കൊച്ചി: വിവാഹ വീട്ടിൽ വച്ച് അടിയും കേസുമായി നടക്കുന്ന നിനക്ക് എങ്ങനെ പെണ്ണ് കിട്ടും എന്ന ചോദ്യം ആത്മഹത്യ ചെയ്ത വരാപ്പുഴ ദേവസ്വം പാടം വാസുദേവന്റെ മകൻ ചോദിച്ച നാൾ മുതലാണ് ഗുണ്ടാ സംഘത്തലവൻ വിപിന് ശത്രുത തുടങ്ങിയത്. ഒരു വർഷം മുൻപാണ് സംഭവം. സമീപത്തെ ഒരു വിവാഹത്തിന് വാസുദേവന്റെ മകൻ വിനീഷും വിപിനും മറ്റു സുഹൃത്തുക്കളും സംസാരിച്ചിരിക്കുകയായിരുന്നു. അതിനിടയിൽ ആരോ വിപിനോട് നിന്റെ കല്യാണം ഉടനെയെങ്ങാനം ഉണ്ടാകുമോ എന്ന് ചോദിച്ചു. അപ്പോൾ വിനീഷ് പറഞ്ഞു അടിയും കേസുമായി നടക്കുന്ന ഇവന് ആര് പെണ്ണ് കൊടുക്കുമെന്ന്. ഇത് കേട്ട് പ്രകോപിതനാവുകയും അവിടെ വച്ച് ഇരുവരും തമ്മിൽ തല്ലുണ്ടാകുകയും ചെയ്തു.

ഇതിന്റെ തുടർച്ചയായി പല തവണ സംഘട്ടനങ്ങൾ നടന്നിരുന്നു. അതിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസത്തെ വീടാക്രമണം. വിപിന്റെ സംഘത്തിൽപെട്ട ആളായ സുമേഷുമായുള്ള തർക്കത്തിന്റെ മറവിലാണ് ഇന്നലെ ഇവർ ആക്രമണം നടത്തിയത്. ആർ.എസ്.എസ് പ്രവർത്തകരായ ഇവർ സ്ഥലത്തെ സമാധാന അന്തരീക്ഷം തകർത്ത് സ്വരൈവിഹാരം നടത്തുന്നവരാണ്. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽപെട്ടയാളാണ് വിപിൻ. ബ്രണ്ണൻ എന്ന ഇരട്ടപേരിലാണ് ഇയാളെ അറിയപ്പെടുന്നത്. വിപിന്റെ നേതൃത്വത്തിൽ ഇരുപതോളം ആർ.എസ്.എസ് പ്രവർത്തകരാണ് മാരകായുധങ്ങളുമായി വാസുദേവന്റെ വീടാക്രമിച്ചത്. ഇന്നലെ രാവിലെ ഒൻപത് മണിക്കാണ് ആദ്യ ആക്രമണം നടന്നത്. ഇതിൽ വിനീഷിന് പരിക്ക് പറ്റിയിരുന്നു.

വിനീഷിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയ തക്കം വീണ്ടും സംഘം വന്ന് ആക്രമിച്ചു. ഇതിനെ തുടർന്ന് പരാതി നൽകാനായി വാസുദേവന്റെ ഭാര്യ വരാപ്പുഴ സ്റ്റേഷനിലേക്ക് പോയതോടെ വീണ്ടും വന്നു. ഈ സമയം വാസുദേവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്യുന്നത്. ആദ്യം ആക്രമണം നടന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തിയിരുന്നില്ല എന്നാക്ഷേപം ഉയർന്നിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വഭാവികതയൊന്നും ഇല്ലായെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പത്ത് പ്രതികൾക്കെതിരെയും ആത്മഹത്യാപ്രേരണയ്ക്കും വീട് കയറി ആക്രമണത്തിനും കേസെടുത്തു. പറവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയിൽ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പറയ്ക്കെഴുന്നള്ളിപ്പ് കണ്ട് മടങ്ങിയ വാസുദേവന്റെ സഹോദരൻ ദിവാകരനെ വിപിനും സുമേഷും അടിച്ചിരുന്നു. ഇവരുടെ കൈയിൽ നിന്നും ഓടി രക്ഷപെട്ട ദിവാകരൻ വിനീഷിനോടും വാസുദേവനോടും വിവരം പറയുകയായിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ രാവിലെ സുമേഷിനോട് തർക്കമുണ്ടാവുകയും അടിയിൽ കലാശിക്കുകയുമായിരുന്നു. ഇതിന്റെ പ്രതികാരം മറയാക്കി വിപിനും സംഘവും വീട് ആക്രമിക്കുകയും വീട്ടുകാരെ മർദ്ദിക്കുകയുമായിരുന്നു. വാസുദേവന്റെ ആത്മഹത്യക്ക് ശേഷം ഒന്നാം പ്രതി വിപിനും അനുജനായ രണ്ടാംപ്രതിവിഞ്ചുവും കുടുംബസമേതം ഒളിവിൽ പോവുകയായിരുന്നു.