കൊച്ചി: കേരളത്തിന്റെ ഐടി ഹബ്ബായി മാറിയ കൊച്ചിയിൽ നൂറു കണക്കിന് ചെറുതും വലുതുമായ ഐടി സ്ഥാപനങ്ങൾ ഉണ്ടെന്നാണ് ഈ രംഗത്തെ പ്രമുഖർ പറയുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗം കമ്പനികളും തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകാനോ, പ്രൊവിഡന്റ് ഫണ്ട് ഏർപ്പെടുത്താനോ, വർഷത്തിലൊരിക്കലെങ്കിലും ഇൻക്രിമെന്റ് നൽകാനോ തയ്യാറാകുന്നില്ലെന്നാണ് മറുനാടൻ മലയാളിയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. മാത്രമല്ല, ഏറ്റവും കുറഞ്ഞ ശമ്പളമാണ് കമ്പനികളിൽ നല്ലൊരു പങ്കും നൽകുന്നത്. അടിസ്ഥാന ശമ്പളം 5000 രൂപ മാത്രം വാങ്ങുന്ന ജീവനക്കാരിയേയും ഇൻഫോ പാർക്കിന് പരിസരത്തെ സ്ഥാപനങ്ങളിൽ കാണാനായി.

ഇൻഫോ പാർക്കിന് സമീപത്തായി പ്രവർത്തിച്ച് വരുന്ന മൊബ്‌ടെക്ക്‌നിക്ക കൺസൽട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് പിരിഞ്ഞുപോയ തൊഴിലാളികൾക്ക് നൽകാനുള്ളത് 15 ലക്ഷം രൂപയാണ്. മുൻ എച്ച് ആർ മാനേജറടക്കം എട്ട് ജീവനക്കാരാണ് ശമ്പളം കിട്ടാത്തതിനെ തുടർന്ന് ഇൻഫോപാർക്ക് പൊലീസ് സ്‌റ്റേഷനിലും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്കും പരാതി നൽകിയത്. എന്നാൽ സിവിൽ കേസായതിനാൽ പൊലീസ് വേണ്ടരീതിയിൽ വിഷയത്തിൽ ശ്രദ്ധചെലുത്തുന്നില്ലെന്ന് പരാതിക്കാർ പറയുന്നു.

നിലവിലെ ജീവനക്കാർക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നതിൽ തനിക്ക് കൂട്ട് നിൽക്കാനാവില്ലെന്ന് കാണിച്ചാണ് എച്ച ആർ മാനേജർ നീണ്ട അവധിയിൽ പ്രവേശിച്ചത്. എന്നാൽ എച്ച് ആർ മാനേജരുടെ മെയിൽ അക്കൗണ്ട് കമ്പനി ഹാക്ക് ചെയ്ത് റിക്രൂട്ട് നടത്തിയതായും പരാതിക്കാരി പറയുന്നു. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.

വെളരെ കഷ്ടപ്പെട്ട് പഠിച്ചാണ്, കുറഞ്ഞ ശമ്പളത്തിൽ മൊബ്‌ടെക്ക്‌നിക്കയിൽ ജോലിയ്തത്. എന്നിട്ടും തൊഴിൽ ചെയ്ത ദിവസങ്ങളിലെപ്പോലും ശമ്പളം തരാത്തത് ഒരിക്കലും അംഗീകരിക്കാനാവില്ല. റിസൈൻ ചെയ്തപ്പോൾ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. പണം കിട്ടുന്നതിന് ഏത് അറ്റം വരെയും പോകുമെന്ന് പരാതിക്കാരനായ ഷെഹിൻ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട സ്ഥിതീകരണത്തിനായി ഇൻഫോപാർക്ക് പൊലീസ് സ്‌റ്റേഷനിലെത്തിയ മറുനാടൻ മലയാളി പ്രതിനിധിയോട് പരാതി കിട്ടിയ കാര്യം അംഗീകരിക്കാൻ പൊലീസ് തയ്യാറായില്ല. എന്നാൽ പരാതിക്കാരുടെ പേരുകൾ അറിയിച്ചപ്പോൾ സമ്മതിച്ചു. എന്നാൽ സമാന സംഭവങ്ങൾ എവിടെയുമില്ലെന്നാണ് പൊലീസിന്റെ ഭാക്ഷ്യം. അതേസമയം, ഇത്തരം സംഭവങ്ങൾ നിരവധിയാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു.

കോടിക്കണക്കിന് രൂപ വിവിധ കമ്പനികളിലായി തൊഴിലാളികൾക്ക് നൽകാനുണ്ടെന്നാണ് ഐടി പ്രൊഫഷനുലുകൾ പറയുന്നത്. എന്നാൽ പരാതി കൊടുക്കുന്നവരെ ഗുണ്ടകളെ വിട്ട് വിരട്ടിയ സംഭവങ്ങളും കൊച്ചിയിൽ ഉണ്ടായിട്ടുണ്ടെന്നും ഇവർ പറയുന്നു. ഐടി തൊഴിലാളികൾ സംഘടിതമല്ലാത്തതാണ് ഇത്തരം തൊഴിൽ തട്ടിപ്പുകൾ വ്യാപകമാകുന്നതിന് പിന്നിലെന്നും സമൂഹ്യപ്രവർത്തകർ ആരോപിക്കുന്നു. സിഐടിയുവിന് കീഴില് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടി എപ്ലോയീസ് അസോസിയേഷൻ മാത്രമാണ് ഈ രംഗത്തുകൊച്ചിയിൽ പ്രവർത്തിക്കുന്ന ഏക സംഘടന. ഇതിലാകട്ടെ 100 താഴെമാത്രമാണ് അംഗങ്ങൾ.

സംഘടനയുടെ പ്രവർത്തനം ആരംഭഘട്ടത്തിലായതിനാൽ ഇവർക്കും കമ്പനികളുടെ മേൽ സമ്മർദ്ദം ചെലുത്തി തൊഴിൽ ചൂഷണം അവസാനിപ്പിക്കാൻ കഴിയുന്നില്ല. ബാഗ്ലീർ കേന്ദ്രീകരിച്ച ബിജെപി യുടെ ഐടി പോഷക സംഘടന ഉണ്ടെങ്കിലും കേരളത്തിൽ പ്രവർത്തനം ഇല്ല. ഐടി പ്രൊഫഷനലുകൾ സംഘടനകളിൽ ചേരാനോ രൂപീകരണത്തിനോ സഹായിക്കുന്നില്ലെന്നും തൊഴിലാളി നേതാക്കളും സമ്മതിക്കുന്നു. ഇതുതന്നെയാണ് കമ്പനി അധികൃതർക്ക് തൊഴിൽ ചൂഷണം നടത്താൻ സഹായകമാകുന്നത്.