കൊച്ചി: ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോ (റിസർച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ കൊച്ചിയിൽ പിടിയിൽ. വയനാട് സ്വദേശിയും ഇപ്പോൾ പാടിവട്ടത്ത് പ്രതിഭാ ലൈനിലെ സെപ്‌സൺ കോർട്ട് ഫ്‌ളാറ്റിലെ താമസക്കാക്കനായ ബൈജു പോളിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്നും തോക്ക് കണ്ടെടുക്കുകയും ചെയ്തു.

ചക്കരപ്പറമ്പിൽ പ്രവർത്തിക്കുന്ന ചില്ലാക്‌സ് റെസ്റ്റൊറന്റിൽ വച്ച് യുവാവിനെ കയ്യേറ്റം ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്ത സംഭവത്തെ തുടർന്ന് പൊലീസ് പിടികൂടിയപ്പോഴാണ് ഇയാളുടെ തട്ടിപ്പ് പുറത്തറിഞ്ഞത്. ചില്ലക്‌സ് റെസ്റ്റൊറന്റിൽ കഴിഞ്ഞ വെളുപ്പിന് 5.20 ന് പാലാ സ്വദേശിയായ അലക്‌സ് എന്നയാളും സുഹൃത്തുക്കളും ആഹാരം കഴിക്കാനായെത്തി. ഈ സമയം ബൈജു പോൾ അവിടെയുണ്ടായിരുന്നു. ഉച്ചത്തിൽ ഇവർ സംസാരിച്ചതിനെ തുടർന്ന് ഇയാൾ അവരോട് തട്ടിക്കയറുകയും താൻ റോ ഉദ്യോഗസ്ഥനാണെന്ന് പറയുകയും ചെയ്തു. നിങ്ങൾ കഞ്ചാവ് വിൽപ്പനക്കാരല്ലേ എന്ന് ചോദിച്ചു കൊണ്ട് യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി.

വാക്കുതർക്കത്തിനൊടുവിൽ ഇയാൾ മൊബൈൽ ഫോൺ തിരികെ നൽകി. പിന്നീട് കൂടെയുണ്ടായിരുന്ന പെൺസുഹൃത്തിന്റെ നമ്പർ ഇയാൾ കൈക്കലാക്കി. സംഭവത്തിന് ശേഷം ബൈജു സ്ഥലം വിട്ടു. എന്നാൽ അലക്‌സും സുഹൃത്തുക്കളും സംഭവം വിശദീകരിച്ച് പാലാരിവട്ടം പൊലീസിൽ പരാതി നൽകി. ശേഷം ഇന്നലെ ഉച്ചയോടെ ഇയാളുടെ പെൺസുഹൃത്തിന്റെ ഫോണിലേക്ക് ബൈജുവിന്റെ വിളി വന്നു. പൊലീസ് നിർദ്ദേശം അനുസരിച്ച് ഇവർ ബൈജുവിന്റെ എല്ലാ വിവരങ്ങളും മനസ്സിലാക്കി. പിന്നീട് പൊലീസിന് വിവരം കൈമാറി. ഇതോടെയാണ് ഇയാൾ പൊലീസ് വലയിലാത്. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത് ലൈസൻസ് ആവിശ്യമില്ലാത്ത എയർ പിസ്റ്റൺ ആണ്. മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ വേണ്ടി മാത്രമേ ഇയാൾ ഇത്തരത്തിൽ കള്ളം പറഞ്ഞിട്ടുള്ളൂ എന്നും മറ്റു തരത്തിൽ ദുരുപയോഗം ചെയ്തിട്ടില്ല എന്നും പാലാരിവട്ടം എസ് എച്ച്.ഒ വിബിൻ ദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ചില്ലാക്‌സിലെ സ്ഥിരം സന്ദർശകനായ ഇയാൾ റോ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഉടമയെ ഭീഷണി പെടുത്തിയിരുന്നു. റസ്റ്റോറന്റിൽ വരുന്നവരെ സൂക്ഷിക്കണമെന്നും അവരുടെ ഫോൺ നമ്പർ വാങ്ങി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും പറഞ്ഞിരുന്നതായി ചില്ലാക്‌സ് ഉടമ മെൽബിൻ കൊമ്പൻ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.