കൊച്ചി: കൊച്ചി മെട്രോ കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. കൊച്ചിയിലെ നീറുന്ന പ്രശ്‌നങ്ങൾക്കുള്ള ഒറ്റമൂലിയെന്ന് ഏവരും വിലയിരുത്തി. അപ്പോൾ തന്നെ ചില സംശയങ്ങൾ സജീവമായിരുന്നു. മെട്രോയെന്നാൽ മെട്രോ നഗരത്തിലേത്. എന്നാൽ കൊച്ചി മെട്രോയിലേക്കുള്ള കുതിപ്പിൽ മാത്രമാണ്. അവിടെ എത്താൻ ഇനിയും ബഹുദൂരം വണ്ടി ഓടണം. അതിന് മുമ്പ് കൊച്ചിക്ക് മെട്രോ തീവണ്ടിയുടെ ആവശ്യമുണ്ടോ എന്നതായിരുന്നു ഉയർന്ന ചോദ്യം. വമ്പൻ മുതൽമുടക്കിൽ കടമെടുത്ത് ചെയ്യുന്ന പദ്ധതി കേരളത്തിന് വമ്പൻ പ്രതിസന്ധിയുണ്ടാക്കുമെന്നും വിലയിരുത്തലെത്തി. എന്നാൽ വികസനനായകനാകാൻ പലർക്കും കൊച്ചിയിലെ പദ്ധതി അനിവാര്യതയായിരുന്നു. അങ്ങനെ യുഡിഎഫ് സർക്കാർ കൊച്ചി മെട്രോയിൽ പ്രതീക്ഷ വച്ചു. അത് പൂർത്തിയാക്കിയത് പിണറായി വിജയനും. പക്ഷേ ഈ വണ്ടിയിലെ യാത്ര നഷ്ടക്കച്ചവടമാവുകയാണ് സർക്കാരിന്.

തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിൽ പദ്ധതികൾക്ക് സംസ്ഥാനം വേണ്ടത്ര താൽപ്പര്യം കാട്ടുന്നില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ പറഞ്ഞിരുന്നു. കൊച്ചി മെട്രോയുടെ നഷ്ടക്കണക്കുകാണ് ഇതിന് കാരണം. തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി വിജയമാകുമോ എന്ന സംശയം പല കോണുകളും ഉയർത്തുന്നുണ്ട്. കരുതലോടെ നീങ്ങിയില്ലെങ്കിലും മെട്രോ-മോണോ പദ്ധതികൾ കേരളത്തിലെ തളർത്തുമെന്നാണ് സർക്കാരിന്റെ ഇപ്പോഴുള്ള നിലപാട്. വിഴിഞ്ഞം തുറമുഖത്തിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും ഉറപ്പില്ല. ഇതിന് പുറമേ കണ്ണൂർ വിമാനത്താവളത്തിനായി മുടക്കുന്ന കാശും തിരിച്ചുപിടിക്കാനാകുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനിടെയാണ് കൊച്ചി മെട്രോയിലെ നഷ്ടക്കണക്കുകൾ ചർച്ചയാകുന്നത്. കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്കു കുതിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.

മെട്രോയുടെ വരവും ചെലവും തമ്മിൽ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് കലക്ഷൻ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷം വരും. അങ്ങനെ കെഎസ് ആർടിസിക്ക് പിന്നാലെ കേരളത്തിലെ പൊതു ഗതാഗതത്തിൽ ഖജനാവ് കൊള്ളയടിക്കാൻ മറ്റൊരു വെള്ളാന കൂടി എത്തുകയാണ്. കെട്ടിഘോഷിച്ച് കൊച്ചിയിൽ തുടങ്ങിയ വല്ലാർപാടവും നഷ്ടത്തിലേക്ക് പോയി. വിഴിഞ്ഞം തുറമുഖ പദ്ധതി വിജയമാകുമോ എന്ന ആശങ്ക സജീവം. അതിനിടെയാണ് കൊച്ചി മെട്രോയുടെ നഷ്ടക്കണക്കുകളും പുറത്തു വരുന്നത്. മെട്രോ തുടങ്ങിയ ആദ്യ നാളുകളിൽ വലിയ വിജയമായിരുന്നു. വിനോദ സഞ്ചാരികൾ മെട്രോ യാത്രയെ ആഘോഷമാക്കി. വിദേശ-സ്വദേശ സഞ്ചാരികൾ മെട്രോയിൽ കൊച്ചി ചുറ്റിക്കണ്ടു. ഇത് കഴിഞ്ഞതോടെയാണ് നഷ്ടത്തിലേക്കുള്ള യാത്ര കൊച്ചി മെട്രോ തുടങ്ങിയത്.

പ്രതിദിനം 70,000 യാത്രക്കാരെങ്കിലും യാത്ര ചെയ്യാനുണ്ടെങ്കിൽ മാത്രമേ കൊച്ചി മെട്രോയ്ക്കു വരവും ചെലവും ഒത്തുപോകൂ. ഇപ്പോൾ 35000 50000 യാത്രക്കാരാണു പ്രതിദിനം എത്തുന്നത്. ശരാശരി 42000 പേർ. കൊച്ചി വൺ യാത്രാ കാർഡ് കൂടുതലായി ഇറക്കിയും സ്ഥിരം യാത്രക്കാർക്ക് ഇളവുകൾ നൽകിയും യാത്രക്കാരുടെ എണ്ണം കൂട്ടാനാണ് നീക്കം. എന്നാൽ മെട്രോ തൃപ്പൂണിത്തുറവരെ എത്താതെ യാത്രക്കാരുടെ എണ്ണം 70000 എത്തിക്കാനാവില്ല. യാത്രക്കാർ 70000 ആയാൽ പോലും കൊച്ചി മെട്രോയുടെ ഭാവി ശോഭനമല്ല. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായേ മതിയാകൂവെന്നാണ് കൊച്ചി മെട്രോയുടെ നിലപാട്. എല്ലാം സർക്കാരിനെ കൃത്യമായി തന്നെ അവർ അറിയിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ എടുത്ത് ചാടി ആരേയും സഹായിക്കില്ല. കെ എസ് ആർ ടി സി പെൻഷൻ വിഷയത്തിലെ സർക്കാർ നിലപാട് തന്നെ ഇതിന് ഉദാഹരണമാണ്.

ടിക്കറ്റ് വരുമാനത്തിലൂടെ ഇന്ത്യയിൽ ഒരു മെട്രോയും ലാഭത്തിലായിട്ടില്ല. മൂന്നും നാലും വർഷം കഴിഞ്ഞാണ് മറ്റു മെട്രോകൾ പിടിച്ചുനിൽക്കാറായത്. മറ്റു മെട്രോകൾ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോൾ അതുകൊച്ചിക്ക് കഴിയുന്നില്ല. കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിൽ മെട്രോ ടൗൺഷിപ് പദ്ധതിയാണ് ഏറെ പ്രതീക്ഷ വച്ച പദ്ധതി. എന്നാൽ ഇതിന് വേണ്ട 17 ഏക്കർ സ്ഥലം കൈമാറാനുള്ള തീരുമാനം സർക്കാർ ഇനിയും എടുക്കുന്നില്ല. മെട്രോയ്ക്കു ടിക്കറ്റിതര വരുമാനം കണ്ടെത്താൻ കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിൽ 17 ഏക്കർ സ്ഥലം കൈമാറി കഴിഞ്ഞ സർക്കാരിന്റെ കാലത്തു മന്ത്രിസഭാ തീരുമാനമുണ്ടായതാണ്. പുതിയ സർക്കാർ വന്നതോടെ ഭൂമി കൈമാറ്റം വീണ്ടും മന്ത്രിസഭ ചർച്ച ചെയ്യണമെന്നു തീരുമാനമുണ്ടായി. അത് ഇതുവരെ നടന്നില്ല.മെട്രോ ടൗൺഷിപ്പിനു ഭൂമി ഉടൻ ലഭിച്ചില്ലെങ്കിൽ കൊച്ചി മെട്രോയുടെ വികസനം പുരങ്ങലിലാവുമെന്നാണ് വിലയിരുത്തൽ.

സർക്കാർ ഭൂമിക്ക് 84 കോടി രൂപ വില നൽകിയാണു കെഎംആർഎൽ വാങ്ങുന്നത്. ഇവിടെ 3035 ലക്ഷം രൂപ വീതം വിലവരുന്ന ഇടത്തരം അപ്പാർട്‌മെന്റുകളും ഷോപ്പിങ് കോംപ്ലക്‌സ്, മൾട്ടിപ്ലക്‌സ്, ഗ്രീൻ സ്‌പേസ്, ഓഡിറ്റോറിയം എന്നിവയും നിർമ്മിക്കാനായിരുന്നു കെഎംആർഎൽ ന്റെ പദ്ധതി. ഇതര ധനാഗമ മാർഗത്തിനായി ഡൽഹി മെട്രോ രണ്ട് ഐടി പാർക്കുകൾ നടത്തുന്നുണ്ട്. മറ്റു മെട്രോകളുടെ കൺസൽറ്റൻസി കരാറിനു പുറമേ ഐടി പാർക്കുകളിൽ നിന്നുള്ള വരുമാനവും കൂടിയാണു ഡിഎംആർസിയെ ലാഭത്തിലാക്കുന്നത്. ചെന്നൈ മെട്രോയ്ക്കും ബെംഗളൂരു മെട്രോയ്ക്കും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അതതു സർക്കാരുകൾ ധാരാളം സ്ഥലം കൈമാറിയിട്ടുണ്ട്. ചെന്നൈ മെട്രോയുടെ ഭൂമിക്കടിയിലുള്ള സ്റ്റേഷനുകളുടെ മുകൾഭാഗത്തു വൻ വ്യാപാര കേന്ദ്രങ്ങളാണു നിലവിൽ വരുന്നത്.

രാജ്യത്തെ ആദ്യ മൾട്ടിമോഡൽ ട്രാൻസ്‌പോർട്ട് സിസ്റ്റമായ കൊച്ചി മെട്രോ യഥാർഥ്യമാകാൻ ജനം കുറച്ചൊന്നുമല്ല കാത്തിരുന്നത്. മെട്രോ നിർമ്മാണത്തെ തുടർന്ന് കൊച്ചിയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെട്ട ട്രാഫിക് കുരുക്ക്, അഴുക്കും പൊടിയുമെല്ലാം കൊണ്ട് നട്ടം തിരിഞ്ഞവരാണ് പ്രതീക്ഷകളുമായി കാത്തിരുന്നത്. മറ്റ് മെട്രോകളിൽ നിന്നെല്ലാം വ്യത്യസ്തമായി സാങ്കേതിക വിദ്യകൊണ്ടും, അതിവേഗം പൂർത്തീകരിച്ച പദ്ധതിയെന്നതുകൊണ്ടും, കുടുംബശ്രീ വനിതകൾക്കും ട്രാൻജെൻഡേഴ്‌സിനും തൊഴിൽ നല്കിയും മെട്രോ മുന്നേറുമ്പോൾ വലിയ ജനപിന്തുണ തന്നെ കൊച്ചി മെട്രോയ്ക്ക് ലഭിച്ചു. പ്രാരംഭ ഘട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടിരുന്നു. പദ്ധതി യാഥാർഥ്യമായാലും കൊച്ചിയിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ലെന്നു പല കോണുകളിൽ നിന്നും അഭിപ്രായമുണ്ടായി. ഇവയെല്ലാം മറികടന്ന് കൊച്ചി മെട്രോ ആദ്യ ഘട്ടം അതിവേഗത്തിൽ യാഥാർഥ്യമായി.

മെട്രോമാൻ ഇ.ശ്രീധരൻ, അന്നത്തെ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് എന്നിവരുൾപ്പെടുന്ന പദ്ധതിക്ക് ചുക്കാൻ പിടിച്ചവർ സാമൂഹ്യമാധ്യമങ്ങളിൽ പ്രശംസ പിടിച്ചു പറ്റി. ആലുവ മുതൽ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റർ ദൂരമുള്ള കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിൽ ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ പൂർത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസം കൊണ്ട് 27.66 കോടി രൂപ വരുമാനമാണ് കൊച്ചി മെട്രോ സ്വന്തമാക്കിയത്. ആലുവയിൽ നിന്ന് പലാരിവട്ടം വരെയായിരുന്നു ആദ്യം സർവ്വീസ് നടത്തിയിരുന്നത്. പിന്നീടത് മഹാരാജസ് വരെ ആയപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി. പക്ഷേ അത് കുറയുന്നതാണ് മെട്രോയെ സമ്മർദ്ദത്തിലാക്കുന്നത്.