- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി മാഫിയ ടാർജറ്റ് ചെയ്തത് നന്നായി പഠിക്കുന്ന പെൺകുട്ടിയെ; സ്‌കൂൾ ടോപ്പായ വിദ്യാർത്ഥിനി ലഹരി ഉപയോഗം ആരംഭിച്ചതോടെ ലൈംഗിക ചൂഷണത്തിനും ഇരയായി; ഒന്നും വീട്ടുകാരും അദ്ധ്യാപകരും അറിഞ്ഞില്ല; കുട്ടികളെ പ്രണയത്തിൽ മയക്കി വീഴ്ത്തുന്നത് മയക്കുമരുന്ന് കാരിയറാക്കാൻ; കലൂരിലേത് ഓർമ്മിപ്പിക്കുന്നത് കരുതലിന്റെ ആവശ്യകത
കൊച്ചി; എന്തുകൊണ്ടാണ് ലഹരി മാഫിയ പെൺകുട്ടികളെ ലക്ഷ്യം വെക്കുന്നത്? കേവലം കഞ്ചാവ് കച്ചവടം മാത്രമല്ല, ഇത്തരം മാഫിയ സംഘങ്ങൾ ലക്ഷ്യം വെക്കുന്നത് എന്നാണ് ഉയരുന്ന വിലയിരുത്തൽ. കൊച്ചി കലൂരിൽ മത്സ്യത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ചർച്ചയായത് ലഹരി മാഫിയയെ കുറിച്ചാണ് അതിനിടെ, കാറിൽ ഉണ്ടായിരുന്ന ജിത്തു, സെബാസ്റ്റ്യൻ എന്നിവർക്കെതിരെ പൊലീസ് പോക്‌സോ കേസും എടുത്തിട്ടുണ്ട്.
ആദ്യഘട്ടത്തിൽ മത്സര ഓട്ടമായിരുന്നു അപകടകാരണം എന്നായിരുന്നോ പൊലീസിന്റെ നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങളും കാറും അടക്കം പരിശോധിച്ചപ്പോഴാണ് കാറിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. കാറിൽ രണ്ട് വിദ്യാർത്ഥിനികളും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ വ്യാപകമായി സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.
നിർത്താതെ പോയ കാർ പിന്നീട് നാട്ടുകാരാണ് പിടികൂടിയത്. എന്നാൽ കാർ പിടികൂടുന്ന സമയത്ത് പെൺകുട്ടികൾ കാറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വിദ്യാർത്ഥിനികളെ ഇറക്കിവിട്ടുവെന്ന് വ്യക്തമായത്. വിദ്യാർത്ഥിനികളെ കണ്ടെത്തി നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഇവർ വ്യാപകമായ സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. കാറിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെയാണ് ലഹരിക്കെപ്പം പീഡനവും പുറത്തു വന്നത്. ഈ ഭീകര സാഹചര്യം കേരളത്തിലുടനീളം ഉണ്ടെന്നതാണ് വസ്തുത.
സംസ്ഥാനത്തെ ലഹരിമാഫിയയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി ലഹരിക്ക് അടിമകളാക്കുകയും പിന്നീട് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും അതിനും ശേഷം തങ്ങളുടെ സംഘത്തിലെ ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് കൊച്ചിയിലെ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്. നന്നായി പഠിക്കുന്ന ഒരു പെൺകുട്ടിയെയാണ് ലഹരി മാഫിയ ടാർജറ്റ് ചെയ്തത്. സ്‌കൂൾ ടോപ്പായ വിദ്യാർത്ഥിനി ഈ സംഘത്തിന്റെ വലയിൽ അകപ്പെട്ടു.
പിന്നീട് ലഹരി ഉപയോഗം ആരംഭിച്ചു. ലൈംഗിക ചൂഷണത്തിന് ഇരയായി. ലഹരിക്കടത്ത് സംഘങ്ങൾക്കൊപ്പം കൊച്ചി നഗരത്തിലൂടെ കാറിൽ ചീറിപ്പാഞ്ഞു. ഇതൊന്നും രക്ഷകർത്താക്കൾ അറിഞ്ഞില്ല. സ്‌കൂൾ അധികൃതരോ അദ്ധ്യാപകരോ അറിഞ്ഞില്ല. സംസ്ഥാനത്തെ രഹസ്യ പൊലീസോ ഭരണകൂടമോ പോലും അറിഞ്ഞില്ലെന്ന് ജവഹർ ബാൽ മഞ്ച് കേരളം സംസഥാന ചീഫ് കോർഡിനേറ്റർ ആനന്ദ് കണ്ണശ കുറ്റപ്പെടുത്തുന്നു. ലഭരിയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ എന്തെങ്കിലും പദ്ധതികൾ തയ്യാറാക്കുവാൻ 2014 -16ൽ ക്ലീൻ കാമ്പസ് സേഫ് കാമ്പസ് എന്ന പരിപാടി ഭരണകൂടം വിഭാവനം ചെയ്‌തെങ്കിലും രണ്ടോ മൂന്നോ വർഷത്തെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂവെന്നും ആനന്ദ് പറയുന്നു.
പൊലീസും രഹസ്യപ്പൊലീസും നിഴൽപ്പൊലീസും എക്‌സൈസുമെല്ലാമുള്ള ഈ സംസ്ഥാനത്ത് ക്ലാസ്മുറികളിലെത്തി ബോധവത്ക്കരണ ക്ലാസുകൾ നടത്തുന്നതിലൂടെ മാത്രം ഈ ദുരന്തത്തെ നേരിടാൻ നമുക്ക് കഴിയില്ല. ലഹരിമരുന്ന് കേസുകളിൽ ശിക്ഷ കർശനമാക്കുകയും പരിശോധന ശക്തമാക്കുകയുമാണ് ആദ്യം വേണ്ടത്. സ്റ്റുഡന്റ് പൊലീസ്, എൻസിസി, സ്‌കൗട്ട്, ജൂനിയർ റെഡ്‌ക്രോസ് എന്നിവ സ്‌കൂളുകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ അവരെ നോക്കുകുത്തിയാക്കി നിർത്തുക മാത്രമാണ് ചെയ്യുന്നത്. അവരെ കൂടി വിശ്വാസത്തിലെടുത്ത് മറ്റ് കുട്ടികളെ നിരീക്ഷിക്കാൻ പൊലീസോ രഹസ്യ പൊലീസോ അദ്ധ്യാപകരുടെ കൈകോർത്തുപിടിച്ച് ഉണ്ടാകണമെന്നാണ് ആവശ്യം
സ്‌കൂളുകളും പരിസരവും നിരീക്ഷിക്കാൻ പൊലീസോ രഹസ്യപ്പൊലീസോ നിഴൽപൊലീസോ ഉണ്ടാകണം. സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത് എന്നത് വളരെ ഗൗരവത്തോടെ കാണണം. കുട്ടികളെ ലഹരിയിലേക്ക് എത്തിക്കുന്നത് കൗമാരത്തിന്റെ ചാപല്യം മാത്രം മുതലെടുത്താണ്. ലഹരി മുതൽ പെൺവാണിഭം വരെ ഒറ്റ പാക്കേജായി സാമൂഹിക വിരുദ്ധ ശക്തികൾ അവതരിപ്പിക്കുമ്പോഴും സംസ്ഥാനം ഭരിക്കുന്നവർ, ലോകത്ത് നമ്പർ വൺ എന്ന് പറയുന്നവർ മൗനം പാലിക്കുകയാണ്. നമ്മുടെ പുതുതലമുറയുടെ നാമ്പുകൾ മുളയിലേ കരിച്ചുകളയുന്ന സാമൂഹിക വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ സംസ്ഥാന ഭരണകൂടത്തിന് കഴിയുന്നില്ലെന്നാണ് ഉയരുന്ന വാദം.
സ്‌കൂളുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കണം. ലഹരി മാഫിയയുടെ പ്രഭവസ്ഥനം കണ്ടെത്തി നശിപ്പിക്കാൻ കഴിയണം. ഒരിക്കൽ ചതിക്കുഴിയിൽ വീണാലും ധൈര്യസമേതം തുറന്ന് പറഞ്ഞ് കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കാനുള്ള ആർജ്ജവം നമ്മുടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഉണ്ടാക്കിയെടുക്കണം. പ്രാഥമികമായി ഇത്രയെങ്കിലും ചെയ്താൽ മാത്രമേ ക്ലാസ് മുറികളിലെ മിടുക്കികൾക്ക് ഈ നാട്ടിൽ ഭയമില്ലാതെ നടക്കാനാകൂവെന്നും ആനന്ദ് കണ്ണ്ശ വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ