തൃശ്ശൂർ: കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിന്റെ ഒളിത്താവളം പൊലീസ് കണ്ടെത്തി. തൃശ്ശൂർ മുണ്ടൂർ ഭാഗത്ത് ഒരു ചതുപ്പ് പ്രദേശത്താണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നാണ് വിവരം. ഇയാളുടെ വീടിന് അടുത്തുതന്നെയുള്ള ഒഴിഞ്ഞ പ്രദേശമാണിത്. ഈ സ്ഥലത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്ത് ഇയാൾക്കായുള്ള പരിശോധനകൾ നടന്നുവരികയാണ്.

ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്. ഇയാൾ തൃശ്ശൂരിൽ എത്തിയ ബിഎംഡബ്ല്യു കാറ് അടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

പതി കഴിഞ്ഞ ദിവസം തൃശൂർ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേ തുടർന്ന് പൊലീസ് സ്ഥലത്ത് ക്യാംപു ചെയ്യുന്നുണ്ട്. എന്നാൽ ഇയാൾ ഒരു മാസത്തോളമായി വീട്ടിലെത്തിയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊച്ചി പൊലീസ് ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസവും പരിശോധന നടത്തുകയും സഹോദരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സഹോദരൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

എട്ടാം തീയതി രാവിലെ നാലുമണിക്കാണ് ഇയാൾ കാക്കനാട്ടെ ഫ്ളാറ്റിൽനിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടർന്ന് ഇയാൾ ഇവിടേക്ക് ഒളിവിൽ കഴിഞ്ഞെന്നാണ് പൊലീസ് കരുതുന്നത്. സമീപ പ്രദേശങ്ങളിൽ ഇയാൾ ഉണ്ടാകാൻ ഇടയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മാർട്ടിൻ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടിൽ പൊലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യംചെയ്തിരുന്നു.

കണ്ണൂർ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്ളാറ്റിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാർട്ടിൻ ജോസഫിനെ പൊലീസ് തിരയുന്നത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലിചെയ്തു വരുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി, ഫ്ലാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെടുകയും ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി പരാതിയുമായി എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ വന്നതോടെയാണ് അന്വേഷണവുമായി രംഗത്തെത്തുന്നത്. ഇതിനകം ഫ്‌ളാറ്റ് ഒഴിവാക്കി മാർട്ടിൻ ഒളിവിൽ പോയിരുന്നു. തുടർന്ന് സെഷൻസ് കോടതിയിൽ ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ പരിഗണിക്കും. എന്നാൽ ഇതിനകം പ്രതിയെ കണ്ടെത്താനായാൽ അറസ്റ്റു ചെയ്യുന്നതിനു തടസ്സമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

അതേ സമയം മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. പൊലീസിന് ഇതു സംബന്ധിച്ച പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. ഇയാൾ ദേഹോപദ്രവം ഏൽപിച്ചതായും ഭീഷണിപ്പെടുത്തിയതായുമാണ് പരാതിയിലുള്ളത്. പ്രതിക്കെതിരെ പീഡനക്കേസ് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി എഫ്‌ഐആർ ഇട്ടിട്ടുണ്ടെന്നും കമ്മിഷണർ വെളിപ്പെടുത്തി. ഇതേവിവരം തന്നെ ഡിസിപി ഐശ്വര്യ ഡോങ്‌റെയും മാധ്യമങ്ങളോടു പറഞ്ഞു.