായിരുന്നു. രക്ഷപ്പെടാനായി നീന്തി. ബോട്ടിൽ ഉറങ്ങാതിരുന്ന തൊഴിലാളിയാണു കപ്പലിന്റെ പിൻഭാഗത്ത് എഴുതിയിരുന്ന പേരു കണ്ടത്. മൽസ്യബന്ധനം നടത്തുകയായിരുന്ന സെന്റ് ആന്റണീസ് ബോട്ടിലെ ജീവനക്കാരാണ് രക്ഷാ ദൗത്യത്തിൽ ആദ്യം പങ്കാളിയായത്. പിന്നെ തീരരക്ഷാ സേനയെയും കോസ്റ്റൽ പൊലീസും എത്തി. കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

പരുക്കേറ്റ തമിഴ്‌നാട് വാണിയംകുടി സ്വദേശികളായ എൻ. നേവിസ് (34), ഏണസ്റ്റ് (37), ആൾഡോ (26), ബെനിഷ് ആംസ്‌ട്രോങ് (24), ബ്രിട്ടോ (27), ആൻഡ്രൂസ് (42), മെർലിൻ (26) എന്നിവരെ ഫോർട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിലും ആന്റണി (38), പ്രദീഷ് (28), നെൽസൺ (27), മിഖായേൽ (26) എന്നിവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമ്പിദുരൈയുടെ മൃതദേഹം ഇന്നലെ രാവിലെ പത്തുമണിയോടെയും രാഹുൽദാസിന്റെത് പത്തരയോടെയും മത്സ്യബന്ധന ബോട്ടുകളിൽ ഫോർട്ട്‌കൊച്ചി കമാലക്കടവിലെത്തിച്ചു. കാണാതായ മോത്തിദാസിനു വേണ്ടി ഐഎൻഎസ് കൽപേനിയും ഹെലികോപ്റ്ററും തിരച്ചിൽ തുടരുകയാണ്.

അതിനിടെ 'ആംബർ-എൽ' ചരക്കുകപ്പൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നാലുമാസം മുൻപ് യുഎസിൽ നടപടി നേരിട്ടതായി കോസ്റ്റൽ പൊലീസിനു വിവരം ലഭിച്ചു. പാനമയിൽ രജിസ്റ്റർ ചെയ്ത രണ്ടു ചരക്കുകപ്പലുകളാണു പോർട്ട്‌ലാൻഡിൽ ഫെബ്രുവരിയിൽ തടഞ്ഞുവച്ചത്. അറ്റ്‌ലാന്റിക് റൂബി എന്ന കപ്പലിലും സുരക്ഷാപ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും ആംബർ എല്ലിലെ തകരാറുകൾ ഗുരുതരമായിരുന്നു. അമേരിക്കൻ തീര പരിധിയിൽ പ്രവേശിക്കുന്ന വിദേശ കപ്പലുകളിൽ പോർട്ട് സ്റ്റേറ്റ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായാണു കോസ്റ്റ് ഗാർഡ് സുരക്ഷാ പരിശോധന നടത്തുന്നത്. ജീവനക്കാരുടെ സുരക്ഷയും സമുദ്ര മലിനീകരണം കുറയ്ക്കലും ലക്ഷ്യമിട്ടുള്ള പരിശോധനയിൽ നിലവാരമില്ലാത്ത കപ്പലുകൾക്കു യാത്രാനുമതി നിഷേധിക്കും. ഈ പരിശോധനയ്ക്കിടയിലാണ് ആംബർ എല്ലിലെ പ്രശ്‌നങ്ങൾ കണ്ടെത്തിയത്.

കപ്പലിന്റെ ഗതി നിയന്ത്രിക്കുന്ന സ്റ്റിയറിങ് സംവിധാനത്തിൽ ഒന്നിലേറെ തകരാറുകളും പ്രധാന എൻജിനിൽനിന്നു തണുത്ത വെള്ളം ചോരുന്നതും കണ്ടെത്തിയിരുന്നു. ഇതേ തകരാറുകളാണോ ഇപ്പോഴത്തെ അപകടത്തിനു വഴിവച്ചതെന്നു പരിശോധിക്കേണ്ടിവരും. പാനമയിൽ രജിസ്റ്റർ ചെയ്ത ഈ ചരക്കുകപ്പൽ 2000ലാണു നിർമ്മാണം പൂർത്തിയാക്കിയത്. 185 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള കപ്പലിനു 48,282 ടൺ ആണ് ആകെ ഭാരം. എന്നാൽ, കപ്പലിന്റെ കേവുഭാരം (ഗ്രോസ് ടെന്നേജ്) 25,955 ടൺ. 14.3 നോട്ടിക്കൽ മൈൽ പരമാവധി വേഗമുള്ള 'ആംബർ-എൽ' ജൂൺ ഒന്നിനാണു ചൈനയിലേക്കു യാത്ര പുറപ്പെട്ടത്. 30,000 ടൺ വളമാണു കപ്പലിൽ. ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) നമ്പർ 9200354ൽ രജിസ്റ്റർ ചെയ്ത 'ആംബർ-എൽ'ന്റെ മാരിടൈം മൊബൈൽ സർവീസ് ഐഡന്റിറ്റി നമ്പർ (എംഎംഎസ്‌ഐ) 357782000 ആണ്.

അപകടമുണ്ടാക്കിയ വിദേശകപ്പൽ തീരദേശപൊലീസ് പിടിച്ചെടുത്തുകൊച്ചി തീരത്തെത്തിച്ചു കേസെടുത്തിട്ടുണ്ട്. എറണാകുളം ഡി.സി.പി. യതീഷ് ചന്ദ്ര, തീരദേശപൊലീസ് സി.ഐ: ടി.എം. വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണു കപ്പൽ കസ്റ്റഡിയിലെടുത്തത്. അപകടമുണ്ടായെന്ന് അറിഞ്ഞശേഷവും ലൈറ്റണച്ച് കപ്പൽ കടന്നുകളയുകയായിരുന്നെന്നു രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. കപ്പലുകൾക്ക് സഞ്ചാര അനുവാദമില്ലാത്ത മേഖലയിലാണ് അപകടമെന്നാണു പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ട്. കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവർക്കെതിരേ നരഹത്യക്ക് കേസെടുക്കുമെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എംപി. ദിനേശ് പറഞ്ഞു. രാജ്യാന്തര നിയമങ്ങൾ കണക്കിലെടുത്തായിരിക്കും കപ്പലിനെതിരേ നടപടിയെടുക്കുകയെന്നു തീരദേശപൊലീസ് എ.ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു. ഗ്രീക്കുകാരനായ കപ്പിത്താനടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതിൽ രണ്ട് സുരക്ഷാ ഉദ്യേഗസ്ഥർ ഇന്ത്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. കപ്പലിൽ നിന്ന് പിടിച്ചെടുത്ത വോയിസ് റെക്കോർഡുകളും ലോഗ്ബുക്കും പൊലീസ് പരിശോധിച്ചുവരികയാണ്.

അഞ്ചുവർഷത്തനിടെ വിദേശകപ്പലുകൾ ഇന്ത്യൻ തീരത്ത് ജീവഹാനി വരുത്തുന്ന രണ്ടാമത്തെ സംഭവമാണിത്. കൊല്ലം നീണ്ടകര നിന്ന് മീൻപിടിക്കാൻ പോയ രണ്ടു മലയാളി മത്സ്യത്തൊഴിലാളികളെ അമ്പലപ്പുഴ തീരത്തുവച്ച് ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികർ വെടിവച്ചുകൊന്നിരുന്നു. 2012 ഫെബ്രുവരി 15ന് നടന്ന ആക്രമണം രാജ്യാന്തരതലത്തിലുള്ള നിയമയുദ്ധങ്ങൾക്കു വഴിവെച്ചിരുന്നു.