കൊച്ചി: കൊച്ചി മെട്രോയുടെ പേരിൽ ശീമാട്ടിയുടെ ബീനാക്കണ്ണന് ലക്ഷങ്ങൾ അടിച്ചെടുക്കാനുള്ള കള്ളക്കളികൾ അനുവദിക്കില്ലെന്ന് തുറന്നു പറഞ്ഞ് കെ.എം.ആർ.എൽ തവലവൻ ഏലിയാസ് ജോർജ്. ശീമാട്ടിക്കു മാത്രമായി ഒരു പ്രത്യേക നീതി നടപ്പാകാൻ അനുവദിക്കില്ല. ശീമാട്ടി ഉടമ ബീന കണ്ണന് കൂടുതൽ പണം ലഭിക്കുന്ന തരത്തിൽ കലക്ടർ രാജ മാണിക്യമുണ്ടാക്കിയ കരാർ ലംഘനം തെളിവ് സഹിതം ആദ്യമായി പുറത്തുകൊണ്ടു വന്നത് മറുനാടൻ മലയാളിയാണ്. പിന്നീട് ഇത് വൻ വിവാദമായി, തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഇത് ദ്രുത പരിശോധന നടത്താനും റിപ്പോർട്ട് ഒരു മാസത്തിനകം വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് കള്ളക്കളി നടന്നുവെന്ന് വ്യക്തമാക്കിയുള്ള ഏലിയാസ് ജോർജിന്റെ പ്രതികരണം. താൻ മെട്രോ റയിലിന്റെ എം.ഡിയായി ഇരിക്കുന്ന കാലം വരെ ഇരട്ട നീതി നടപ്പാകാൻ ആരെയും അനുവദിക്കില്ല എന്നായിരുന്നു ഏലിയാസ് ജോർജിന്റെ പ്രതികരണം.

ഏകദേശം നാനൂറോളം ആളുകളിൽ നിന്ന് നാല്പതോളം ഹെക്റ്റർ സ്ഥലം മെട്രോ റയിലിന് വേണ്ടി എടുത്തു. എന്നാൽ ഒരാൾക്ക് മാത്രമായി പ്രത്യേക നീതി അംഗീകരിക്കാനാവില്ല. അതുകൊണ്ടാണ് കരാർ റദ്ദാക്കാൻ ജില്ലകളക്റ്റ്ടർക്കു കത്തുകൊടുത്തത്. താൻ മെട്രോയുടെ തലവനായി ഇരിക്കുന്ന കാലം വരെ ഒരാൾക്ക് മാത്രം പ്രത്യേക നീതിയും, പ്രത്യേക ഇളവുകളും അംഗീക്കരിക്കാൻ സമ്മതിക്കില്ലയെന്നും ഏലിയാസ് ജോർജ് വ്യക്തമാക്കി. കൊച്ചി മെട്രോക്ക് വേണ്ടി ശിമാടിയുടെ സ്ഥലമെടുപ്പുമായി ബന്ധപെട്ടു നടന്ന വിവാദത്തിൽ ആദ്യമായാണ് ഏലിയാസ് ജോർജിന്റെ പ്രതികരണം. ഇതോടെ ശീമാട്ടിക്ക് അനധികൃതമായി ലാഭമുണ്ടാക്കാൻ ജില്ലാ കളക്ടർ കൂട്ടുനിന്നുവെന്ന് ഏലിയാസ് ജോർജ് പരോക്ഷമായി സമ്മതിക്കുകയാണ്. ഏലിയാസ് ജോർജിന്റെ ശക്തമായ നിലപാടിന് ഒടുവിലാണ് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാൻ മെട്രോയ്ക്കായത്. ഇതിനിടെയിലും കൂടുതൽ നേട്ടമുണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. മറുനാടൻ മലയാളിയാണ് ഈ കള്ളക്കളികൾ പുറത്തുകൊണ്ടു വന്നത്.

ബീന കണ്ണന്റെ സ്ഥാപനത്തിന് കൂടുതൽ പണം ലഭിക്കുന്ന വിധത്തിൽ കരാർ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് കോടതിയിൽ എത്തിയതും ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതും. മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ശീമാട്ടിക്ക് വേണ്ടി വഴിവിട്ട് സഹായം ചെയ്തുവെന്ന ആരോപണത്തിൽ ജില്ലാ കലക്ടർ എം ജി രാജമാണിക്യത്തിന് എതിരെ ദ്രൂത പരിശോധനാ അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. മെട്രോ സ്ഥലമേറ്റെടുപ്പിന്റെ പേരിൽ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും ജില്ലാ കളക്ടർ എം ജി രാജമാണിക്യവും തമ്മിൽ വീണ്ടും തുറന്ന പോരിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ശീമാട്ടിക്ക് അധികം പണം നൽകി സ്ഥലം ഏറ്റെടുക്കാമെന്ന വിധത്തിൽ കരാർ ഉണ്ടാക്കിയതാണ് വിവാദത്തിന് ആധാരം. മറ്റുള്ളവർക്കൊന്നും ഇല്ലാത്ത വിധത്തിൽ ശീമാട്ടിക്ക് വേണ്ടി പ്രത്യേകം കരാർ തയ്യാറാക്കിയത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കെഎംആർഎൽ നിലപാടെടുത്തത്. ഇക്കാര്യം കാണിച്ച് കലക്ടർക്ക് കത്തു നൽകുകയും ചെയ്തു. എന്നാൽ, ശീമാട്ടിയുമായുള്ള കരാറിലൈ ഓരോ വ്യവസ്ഥയും തയ്യാറാക്കിയത് കെഎംആർല്ലുമായി കൂടിയോലോചിച്ചെന്ന് കളക്ടർ മറുപടി നൽകുകയും ഉണ്ടായി.

കരാർ സംബന്ധിച്ച കാര്യങ്ങൾ അടുത്ത ഡയറകർ ബോർഡ് യോഗത്തിൽ വിശദമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കളക്ടർ കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന് കത്തെഴുതുകയുമുണ്ടായി. നേരത്തെ കൊച്ചി മെട്രോയ്ക്ക് ശീമാട്ടി വെറുതെ ഭൂമി കൊടുക്കുന്നു എന്ന വിധത്തിലായിരുന്നു പ്രചരണം. രേഖകൾ അനുസരിച്ച് വെറുതെ കൊടുത്തില്ല എന്ന് മാത്രമല്ല ഭൂമി ഏറ്റെടുത്ത മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ കൂടിയ വില കൊടുക്കാൻ ശ്രമം നടക്കുന്നു. കൊച്ചി മെട്രോ മുടക്കാൻ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വർദ്ധിപ്പിക്കാൻ കളക്ടർ രാജമാണിക്യം ശ്രമം നടത്തി എന്നാണ് വ്യക്തമായത്. ബീനാ കണ്ണനുമായുള്ള കരാറിൽ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടർ രാജമാണിക്യം ചേർത്തിരിക്കുന്നത്.

മെട്രോ പാതയിലെ പരസ്യങ്ങൾ വഴി അധികവിഭവ സമാഹരണത്തിന് കെ എം ആർ എൽ ഒരുങ്ങുമ്പോൾ ശീമാട്ടിയിൽ നിന് ഏറ്റെടുത്ത ഭൂമിയിൽ കെ എം ആർ എല്ലിന് പൂർണ്ണ അവകാശമില്ലെന്നും ഇവിടെമാത്രം പാർക്കിങ് പോലും പറ്റില്ലെന്ന് ജില്ലാ കലക്ടർ എഴുതി ഒപ്പിട്ടുകൊടുത്തതെന്നാണ് ആക്ഷേപം. ഇത് കളക്ടർ നിഷേധിക്കുമ്പോൾ ശീമാട്ടിയുടെ മുതലാളി ബീനാ കണ്ണൻ കരാറും അട്ടിമറിച്ചോ എന്ന സംശയമാണ് ബലപ്പെടുന്നത്. കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകിയ പാവപ്പെട്ടവർക്ക് സെന്റിന് 52 ലക്ഷം പോലും ലഭിക്കുക ഉണ്ടായില്ല. ഇതിൽ നിന്നും കുറഞ്ഞ തുക വിലപേശിയാണ് സ്ഥലം ഏറ്റെടുപ്പ് നടന്നത് എന്നിരിക്കേയാണ് വൻകിട മുതലാളിക്ക് വേണ്ടി നിയമം പോലും കാറ്റിൽപ്പറത്തുന്നത്.ഇതിനുള്ള സാഹചര്യമാണ് രാജമാണിക്യത്തിന്റെ കുറിപ്പുണ്ടാക്കിയത്. കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ ഏറ്റവും അധികം എതിർപ്പുയർത്തിയത് ശീമാട്ടി ഉടമ ബീന കണ്ണനായിരുന്നു. സ്ഥലം വിട്ടുനൽകാൻ മടി കാണിച്ചതിനെ തുടർന്ന് 20ലേറെ തവണ കെഎംആർഎൽ ബീനാ കണ്ണനുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ധാരണയിൽ ആകാത്തതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയത്.

ശീമാട്ടിയുടെ എം.ജി റോഡിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപെട്ട് ജില്ലാ ഭരണകൂടം ഉണ്ടാക്കിയ പ്രത്യേക വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നും ഇതെല്ലം മാറ്റി പുതിയകരാർ ഉണ്ടാക്കണമെന്നുമാണ് കെഎംആർഎല്ലിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് ജില്ല ഭരണകൂടത്തിനും റവന്യൂ സെക്രട്ടറിക്കും കത്തയച്ചിരുന്നു. ഈ നിലപാടുകൾ തന്നെയാണ് ഏലിയാസ് ജോർജ് പരസ്യമായി ഇപ്പോൾ തുറന്നു പറയുന്നതും.