തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ കൊച്ചി സൈബർ സിറ്റി പദ്ധതിയുടെ കോടികൾ വിലമതിക്കുന്ന 70 ഏക്കർ ഭൂമി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പിന് തുണയായത് സംസ്ഥാന സർക്കാരിന്റെ നിസംഗത.

സ്വകാര്യ റിയൽ എസ്റ്റേറ്റ് സംരംഭകരായ ഹൗസിങ് ഡവലപ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (എച്ച്ഡിഐഎൽ) കമ്പനിയുടെ ഉപസ്ഥാപനമായ ബ്ലൂ സ്റ്റാർ റിയൽറ്റേഴ്‌സ് 2006 ലാണ് എച്ച്എംടിയിൽ നിന്ന് 70 ഏക്കർ സ്ഥലം 91 കോടി രൂപയ്ക്കു വാങ്ങിയത്.

സൈബർ സിറ്റി പദ്ധതി നടപ്പാക്കുന്നതിലൂടെ 3000 കോടി രൂപയുടെ നിക്ഷേപം വഴി 60,000 പേർക്കു നേരിട്ടും ഒന്നര ലക്ഷം പേർക്കു പരോക്ഷമായും തൊഴിൽ നൽകുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായി.

ഉടമസ്ഥരായ ബ്ലൂ സ്റ്റാർ റിയൽറ്റേഴ്‌സ് എന്ന കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2018ൽ വാങ്ങിയതോടെ ഭൂമി അദാനി ഗ്രൂപ്പിനു സ്വന്തമാകുകയും ചെയ്തു. സെന്റിനു 10 ലക്ഷം രൂപ കണക്കാക്കിയാലും ഈ ഭൂമിക്ക് ഇപ്പോൾ 700 കോടിയിലേറെ വിപണി വില വരും.

സൈബർ സിറ്റി പദ്ധതി പിൻവലിക്കുന്നതായും പകരം പദ്ധതി ഉടൻ സമർപ്പിക്കുമെന്നുമാണ് കമ്പനി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. സർക്കാരുമായി എല്ലാ ഇടപാടുകളും നടത്തിയിരുന്ന പദ്ധതി സിഇഒ കെ.വി. ജോൺ അറിയാതെയാണ് ഇപ്പോഴത്തെ നടപടികളെല്ലാം പുരോഗമിക്കുന്നത്.

പദ്ധതിക്കുള്ള അംഗീകാരം ജോണിന്റെ പേരിലാണ്. അദ്ദേഹം അറിയാതെ പഴയ പദ്ധതി പിൻവലിക്കുന്നുവെന്നും പുതിയ പദ്ധതി സമർപ്പിക്കുമെന്നും അറിയിച്ച് എങ്ങനെ കത്തു നൽകിയെന്ന ചോദ്യമുയരുന്നു.

പദ്ധതിക്കായി നൽകിയ അനുമതി തിരിച്ചെടുക്കുന്ന രീതി സർക്കാരിനില്ല. അംഗീകാരം ലഭിച്ചു മൂന്ന് വർഷത്തിനകം പദ്ധതി നടപ്പായില്ലെങ്കിൽ പെർമിറ്റ് റദ്ദാകുമെന്നാണു വ്യവസ്ഥ. എന്നാൽ ഇവിടെ അതു ചെയ്തില്ല.

സിപിഎമ്മിൽ വിഎസിന്റെ ശക്തികേന്ദ്രമായിരുന്ന എറണാകുളം ജില്ല അദ്ദേഹത്തെ കൈവിടുന്നതിലേക്കു നയിച്ചത് ഈ ഭൂമിയിടപാടു വിവാദമാണ്. ഏകജാലക സംവിധാനം വഴി കേരളത്തിൽ ആദ്യമായി അംഗീകാരം നേടിയ പദ്ധതിയാണു കൊച്ചി സൈബർ സിറ്റി. പ്രത്യേക സാമ്പത്തികമേഖലയുടെ പരിരക്ഷയുമുണ്ട്.

ഭൂമി ഇടപാടിനെതിരെ അന്നത്തെ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ രംഗത്തെത്തിയതോടെ വിഷയം കോടതി കയറി. കമ്പനി അനുകൂല വിധ സമ്പാദിച്ചിട്ടും പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽനിന്നു വി എസ് പിന്മാറിയിരുന്നു.

ഭൂമി ഇടപാടും അതിനെ ചൊല്ലിയുണ്ടായ രാഷ്ട്രീയ വിവാദങ്ങളും കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചിരുന്നു. എച്ച് ഡി ഐ എല്ലിന്റെ ലക്ഷ്യം റിയൽ എസ്റ്റേറ്റ് ഇടപാടാണെന്ന് അന്ന് ശക്തമായ ആരോപണം ഉയർന്നെങ്കിലും വ്യവസായ പദ്ധതിയുടെ പേരിൽ കമ്പനി ഭൂമി ഇടപാടിനുള്ള എല്ലാ നിയമ തടസ്സങ്ങളും നീക്കിയെടുക്കുകയായിരുന്നു. വ്യാവസായികാവശ്യത്തിനായതു കൊണ്ട് മാത്രമാണ് ഭൂമി ഇടപാടിന് സാധുത നൽകുന്നതെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കാക്കനാട്ട് സ്മാർട്ട് സിറ്റി പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായി വി എസ് അച്യുതാനന്ദൻ സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം പ്രത്യേക താത്പര്യമെടുത്ത് കളമശേരി സൈബർ സിറ്റി പദ്ധതിയുമായി വന്നത്. സ്്മാർട്ട് സിറ്റിയിൽ വരുന്നതുപോലുള്ള ഐ ടി സംരംഭങ്ങളുമായി സ്വകാര്യ ഐ ടി പാർക്ക് എന്ന നിലയിലാണ് സൈബർ സിറ്റി വിഭാവനം ചെയ്യപ്പെട്ടത്. പദ്ധതി നടപ്പായാൽ 60,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നായിരുന്നു കമ്പനി വാഗ്ദാനം. ഈ പദ്ധതി സ്മാർട്ട് സിറ്റിക്ക് ഭീഷണിയാകുമെന്ന ആശങ്ക തുടക്കം മുതൽ ഉണ്ടായിരുന്നു

പദ്ധതിയുടെ ശിലാസ്ഥാപനത്തിന് മുമ്പ് എച്ച് എം ടി ഭൂമി ഇടപാടിന് പിന്നിലെ ക്രമക്കേട് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോടെ പദ്ധതിക്കുമേൽ അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടി. പൊതുമേഖലാ സ്ഥാപനമായ എച്ച് എം ടിയുടെ ഭൂമി ബ്ലൂസ്റ്റാർ റിയൽറ്റേഴ്സ് വാങ്ങിയത് ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ചുകൊണ്ടാണെന്ന ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. ഇത് വലിയ വാർത്തയായതോടെ സൈബർ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് പ്രഖ്യാപിച്ചു. വി എസിന്റെ അഭാവത്തിൽ പദ്ധതിയുടെ ഉദ്ഘാടനം എളമരം കരീമാണ് നിർവഹിച്ചത്.

വിവാദം ആളിക്കത്തിയതോടെ തെങ്ങിൻ മണ്ടയിൽ വ്യവസായം കൊണ്ടുവരാൻ കഴിയില്ലെന്ന് എളമരം കരീം പ്രസ്താവിച്ചത് എരിതീയിൽ എണ്ണയൊഴിച്ചു. സൈബർസിറ്റിയുടെ പേരിൽ എളമരം കരീമിനെ സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലായിരുന്നു വിവാദം മുന്നോട്ടു പോയത്. എച്ച് എം ടി ഭൂമി വിവാദം ഉയർത്തിക്കൊണ്ടുവന്ന് സൈബർ സിറ്റി പദ്ധതി മുടക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്ന ഔദ്യോഗിക പക്ഷത്തിന്റെ ആരോപണം സി പി എമ്മിൽ പൊട്ടിത്തെറി സൃഷ്ടിച്ചു.

വിഷയം കോടതിയിലെത്തിയതോടെ സൈബർ സിറ്റി പദ്ധതി മുടങ്ങി. ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും എച്ച് എം ടി ഭൂമി ഇടപാട് ശരിവെച്ചു കൊണ്ട് ഉത്തരവ് വന്ന ശേഷം പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ എച്ച് ഡി ഐ എൽ ആരംഭിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് സെസ്സും അനുവദിക്കപ്പെട്ടു. പദ്ധതി ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച എച്ച് ഡി ഐ എൽ പിന്നീട് കുറേക്കാലം നിശ്ശബ്ദത പാലിച്ച ശേഷമാണ് ഭൂമി വിൽപ്പന നടത്താൻ പരസ്യം ചെയ്തത്. പിന്നാലെയാണ് ഭൂരിഭാഗം ഓഹരികളും വാങ്ങിയ അദാനി ഗ്രൂപ്പ് ഭൂമി സ്വന്തമാക്കിയത്.