കൊച്ചി : ചെറിയൊരു കുലുക്കം മതി നൂറു കണക്കിനു പേർ സെക്കൻഡുകൾ കൊണ്ടു മരിക്കാൻ. സ്ഥലം കൊച്ചി ആകുമ്പോൾ പറയേണ്ടതില്ലല്ലോ. കേരളത്തിൽ ഏറ്റവും അധികം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയായതുകൊണ്ടുതന്നെ ഭൂമിക്ക് ആഘാതവും കൂടുതലാണ്.

കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ബഹുനില കെട്ടിടത്തിലാണ് അഞ്ഞൂറോളം അന്യസംസ്ഥാന തൊഴിലാളികളും കുടുംബവും താമസിക്കുന്നത്. ഇടിഞ്ഞുവീഴറായ കെട്ടിടത്തിൽ കഴിയുന്ന ഇവരുടെ ജീവൻ ഏതുനേരവും ഇല്ലാതാകാം. കൊച്ചി കടവന്ത്രയിലെ സുനോറാ പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന പോൾസൺ കോട്ടേജാണ് കാലപ്പഴക്കം കൊണ്ടു ജീർണിച്ച അവസ്ഥയിലായിട്ടുള്ളത്.

കെട്ടിടം ഉടമ മരിച്ചുപോയതിനാൽ പാട്ടക്കാർ കൈയടക്കിയ കെട്ടിടത്തിൽ കഴിയുന്നവരുടെ ജീവിതം നരകതുല്യമാണ്. വാടക പിരിക്കാനെത്തുന്ന പാട്ടക്കാരോട് അഡ്വാൻസ് തുക മടക്കിവാങ്ങി വീടൊഴിഞ്ഞുകൊടുക്കാൻ താമസക്കാർ തയ്യാറാണെങ്കിലും പണം നൽകാൻ പാട്ടക്കാർ തയ്യാറല്ല. നിലവിൽ കെട്ടിടത്തിന്റെ അവകാശിയായി ഒരു പ്രായംചെന്ന സ്ത്രീ മാത്രമാണുള്ളത്. ഇവർ ഭർത്താവ് മരിച്ചതോടെ കാക്കനാട്ടെ ബന്ധുവിന്റെ വീട്ടിലേക്ക് മാറിയിരിക്കുകയാണ്. കെട്ടിടം പൂർണ്ണമായും കൈയടക്കിയിരിക്കുന്നവർ കൊച്ചിയിലെ മാഫിയ സംഘത്തിൽപ്പെട്ടവരാണെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇടിഞ്ഞു പൊളിഞ്ഞ കക്കൂസും പൊട്ടിയൊലിക്കുന്ന കുടിവെള്ള പൈപ്പും വൃത്തിഹീനമായ മുറികളും ഇവിടത്തെ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം പ്രദേശവാസികൾക്ക് ഭീഷണിയുയർത്തുകയാണ്. ഇവിടെ മദ്യ - മയക്കുമരുന്നു കച്ചവടവും നടക്കുന്നതായാണ് വിവരം. കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥിൽ ആശങ്കപൂണ്ട ജീല്ലാ കളക്ടർ നാട്ടുകാരുടെ നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ മിന്നൽ പരിശോധന നടത്തി. പൊളിഞ്ഞുവീഴാറായ കെട്ടിടത്തിന്റെ ചവിട്ടുപടിയിലൂടെ സാഹസികമായി അകത്തു പ്രവേശിച്ച കളക്ടർക്ക് അതിദയനീയവും അറപ്പുളവാക്കുന്നതുമായ രംഗങ്ങളാണ് കാണേണ്ടിവന്നത്.

പൊട്ടിയൊലിക്കുന്ന കക്കൂസ് മുറിക്കുള്ളിൽ വഴിയോര കച്ചവടക്കാർ വില്പനക്കായി വെക്കുന്ന ചീര കഴുകി വൃത്തിയാക്കുന്നുണ്ടായിരുന്നു. കളക്ടർ ഇത് കയ്യോടെ പിടിച്ചെടുത്തു. മുറികളിൽ മദ്യക്കുപ്പികളുടെ കൂനകൾ കാണാമായിരുന്നു. മദ്യപിക്കാനും മയക്കുമരുന്ന് വ്യാപാരം നടത്താനും ഇവിടെ ആളുകൾ വന്നുപോകാറുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു.

നാട്ടുകാർക്കും താമസക്കാർക്കും ഒരുപോലെ ദുരിതം വിതയ്ക്കുന്ന കെട്ടിടം പൊളിച്ചു നീക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യമാണ് പ്രദേശവാസികൾക്കുള്ളത്. ഇവിടെ ഉടൻതന്നെ ഫ്‌ളാറ്റ് സമുച്ചയത്തിനായി പൈലിങ് നടത്താൻ സ്വകാര്യ കമ്പനി തയ്യാറെടുക്കുകയാണ്. പരിസരപ്രദേശങ്ങൾ ഇതു കനത്ത ആഘാതം സൃഷ്ടിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് കെട്ടിടം പൊളിച്ചുനീക്കിയില്ലെങ്കിൽ വൻദുരന്തം നേരിടേണ്ടിവരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കെട്ടിടം പരിശോധിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർ തന്നെ കളക്ടറെ വിവരം അറിയിച്ചിട്ടുണ്ട്. ഇതിനിടെ കളക്ടർ പരിശോധനയ്‌ക്കെത്തുമെന്ന് വിവരം ലഭിച്ചതോടെ, കെട്ടിടം കൈയടക്കിയവർ പ്രദേശം വൃത്തിയാക്കിയതായി നാട്ടുകാർ പറഞ്ഞു.ഏതായാലും ഇന്നലെ മിന്നൽ പരിശോധനയ്ക്ക് എത്തിയ കളക്ടർ കെട്ടിടം ഉടമയ്ക്ക് നോട്ടീസ് അയക്കാനും തൽസ്ഥിതി പരിശോധിക്കാനും ഉത്തരവിട്ടിട്ടുണ്ട്.